കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ബൂത്തുകളിൽനിന്ന് ശേഖരിച്ചത് 309 ടൺ മാലിന്യം. ഓരോ ജില്ലയിലും ശരാശരി 22 ടൺ മാലിന്യമാണ് ഉണ്ടായതെന്നാണ് ഹരിതകേരള മിഷെൻറ കണക്ക്. പാഴ്പേപ്പറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് ശേഖരിച്ചതിൽ കൂടുതൽ.
112 ടൺ പ്ലാസ്റ്റിക്കും 125 ടൺ പാഴ് പേപ്പറുകളുമാണ് ഹരിതകർമസേന ശേഖരിച്ചത്. ഭക്ഷണാവശിഷ്്ടം മാത്രം 65 ടൺ. മറ്റുമാലിന്യങ്ങൾ ഏഴ് ടണ്ണും. മാസ്ക് ഉൾപ്പെടെ മെഡിക്കൽ മാലിന്യങ്ങളുടെ അളവ് കണക്കാക്കിയിട്ടില്ല. ഇത് ശേഖരിച്ച് കെട്ടുകളാക്കി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് കീഴിലെ ഇമേജിന് സംസ്കരണത്തിനായി ഇവ കൈമാറുമെന്ന് ഹരിത കേരള മിഷൻ അറിയിച്ചു.
40771 ബൂത്തുകളാണ് സജ്ജീകരിച്ചത്. അടുത്ത തെരഞ്ഞെടുപ്പിൽ പൊതുവിടങ്ങളിൽ സ്ഥാപിക്കുന്ന പ്രചാരണ ബോർഡുകളും പോസ്റ്ററുകളും അതത് പാർട്ടികളുടെ ഉത്തരവാദിത്തത്തിൽതന്നെ നീക്കണമെന്ന വ്യവസ്ഥ കൊണ്ടുവരാൻ െതരഞ്ഞെടുപ്പ് കമീഷനോട് അഭ്യർഥിച്ചിട്ടുണ്ട്. ശേഖരിച്ച മാലിന്യത്തിെൻറ ഇരട്ടിയിലധികമാണ് പ്രചാരണ സാമഗ്രികൾ മൂലമുണ്ടായത്. പ്ലാസ്റ്റിക് ഉൽപന്നങ്ങളും ഡിസ്പോസിബിൾ വസ്തുക്കളും പ്രചാരണത്തിനുപയോഗിച്ചാൽ 5426 ടൺ മാലിന്യം ഉണ്ടാകുമെന്നാണ് മിഷൻ കണക്കാക്കിയത്.
ബാനറുകളും ഹോർഡിങ്ങുകളും പോസ്റ്ററുകളും മാത്രം 2250 ടൺ ഉണ്ടാകുമെന്നും പ്ലാസ്റ്റിക് കുപ്പികൾ മാത്രം 1050 ടൺ വരുമെന്നും കണക്കാക്കിയിരുന്നു. എന്നാൽ, ബോധവത്കരണത്തിലൂടെ മാലിന്യത്തിെൻറ അളവ് കുറക്കാൻ കഴിഞ്ഞുവെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പിന് ശേഷം രാത്രിതന്നെ ഹരിതകർമ സേനാംഗങ്ങൾ സ്കൂളുകൾ വൃത്തിയാക്കി.
പൊതുസ്ഥലത്തെ പോസ്റ്ററുകളും ബോർഡുകളും സ്ഥാനാർഥികൾതന്നെ നീക്കിത്തുടങ്ങിയെങ്കിലും ഇത് പൂർണമായിട്ടില്ല. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കണമെന്ന് നിർദേശിച്ചെങ്കിലും പാലിക്കപ്പെട്ടില്ല.
5426 ടൺ മാലിന്യമാണ് പൊതുസ്ഥലത്തുണ്ടാവുകയെന്ന് കണക്കാക്കിയതെങ്കിലും അതിലും കൂടുതലാകാനാണ് സാധ്യത. കോവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ ഡിസ്പോസിബിൾ വസ്തുക്കൾ കൂടുതൽ ഉപയോഗിച്ചിട്ടുണ്ട്.
മാലിന്യം കുറക്കേണ്ടത് ചൂണ്ടിക്കാട്ടി സ്ഥാനാർഥികൾക്കായി കൈപ്പുസ്തകം പുറത്തിറക്കിയിരുന്നു. തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാനുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തി പ്രത്യേക ഉത്തരവും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.