ശബരിമല മണ്ഡല പൂജ: 25, 26 തീയതികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന് കലക്ടർ

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച് തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായും ഡിസംബർ 25, 26 തീയതികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പത്തനംതിട്ട കലക്ടർ എസ്. പ്രേംകൃഷ്ണൻ അറിയിച്ചു. 25, 26 തീയതികളിൽ വെർച്ചൽ ക്യൂ വഴിയുള്ള ബുക്കിംഗ് 50,000 മുതൽ 60,000 വരെയായി ക്രമീകരിക്കും.

സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി. 25ന് ഉച്ചക്ക് ഒന്നിനുശേഷം പമ്പയിൽനിന്ന് പരമ്പരാഗത തീർഥാടന പാതയിലൂടെ തീർഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നതിനും നിയന്ത്രണമുണ്ട്. തങ്ക അങ്കി ഘോഷയാത്ര 25ന് പമ്പയിലെത്തിയിട്ട് 6.15 ന് സന്നിധാനത്ത് എത്തിച്ചേരുന്ന സാഹചര്യത്തിൽ തീർഥാടകരെ പമ്പയിൽ നിന്ന് വൈകീട്ട് അഞ്ചിനു ശേഷം നിയന്ത്രണങ്ങൾ ഒഴിവാക്കി സന്നിധാനത്തേക്ക് കയറ്റിവിടും എന്നും കലക്ടർ അറിയിച്ചു.

ശബരിമല അയ്യപ്പ വിഗ്രഹത്തിൽ മണ്ഡല പൂജക്ക് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടിരുന്നു. ആനക്കൊട്ടിലിൽ തങ്ക അങ്കി ദർശനം നടന്നു. പ്രത്യേകം തയാറാക്കിയ രഥത്തിൽ പൊലീസിന്റെ സുരക്ഷ അകമ്പടിയോടെ ആറന്മുള കിഴക്കേ നടയിൽ നിന്നായിരുന്നു ഘോഷയാത്രക്ക് തുടക്കം.

ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ, ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാർ, ദേവസ്വം കമ്മീഷണർ സി. വി. പ്രകാശ്, മുൻ എം.എൽ.എ മലേത്ത് സരളാദേവി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. നിശ്ചിതസ്ഥലങ്ങളിൽ സ്വീകരണങ്ങൾ നൽകി. ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ ആദ്യ ദിവസ യാത്ര അവസാനിപ്പിക്കും.

നാളെ രാവിലെ എട്ടിന് വീണ്ടും പുറപ്പെടും. കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അഴൂർ ജംഗ്ഷൻ, പത്തനംതിട്ട ഊരമ്മൻകോവിൽ, പത്തനംതിട്ട ശാസ്താക്ഷേത്രം, കരിമ്പനയ്ക്കൽ ദേവീക്ഷേത്രം, ശാരദാമഠം, മുണ്ട് കോട്ടയ്ക്കൽ എസ്എൻഡിപി മന്ദിരം, കടമ്മനിട്ട ഭഗവതി ക്ഷേത്രം, കടമ്മനിട്ട ഋഷികേശ ക്ഷേത്രം, കോട്ടപ്പാറ കല്ലേലിമുക്ക്, പേഴുംകാട് എസ്എൻഡിപി മന്ദിരം, മേക്കൊഴൂർ ക്ഷേത്രം, മൈലപ്ര ഭഗവതി ക്ഷേത്രം, കുമ്പഴ ജംഗ്ഷൻ, പാലമറ്റൂർ അമ്പലമുക്ക്, പുളിമുക്ക്, വെട്ടൂർ മഹാവിഷ്ണു ക്ഷേത്ര ഗോപുരപ്പടി, ഇളകള്ളൂർ മഹാദേവ ക്ഷേത്രം, ചിറ്റൂർ മുക്ക് , കോന്നി ടൗൺ, കോന്നി ചിറക്കൽ ക്ഷേത്രംവഴി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെത്തി വിശ്രമം.

24ന് ചിറ്റൂർ മഹാദേവക്ഷേത്രം, അട്ടച്ചാക്കൽ, വെട്ടൂർ ക്ഷേത്രം, മൈലാടുംപാറ, കോട്ടമുക്ക്, മലയാലപ്പുഴ ക്ഷേത്രം, മലയാലപ്പുഴ താഴം, മണ്ണാറക്കുളഞ്ഞി ക്ഷേത്രം, തോട്ടമൺകാവ് ക്ഷേത്രം, റാന്നി രാമപുരം ക്ഷേത്രം, ഇടക്കുളം ശാസ്താക്ഷേത്രം, വടശ്ശേരിക്കര ചെറുകാവ്, വടശ്ശേരിക്കര പ്രയാർ മഹാവിഷ്ണു ക്ഷേത്രം, മാടമൺ ക്ഷേത്രം വഴി പെരുന്നാട് ശാസ്ത ക്ഷേത്രത്തിൽ വിശ്രമിക്കും. 25ന് ളാഹ സത്രം, പ്ലാപ്പള്ളി, നിലയ്ക്കൽ ക്ഷേത്രം, ചാലക്കയം വഴി ഉച്ചയ്ക്ക് 1.30ന് പമ്പയിൽ എത്തിച്ചേരും.

പമ്പയിൽ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെട്ട് വൈകിട്ട് അഞ്ചോടുകൂടി ശരം കുത്തിയിൽ എത്തി ക്ഷേത്രത്തിൽനിന്ന് ആചാരപൂർവ്വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. വൈകിട്ട് 6. 15 ന് സന്നിധാനത്ത് എത്തി 6.30 ന് തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. 26 ന് മണ്ഡലപൂജ നടക്കും.

Tags:    
News Summary - Sabarimala Mandal Puja: Collector said that restrictions have been imposed on 25th and 26th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.