ഉരുൾ ദുരന്തബാധിതർക്കുള്ള പുനരധിവാസ പദ്ധതിയിൽ നിന്ന് കുടുംബങ്ങളെ ഒഴിവാക്കാൻ ശ്രമം -കർമസമിതി

കൽപറ്റ: മുണ്ടക്കൈ ഉരുൾ ദുരന്തബാധിതർക്കായുള്ള സർക്കാറിന്റെ പുനരധിവാസ പദ്ധതിയിൽ നിന്ന് കുടുംബങ്ങളെ ഒഴിവാക്കാൻ ശ്രമമുണ്ടെന്ന് ദുരന്തബാധിത മേഖലയിലുള്ളവരുടെ കൂട്ടായ്മയായ ജനശബ്ദം കര്‍മസമിതി ഭാരവാഹികൾ ആരോപിച്ചു. പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പുകളില്‍ കുടുംബങ്ങളുടെ എണ്ണം വെട്ടിക്കുറക്കാൻ ആസൂത്രിത നീക്കമാണ് നടക്കുന്നത്. സർക്കാറിന്റെ ജോൺ മത്തായി റി​പ്പോർട്ട് ഇതിന്റെ ഭാഗമാണെന്നും ഇവർ ആരോപിച്ചു.

മുണ്ടക്കൈ ഭാഗത്ത് പുഴയുടെ 50ഉം ചൂരല്‍മല ഭാഗത്ത് 30ഉം മീറ്റര്‍ മാറിയുള്ള പ്രദേശങ്ങള്‍ വാസയോഗ്യമാണെന്നാണ് പുതിയ റിപ്പോർട്ടിലുള്ളത്. ഇത് കുടുംബങ്ങളുടെ എണ്ണം പരമാവധി കുറക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സമിതി ചെയര്‍മാന്‍ നസീര്‍ ആലയ്ക്കല്‍, കണ്‍വീനര്‍ ഷാജിമോന്‍ ചൂരല്‍മല, ഷാജി ഷണ്‍മുഖന്‍, ചെറിയാന്‍ സെയ്തലവി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

പുഴയുടെ 300 മീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങള്‍ വാസയോഗ്യമല്ലെന്നാണ് വിദഗ്ധ സമിതിയുടെ മുൻ റിപ്പോർട്ട്. എന്നാൽ പുഴയുടെ മുണ്ടക്കൈ ഭാഗത്ത് 50ഉം ചൂരല്‍മലയില്‍ 30ഉം മീറ്റര്‍ പുറത്തുള്ള പ്രദേശങ്ങള്‍ വാസയോഗ്യമാണെന്ന് ഇപ്പോൾ റിപ്പോർട്ട് നൽകി. ഇതനുസരിച്ച് സ്ഥലം സര്‍വേ ചെയ്യുന്നതിനെയാണ് ദുരന്തബാധിതര്‍ സംഘടിച്ച് തടഞ്ഞത്.

വിദഗ്ധര്‍ ബാഹ്യശക്തികളുടെ സ്വാധീനത്തിനു വഴങ്ങിയെന്ന് സംശയിക്കണം. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ പ്രകൃതിദുരന്ത സാധ്യത മറ്റൊരു വിദഗ്ധ സമിതിയെ നിയോഗിച്ച് പരിശോധിക്കണം. ഈ സമിതി തയാറാക്കുന്ന റിപ്പോര്‍ട്ടിലെ ശിപാര്‍ശ പ്രകാരം ആളുകളെ മാറ്റിപ്പാര്‍പ്പിക്കണം.

ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടമായവര്‍ ആശങ്കയിലാണ്. സ്ഥിരം പുനരധിവാസത്തിന് സര്‍ക്കാര്‍ മേപ്പാടി നെടുമ്പാലയിലും കല്‍പ്പറ്റക്കടുത്തും കണ്ടെത്തിയ തോട്ടംഭൂമികള്‍ നിയമക്കുരുക്കിലാണ്. നിയമപ്രശ്‌നങ്ങളില്ലാത്ത ഭൂമി കണ്ടെത്തി പുനരധിവാസം സമയബന്ധിതമായി നടത്തണം. താത്കാലികമായി പുനരധിവസിപ്പിച്ച കുടുംബങ്ങള്‍ വീട്ടുവാടക നല്‍കണം. മുഖ്യമന്ത്രി പ്രഖ്യാപിച്ച അടിയന്തര സഹായവും നിത്യവൃത്തിക്കുള്ള തുകയും ലഭിക്കാത്ത 131 പേര്‍ ദുരന്തബാധിത പ്രദേശങ്ങളിലുണ്ട്. പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും ലഭ്യമാക്കണം.

ദുരന്തത്തില്‍ മരിച്ചവരുടെയും കാണാതായവരുടെയും പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണം. 251 പേര്‍ മരിച്ചെന്നും 47 പേരെ കാണാതായെന്നുമാണ് സര്‍ക്കാര്‍ കണക്ക്. ഇത് വിശ്വസനീയമല്ല. കാണാതായെന്നു സര്‍ക്കാര്‍ പറയുന്ന 47 പേരുടെയും മരണസര്‍ട്ടിഫിക്കറ്റ് ബന്ധുക്കള്‍ക്ക് അനുവദിക്കണം. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ മുഴുവന്‍ വായ്പകളും എഴുതിത്തള്ളണം. ഈ വാര്‍ഡുകളിലേതായി കുടുബശ്രീ വായ്പയടക്കം ഏകദേശം 24 കോടി രൂപയാണ് എഴുതിത്തള്ളേണ്ടത്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ കെട്ടിട ഉടമകളെ ദുരന്തബാധിതരായി പ്രഖ്യാപിച്ച് സഹായം ലഭ്യമാക്കണം. ജോലി നഷ്ടമായ ചുമട്ടുതൊഴിലാളികളെ മറ്റിടങ്ങളില്‍ വിന്യസിക്കണമെന്നും കർമസമിതി ഭാരവാഹികൾ ആവശ്യ​പ്പെട്ടു. 

Tags:    
News Summary - Efforts to exclude families from rehabilitation scheme for Wayanad landslide victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.