ചാലിയം (കോഴിക്കോട്): ഉംറക്കുപോയ ഉപ്പ കൊണ്ടുവരുന്ന പുത്തനുടുപ്പിട്ട്, കുഞ്ഞിക്കൈകളിൽ മൈലാഞ്ചിയണിഞ്ഞ് ചെറിയ പെരുന്നാളിനെ വരവേൽക്കാൻ കാത്തിരിക്കുമായിരുന്നു സഹറ മോൾ. എന്നാൽ, കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത ഭീകരപ്രവർത്തനത്തിന് ഇരയായപ്പോൾ കോരപ്പുഴ പാലത്തിലെ പാളങ്ങളിൽ പൊലിഞ്ഞത് കുഞ്ഞുടൽ മാത്രമല്ല, അത്തർ പൂശി കാത്തിരുന്ന കുറെ മോഹങ്ങളുമായിരുന്നു. ഇനിയവൾ പറുദീസയിലെ മാലാഖമാരോടൊപ്പം പെരുന്നാൾ ദിനത്തിൽ പാറിപ്പറക്കും.
കടലുണ്ടി ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപത്തെ ചാലിയം സ്വദേശി കുന്നുമ്മൽ വീട്ടിൽ ഒസാവട്ടത്ത് ഷുഹൈബ് സഖാഫി - ജസീല ദമ്പതികളുടെ മകൾ സഹറ ബത്തൂലിന്റെ (രണ്ടര) മരണവിവരം നാടിനെയാകെ ദുഃഖത്തിലാഴ്ത്തി. കോഴിക്കോട് എലത്തൂരിൽ ട്രെയിനിലുണ്ടായ ആക്രമണത്തെത്തുടർന്ന് പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ട്രെയിനിൽ ആക്രമണം നടന്നതും കുട്ടിയെയും മാതൃസഹോദരി റഹ്മത്തിനെയും കാണാനില്ലെന്നുമുള്ള വിവരം വീട്ടുകാർ അറിഞ്ഞിരുന്നെങ്കിലും ഇവർക്ക് ഒന്നും സംഭവിക്കരുതേ എന്ന പ്രാർഥനയിലായിരുന്നു കുടുംബം.
എന്നാൽ, പുലർച്ച 2.10നുതന്നെ മരണ വിവരം ചാലിയത്തെ ബന്ധുക്കളെ പൊലീസ് അറിയിച്ചു. ട്രെയിനിലെ ആക്രമണം നടന്നത് എല്ലാവരും അറിഞ്ഞെങ്കിലും മരിച്ചവരിൽ ചാലിയത്തെ രണ്ട് വയസ്സുകാരിയുമുണ്ടെന്ന് അറിഞ്ഞാണ് ചാലിയം നിവാസികൾ പുലർച്ച ഉറക്കമുണർന്നത്.
പിതാവ് ഷുഹൈബ് സഖാഫി ഉംറ നിർവഹിക്കാൻ സുഹൃത്തുക്കളോടൊപ്പം സൗദിയിലേക്ക് പോയതായിരുന്നു. മകളുടെ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് തിരിച്ച അദ്ദേഹം രാത്രി 7.45ന് വീട്ടിലെത്തി. മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചക്ക് 3.10ന് മൃതദേഹം വീട്ടിലെത്തിയിരുന്നു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാത്രി 8.30ന് ചാലിയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
പിതാവ് ഉംറ നിർവഹിക്കാൻ പോയതിനാലും മാതാവ് ജസീല അധ്യാപക പരിശീലന കോഴ്സിന് പോകുന്നതിനാലും സ്കൂൾ അവധി ആയതിനാലും സഹറയെ മട്ടന്നൂരിലേക്ക് കൂട്ടിക്കൊണ്ടുപോകാനുമാണ് ജസീലയുടെ സഹോദരി കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദ് രിയ മൻസിലിൽ റഹ്മത്ത് അയൽവാസിയായ യുവാവിനൊപ്പം ഞായറാഴ്ച ചാലിയത്ത് എത്തിയത്. നോമ്പുതുറന്നശേഷം സഹറയെയും കൂട്ടി ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 8.30നാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടിവ് ട്രെയിനിൽ കണ്ണൂരിലേക്ക് യാത്രയായത്. ഷുഹൈബ് - ജസീല ദമ്പതികൾക്ക് രണ്ട് പെൺമക്കളാണ്. മൂത്ത മകൾ ആയിഷ ഹന്ന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.