കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കാതെ യാക്കോബായ, ഓർത്തഡോക്സ് സഭകൾ. ഇരുസഭകളുടെയും പിന്തുണ ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് ആരവം ഉയരുംമുന്നേ മൂന്ന് മുന്നണികളും നീക്കം നടത്തിയിരുന്നു. മലങ്കര സഭ തർക്കത്തിൽ വലിയ നഷ്ടം നേരിട്ട യാക്കോബായ സഭ മുൻ തെരഞ്ഞെടുപ്പുകളിൽ പരസ്യമായ ഇടത് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ, ഇക്കുറി അത്തരത്തിൽ നിലപാട് പ്രഖ്യാപിക്കാനിടയില്ല. സഭയുടെ അവസാന പ്രതീക്ഷയായ മലങ്കര ചർച്ച് ബില്ലിൽ തീരുമാനമെടുക്കാത്ത സംസ്ഥാന സർക്കാർ നടപടി സഭാംഗങ്ങളിൽ വലിയ അതൃപ്തിയാണുണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പരസ്യമായ നിലപാട് പൊട്ടിത്തെറിക്ക് കാരണമാകുമെന്ന ആശങ്കയാണ് സഭ നേതൃത്വത്തിനുള്ളത്.
എന്നാൽ, മുഖ്യമന്ത്രിയടക്കമുള്ള ഭരണനേതൃത്വം കാണിക്കുന്ന മൃദുസമീപനംമൂലം അവരെ പിണക്കുന്നതിനും സഭക്ക് പരിമിതികളുണ്ട്. ഇടുക്കി, ചാലക്കുടി, കോട്ടയം മണ്ഡലങ്ങളിലാണ് സഭക്ക് വലിയ സ്വാധീനമുള്ളത്. സംസ്ഥാന സർക്കാർ യാക്കോബായ സഭക്കനുകൂലമാണെന്ന ചിന്തയാണ് ഓർത്തഡോക്സ് വിഭാഗത്തിനുള്ളത്. മലങ്കര ചർച്ച് ബില്ലിനായുള്ള പ്രചാരണംതന്നെ സഭക്കനുകൂലമായി ലഭിച്ച സുപ്രീംകോടതി വിധി അപ്രസക്തമാക്കാനാണെന്നാണ് അവരുടെ ആരോപണം. മുഖ്യമന്ത്രിയടക്കമുള്ളവരുടെ മൗനസമ്മതത്തോടെയാണ് ഈ പ്രചാരണമെന്നും അതുകൊണ്ട് സംസ്ഥാന ഭരണത്തെ അനുകൂലിക്കേണ്ടെന്നുമുള്ള നിലപാടാണ് പൊതുവേ സഭയിലുയരുന്നത്. ഇത് പൊതുവേ യു.ഡി.എഫിന് അനൂകൂലമായി മാറാനിടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.