ആലപ്പുഴ: സഞ്ജു ടെക്കിയെന്നറിയപ്പെടുന്ന ടി.എസ്. സജു കാറിൽ നീന്തൽക്കുളമൊരുക്കി യാത്ര ചെയ്യുന്നതടക്കം മോട്ടോർ വാഹന നിയമം ലംഘിച്ച് ചിത്രീകരിച്ച് അപ്ലോഡ് ചെയ്ത എട്ട് വിഡിയോകൾ യൂട്യൂബ് നീക്കി. വാഹന റേയ്സ്, മൊബൈലിൽ വിഡിയോ ചിത്രീകരിച്ചുകൊണ്ട് വാഹനം ഓടിക്കുന്നത്, ലോറിയിൽ സ്വിമ്മിങ് പൂൾ തയാറാക്കിയത് തുടങ്ങിയ വിഡിയോകളാണ് മോട്ടോർ വാഹന വകുപ്പിന്‍റെ (എം.വി.ഡി) നിർദേശത്തെ തുടർന്ന് യൂട്യൂബ് അധികൃതർ നീക്കിയത്.
നിയമലംഘന വിഡിയോകൾ പ്രദർശിപ്പിക്കുന്നതും കുറ്റകരമായതിനാൽ നീക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നോട്ടീസ് നൽകിയിരുന്നു. ഇതിനുള്ള മറുപടിയായാണ് വിഡിയോകൾ നീക്കിയെന്ന അറിയിപ്പ് യൂട്യൂബ് അധികൃതർ ചൊവ്വാഴ്ച ജില്ല മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റിന് നൽകിയത്.
യൂട്യൂബ് നീക്കംചെയ്തെങ്കിലും മറ്റ് സമൂഹമാധ്യമ പ്ലാറ്റ്ഫാമുകളിലേക്ക് ഇവ പലരും പകർത്തിയിട്ടുണ്ട്. അത്തരത്തിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ അവയും നീക്കംചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം ആർ.ടി.ഒ ആർ. രമണൻ പറഞ്ഞു.
കാറിൽ കുളമൊരുക്കിയ സംഭവത്തിൽ സജുവിന്റെ ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് ആജീവനാന്ത കാലത്തേക്ക് റദ്ദാക്കിയിരുന്നു. കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഒരുവർഷത്തേക്കും റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.