കോഴിക്കോട്: മാറാട് കലാപത്തിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി പിൻവലിപ്പിച്ചതിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. സംഘ് പരിവാർ ഭീകരതക്കെതിരെ മുതലക്കുളത്ത് സി.പി.എം സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കലാപത്തിൽ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകെൻറ മാതാവ് സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ സമർപ്പിച്ച ഹരജി ഒത്തുതീർപ്പാക്കിയതിനു പിന്നിൽ മുഖ്യ പങ്ക് വഹിച്ച ആളാണ് കുമ്മനം. അന്ന് ഹിന്ദുമുന്നണി നേതാവായിരുന്ന അദ്ദേഹം മുസ്ലിം ലീഗിലെ നേതാക്കളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം വാങ്ങി നൽകിയാണ് ഹരജി പിൻവലിപ്പിച്ചതെന്നും കരീം പറഞ്ഞു. ബി.ജെ.പി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭയക്കുന്നത് സി.പി.എമ്മിനെയാണ്. ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ച് കലാപമുണ്ടാക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്നും കരീം പറഞ്ഞു.
സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ അധ്യക്ഷത വഹിച്ചു. കെ.ഇ.എൻ. കുഞ്ഞഹമ്മദ്, കെ.പി. രാമനുണ്ണി, പി.കെ. പാറക്കടവ്, രത്നാകരൻ, മുക്കം മുഹമ്മദ്, ടി.പി. ദാസൻ, കെ. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മുസാഫർ അഹമ്മദ് സ്വാഗതം പറഞ്ഞു. മാറാട് കേസിൽ യു.ഡി.എഫും എൽ.ഡി.എഫും സി.ബി.െഎ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചിരുന്നുവെന്ന് കുമ്മനം ഞായറാഴ്ച മാറാട് സന്ദർശിച്ചപ്പോൾ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.