കോട്ടയം: ദീർഘദൂര സർവിസുകളിലെല്ലാം ക്രൂ ചേഞ്ച് സംവിധാനം നടപ്പാക്കുക അസാധ്യമെന്ന് കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ജോലി സമയം എട്ടുമണിക്കൂറായി നിജപ്പെടുത്താൻ സാങ്കേതിക ബുദ്ധിമുട്ട് നിലനിൽക്കുന്നതിനാൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം തന്നെ ഉപയോഗപ്പെടുത്താനും കെ.എസ്.ആർ.ടി.സി തീരുമാനിച്ചു.
ഇതിനായി ഏതൊക്കെ ദീർഘദൂര സർവിസുകളിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം ഏർപ്പെടുത്തണമെന്നത് സംബന്ധിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാൻ മാനേജിങ് ഡയറക്ടർ യൂനിറ്റ് ഓഫിസർമാർക്ക് നിർദേശം നൽകി. ദീർഘദൂര സർവിസുകളിലെല്ലം ഡ്രൈവർ കം കണ്ടക്ടർ സംവിധാനം മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം.
തുടർച്ചയായ ജോലി അപകടം വരുത്തിവെക്കുന്ന സാഹചര്യത്തിലാണ് എട്ടുമണിക്കൂർ ജോലി സമയം നടപ്പാക്കാൻ കോർപറേഷൻ തീരുമാനിച്ചത്. എന്നാൽ, ജീവനക്കാരുടെ കുറവും വിശ്രമസൗകര്യം ഏർപ്പെടുത്താൻ കഴിയാത്തതും യൂനിയനുകളുടെ എതിർപ്പും കണക്കിലെടുത്താണ് ഡ്രൈവർ കം കണ്ടക്ടർ സംവിധാനം വ്യപകമാക്കാൻ കോർപറേഷൻ തീരുമാനിച്ചതേത്ര.
പ്രധാന ഡിപ്പോകളിൽനിന്നുള്ള ബംഗളൂരു-മൈസൂരു സർവിസുകളിലും തിരുവനന്തപുരത്തുനിന്നുള്ള മലബാർ സർവിസുകളിലും കണ്ണൂർ, കാസർകോട്, സുൽത്താൻബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽനിന്നുള്ള തിരുവനന്തപുരം സർവിസുകളിലും ഡ്രൈവർ കം കണ്ടക്ടർ സംവിധാനം മതിയെന്നാണ് നിർദേശം. ജനുവരി 15 മുതൽ ഇത് നടപ്പാക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.