കണക്കിലും പ്രചാരണത്തിലും അടിപതറി ബി.ജെ.പി

മലപ്പുറം: ലക്ഷം വോട്ടിനായി കൊണ്ടുപിടിച്ച പ്രചാരണം നടത്തിയിട്ടും ബി.ജെ.പി നേതൃത്വം നൽകിയ എൻ.ഡി.എക്ക് മലപ്പുറത്ത് അടിപതറി. 970 വോട്ട് മാത്രം അധികം ലഭിച്ചത് നേതൃത്വത്തെ പോലും ഞെട്ടിച്ചു. 65,675 വോട്ടാണ് ഏഴ് മണ്ഡലങ്ങളിലും കൂടി എൻ.ഡി.എക്ക് ലഭിച്ചത്. 2014ൽ 64,705 വോട്ടുകളായിരുന്നു നേടിയത്. അതേസമയം, 2014 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ ഏഴുമണ്ഡലങ്ങളിലും കൂടി 73,447 വോട്ട് ലഭിച്ച സ്ഥാനത്താണ് ഈ തിരിച്ചടി. അന്ന് ലീഡ് നൽകിയ പല മണ്ഡലങ്ങളിലും വോട്ടുകളിൽ ഗണ്യമായ കുറവാണുണ്ടായത്. വള്ളിക്കുന്ന് മണ്ഡലത്തിൽ മാത്രമാണ് ഭേദപ്പെട്ട മുന്നേറ്റം കാഴ്ച വെക്കാനായത്. 17,190 വോട്ട് വള്ളിക്കുന്നിൽ ലഭിച്ചെങ്കിലും 2016 നിയമസഭ തെരഞ്ഞെടുപ്പിലെ കണക്ക് നോക്കുമ്പോൾ പിന്നിലുമാണ്. 22,887 ആയിരുന്നു നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടുനില. 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ 15,982 വോട്ടും ലഭിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ 11,223 വോട്ട് ലഭിച്ച മഞ്ചേരി മണ്ഡലത്തിൽ 10,159 വോട്ടാണ് ഇത്തവണ ലഭിച്ചത്. മങ്കടയിൽ 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ 8,279 വോട്ടും 2016  നിയമസഭ തെരഞ്ഞെടുപ്പിൽ 6,641ഉം ലഭിച്ചപ്പോൾ 7,664 വോട്ടാണ് ഇക്കുറി ലഭിച്ചത്. 

2014, 16 വർഷങ്ങളിൽ പെരിന്തൽമണ്ണയിൽ യഥാക്രമം 7,356ഉം 5,917ഉം ആയിരുന്നു ബി.ജെ.പി വോട്ട്. എന്നാൽ, 7,494 വോട്ടാണ് ഇപ്പോൾ നേടിയത്. മലപ്പുറം മണ്ഡലത്തിൽ ഓരോ തെരഞ്ഞെടുപ്പിലും വോട്ട് വർധിപ്പിച്ച ബി.ജെ.പിക്ക് ഇത്തവണ 6,000 വോട്ടുപോലും തികക്കാനായില്ല. 2014 ലോക്സഭയിൽ 5,772, 2016 നിയമസഭ തെരഞ്ഞെടുപ്പിൽ 7,211 എന്നിങ്ങനെയായിരുന്നു മലപ്പുറം മണ്ഡലത്തിലെ വോട്ടുനിലയെങ്കിൽ ഇക്കുറി അത് 5,896 ആണ്. കൊണ്ടോട്ടി മണ്ഡലത്തിൽ 11,317 വോട്ടാണ് ഇത്തവണ ലഭിച്ചത്. 10,960, 12,513 എന്നിങ്ങനെയായിരുന്നു ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണം. ന്യൂനപക്ഷ വോട്ടുകൾ ഏറെയുള്ള മണ്ഡലത്തിൽ ആ ചേരിയിൽനിന്നുതന്നെ തങ്ങൾക്ക് വോട്ടുലഭിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു സ്ഥാനാർഥി എൻ. ശ്രീപ്രകാശും നേതാക്കളും. എന്നാൽ, നിഷ്പക്ഷ ൈഹന്ദവവോട്ടുകൾ പോലും ലഭിച്ചില്ല. എങ്ങനെ നോക്കിയാലും 90,000 വോട്ടെങ്കിലും ബി.ജെ.പി പ്രതീക്ഷിച്ചിരുന്നു.


മൂന്ന് തപാൽ വോട്ടുകളും ബി.ജെ.പിക്ക്
മലപ്പുറം: മൂന്ന് തപാൽ വോട്ടേ ലഭിച്ചുള്ളൂവെന്നതാണ് മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ മറ്റൊരു പ്രത്യേകത. ഇത് മൂന്നും നേടിയതാവട്ടെ ബി.ജെ.പി സ്ഥാനാർഥി എൻ. ശ്രീപ്രകാശാണ്. പി.കെ. കുഞ്ഞാലിക്കുട്ടിക്കും എം.ബി. ഫൈസലിനും ഒന്നുപോലും ലഭിച്ചില്ല. 1478 സർവിസ് വോട്ടർമാർ ഉള്ളിടത്താണിത്. 2014ൽ 531 തപാൽവോട്ട് പോൾ ചെയ്തിരുന്നു. എൽ.ഡി.എഫ് 209, യു.ഡി.എഫ് 203, എൻ.ഡി.എ 62 എന്നിങ്ങനെയാണ് അന്ന് കിട്ടിയത്. 

Tags:    
News Summary - by election 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.