പീ​സ് വാ​ലി​യു​ടെ മു​റ്റ​ത്ത് പ്ര​ത്യാ​ശ​യുടെ പെ​രു​ന്നാ​ൾ സ​ന്തോ​ഷ​ങ്ങ​ളു​മാ​യി ഒ​ത്തു​ചേ​ർ​ന്ന​വ​ർ

ത്യാഗനാളുകളെ അതിജീവിച്ചവർ പ്രത്യാശയുടെ നിലാവെളിച്ചം തൂകി

കോതമംഗലം: വീണ്ടെടുപ്പി‍െൻറ ഓർമകളുമായി ത്യാഗങ്ങളുടെ നാളുകളെ അതിജീവിച്ച് അവർ പെരുന്നാൾ സന്തോഷങ്ങൾ പങ്കുവെച്ചു, മഴ ഒഴിഞ്ഞ വൈകീട്ട് പീസ് വാലിയുടെ മുറ്റത്ത്. കേരളത്തി‍െൻറ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയവരാണെങ്കിലും നിറങ്ങൾ നിറഞ്ഞ യൗവനത്തിൽ വിധി വില്ലനായെത്തിയ കഥയാണ് ഇവരുടേത്.

'നാളെ പെരുന്നാൾ ആണല്ലോ' എന്ന് പറഞ്ഞ് സംസാരം ആരംഭിച്ചത് കൊല്ലം സ്വദേശിനി ഹരിതയാണ്. 28കാരി ഹരിത എം.കോം ബിരുദധാരിയാണ്. മൾട്ടിപ്പിൾ സ്ക്ലിറോസിസ് എന്ന അപൂർവ ജനിതക രോഗമാണ് ഹരിതയെ ബാധിച്ചിരിക്കുന്നത്. ഒമ്പതു വർഷമായി ഒരു പോലെയാണ് പക്ഷേ, ഇനി അങ്ങോട്ട് പുതിയ ജീവിതമാണ്.

അതുകൊണ്ട് ഇതാണ് ശരിക്കും വല്യപെരുന്നാളെന്ന് എറണാകുളം കാക്കനാട് സ്വദേശി ഇഖ്ബാലാണ് മറുപടി പറഞ്ഞത്. ഡിഗ്രി അവസാന വർഷ വിദ്യാർഥി ആയിരിക്കെ വാഹനാപകടത്തിൽ ഗുരുതര പരീക്കേറ്റ് വീൽചെയറിലാണ് ഇഖ്ബാൽ. ചികിത്സ അന്തിമ ഘട്ടത്തിൽ എത്തിയ ഇഖ്ബാലിന് ഇപ്പോൾ കാലിപ്പറി‍െൻറ സഹായത്തോടെ കുറേശ്ശ നടക്കാൻ കഴിയുന്നുണ്ട്. ഇഖ്ബാലിന് പീസ് വാലിയിൽ ജോലി നൽകാമെന്ന അധികൃതരുടെ വാഗ്ദാനവും പങ്കുവെച്ചു.

ഇടുക്കി സ്വദേശികളായ സഹോദരങ്ങൾ അക്ഷയക്കും ആദിത്യനും പെരുന്നാൾ പുതിയ അനുഭവമാണ്. സ്പാസ്റ്റിക് പാരാപ്ലീജിയ എന്ന ജനിതക രോഗമാണ് ഇരുവരെയും ബാധിച്ചിരിക്കുന്നത്. ആദിത്യൻ പ്ലസ് ടുവും അക്ഷയ പത്താം ക്ലാസും പൂർത്തിയാക്കി.

മലപ്പുറം മഞ്ചേരിക്കടുത്ത് കാരക്കുന്ന് സ്വദേശിയാണ് ഫാത്തിമ ഇർഫാന. ബി.ഫാം പഠനത്തിന് തയാറെടുക്കവെയാണ് പൊടുന്നനെ അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെടുന്നത്. ട്രാൻസ്‌വേഴ്‌സ് മൈലൈറ്റിസ് എന്ന അപൂർവ രോഗം മൂലമാണ് ഇതെന്ന് പിന്നീടാണ് കണ്ടെത്തിയത്. പീസ് വാലിയിലെ ചികിത്സക്കുശേഷം ഫാർമസി പഠനത്തിന് ചേരുമെന്നും മുന്നോട്ട് ധൈര്യപൂർവം പോകുമെന്നും നിറഞ്ഞ പുഞ്ചിരിയോടെ ഫാത്തിമ പറയുന്നു.

ലൈസൻസ് കിട്ടുമെന്നും വണ്ടി ഓടിച്ച് കോളജിൽ പോകാമെന്നും പറഞ്ഞ് ഫാത്തിമക്ക് ധൈര്യം പകർന്നത് ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി ജോബിൻ ആയിരുന്നു.സ്ട്രോക് ബാധിച്ചാണ് ജോബിൻ വീൽചെയറിൽ ആയത്. ചികിത്സക്ക്‌ ശേഷംപീസ് വാലിയുടെ സഹായത്തോടെ സ്വയം തൊഴിൽ ചെയ്തു ജീവിതം മുന്നോട്ട് കൊണ്ടുപോകാമെന്ന പ്രതീക്ഷയാണ് ജോബിന്. വാഹനാപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റതാണ് ബേസിലിന് സംസാരിക്കാൻ പ്രയാസമാകുന്നത്.

ആർത്തുല്ലസിക്കേണ്ട ചെറുപ്പത്തെ അപൂർവ രോഗങ്ങളും അപകടങ്ങളും തളർത്തിയപ്പോഴും ജീവിതത്തിലേക്ക് പതിയെ തിരിച്ചുനടക്കുകയാണ് ഇവരെല്ലാം. പ്രതീക്ഷകളുടെ തീരം തേടുന്ന ഈ ചെറുപ്പം ഒരേ സ്വരത്തിൽ പറയുന്നു അതെ ഇതാണ് വലിയ പെരുന്നാൾ.

Tags:    
News Summary - eid celebration In Peace Wallys yard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.