കോഴിക്കോട്: മഹാരാഷ്ട്രയിൽ നിന്ന് പൊലീസ് പിടികൂടി ആൾക്ക് എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ രൂപസാദൃശ്യമുണ്ടെന്ന് ദൃക്സാക്ഷി ലതീഷ്. പ്രതിയുടെ ശരീരഘടന നോക്കുമ്പോൾ പ്രതിയുമായി സാദൃശ്യമുണ്ടെന്നും ലതീഷ് പറഞ്ഞു.
ട്രെയിനിൽ തന്‍റെ എതിർവശത്തായി ഒരു മീറ്റർ അകലത്തിലാണ് പ്രതി നിന്നിരുന്നത്. അഞ്ചോ ആറോ സെക്കൻഡിനുള്ളിൽ വളരെ വേഗത്തിലാണ് കൃത്യം നിർവഹിച്ചത്. താൻ സീറ്റിൽ ഇരുന്നതിനാൽ പ്രതിയുടെ കൈവശമുള്ള പെട്രോൾ കുപ്പിയാണ് ആദ്യം കണ്ടത്. കുപ്പിയുടെ അടപ്പ് തുറക്കുന്നത് കണ്ട് താൻ എഴുന്നേറ്റ് പ്രതിയുടെ പുറകിലേക്ക് മാറിയെന്നും ലതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് എലത്തൂരിൽ ഓടുന്ന ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് തീകൊളുത്തുകയും മൂന്നുപേർ ട്രാക്കിൽ വീണ് ദാരുണമായി മരിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ മഹാരാഷ്ട്രയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയെന്ന് പൊലീസ് നേരത്തെ സംശയം പ്രകടിപ്പിച്ച ഉത്തർപ്രദേശ് നോയ്ഡ സ്വദേശിയായ ഷഹറൂഖ് സെയ്ഫിയെയാണ് കസ്റ്റഡിയിൽ എടുത്തത്.
മഹാരാഷ്ട്ര രത്നഗിരിയിൽവെച്ച് കേരളാ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം മഹാരാഷ്ട്ര പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. രത്നഗിരി സിവിൽ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയ ഷാറൂഖ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചൊവ്വാഴ്ച രാത്രി പിടിയിലായെന്ന് പൊലീസ് പറയുന്നു.
ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുണ്ട്. അക്രമം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ പ്രതി പിടിയിലായെന്ന വിവരം പുറത്തുവന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.