കൊച്ചി: ഇലന്തൂരിൽ കൊലക്കിരയായ പത്മയുടെ സ്വർണം പണയംവെച്ച ധനകാര്യ സ്ഥാപനത്തിൽ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഇവിടെനിന്ന് പണയംവെച്ച സ്വർണം പൊലീസ് വീണ്ടെടുത്തു.
കൊലപാതകത്തിന് ശേഷം പത്മയുടെ മൃതദേഹത്തിൽനിന്ന് ഊരിയെടുത്ത 39 ഗ്രാം ആഭരണം അടുത്ത ദിവസം ഷാഫി ചിറ്റൂർ റോഡിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയംവെച്ചതായി വെളിപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെയാണ് ഷാഫിയെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തത്.
ജനം തടിച്ചുകൂടിയിരുന്നതിനാൽ കനത്ത സുരക്ഷയിലാണ് പൊലീസ് ഷാഫിയെ കൊണ്ടുവന്നത്. 1,10,000 രൂപക്കാണ് ആഭരണം പണയംവെച്ചത്. വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ ഷാഫിയുടെ വീട്ടിൽനിന്ന് പണയംവെച്ച രസീത് പൊലീസ് കണ്ടെടുത്തിരുന്നു. വണ്ടി വിറ്റുകിട്ടിയ പണമാണെന്ന് പറഞ്ഞ് ഇതിൽനിന്ന് 40,000 രൂപ ഭാര്യ നബീസക്ക് നൽകിയതയി ഷാഫി വെളിപ്പെടുത്തിയിരുന്നു.
കൊച്ചി: നരബലി കേസിൽ ഫോറൻസിക് അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ഷാഫിയെയും ഭഗവൽ സിങ്ങിനെയും തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെയാണ് വിദഗ്ധ വൈദ്യപരിശോധനക്കായി കളമശ്ശേരി മെഡിക്കൽ കോളജിലെത്തിച്ചത്. ഡി.എൻ.എ പരിശോധന ഉൾപ്പെടെ വിവിധ പരിശോധനക്കായി ശരീരസ്രവങ്ങളും രക്തസാമ്പിളുകളും ശേഖരിച്ചു.
ഷാഫി മുമ്പുതന്നെ ലൈംഗിക വൈകൃതത്തിനടിമയാണ് എന്ന പൊലീസ് റിപ്പോർട്ട് ശാസ്ത്രീയമായി തെളിയിക്കാനും പൊലീസ് പദ്ധതിയിടുന്നുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറി കോംപ്ലക്സിലെ ഫോറൻസിക് ലാബിൽ മൂന്ന് മണിക്കൂറിലേറെയെടുത്താണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ആശുപത്രി പരിസരത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.