കൊച്ചി: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെ ഉടൻ നിയമിക്കണമെന്ന് ഹൈകോടതി. പകലും രാത്രിയും നാലുപേർ വീതം ഡ്യൂട്ടിയിലുണ്ടാകുന്ന തരത്തിൽ എട്ടുപേരെ നിയമിക്കണം. ഉത്തരവ് നടപ്പാക്കി ഈ മാസം 23നകം ആരോഗ്യ-കുടുംബക്ഷേമ സെക്രട്ടറി റിപ്പോർട്ട് നൽകാനും ജസ്റ്റിസ് സതീഷ് നൈനാൻ നിർദേശം നൽകി.
മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് അടുത്തിടെ നാലുപേർ ചാടിയ വിവരം മാനസികാരോഗ്യ വിഷയങ്ങളിൽ കോടതി നിയോഗിച്ച അമികസ്ക്യൂറിയാണ് ശ്രദ്ധയിൽപെടുത്തിയത്. 17കാരി കഴിഞ്ഞ ദിവസമാണ് ഇവിടെനിന്ന് ചാടിയത്. ഇതിനുമുമ്പ് മൂന്നുപേർ കടന്നുകളഞ്ഞു. രണ്ടുപേരെ മാത്രമാണ് പിടികൂടാനായത്. മഹാരാഷ്ട്ര സ്വദേശിനി ജിയറാം ജലോട്ട് അടുത്തിടെ ഇവിടെ കൊല്ലപ്പെട്ടിരുന്നു. കൊൽക്കത്ത സ്വദേശിയായ മറ്റൊരു അന്തേവാസി കൊലപ്പെടുത്തിയെന്നാണ് കേസ്.
470 അന്തേവാസികളുള്ള ആശുപത്രിയിൽ നാല് താൽക്കാലിക സെക്യൂരിറ്റി ജീവനക്കാർ മാത്രമാണുള്ളതെന്നും ഇവരിൽ മൂന്നുപേർക്ക് പകലും ഒരാൾക്ക് രാത്രിയുമാണ് ഡ്യൂട്ടിയെന്നും അമികസ്ക്യൂറി അറിയിച്ചു. തുടർന്നാണ് എട്ടുപേരെ നിയമിക്കാൻ ഉത്തരവിട്ടത്. അന്തേവാസികളുടെ എണ്ണമടക്കമുള്ള കാര്യങ്ങൾ പരിഗണിച്ച് എത്ര സെക്യൂരിറ്റി ജീവനക്കാർ വേണമെന്ന് വ്യക്തമാക്കി കോഴിക്കോട് ജില്ല ജഡ്ജി അധ്യക്ഷനായ നിരീക്ഷണ സമിതി ഒരുമാസത്തിനകം റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടു. ഹരജി 23ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.