തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ മാനേജ്മെന്‍റും സി.പി.എം അനുകൂല ഓഫിസേഴ്സ് അസോസിയേഷനുമായി ഒരു മാസത്തിലേറെ നീണ്ട ഭിന്നത ഒത്തുതീർന്നു. അസോസിയേഷൻ നേതാക്കളുടെ സ്ഥലംമാറ്റം പുനഃപരിശോധിക്കും. തിരികെ അതേ സ്ഥലത്ത് നിയമിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഊർജ സെക്രട്ടറി രാജേഷ് കുമാർ സിൻഹയുടെ അധ്യക്ഷതയിൽ വൈദ്യുതി ബോർഡ് മാജേജ്മെന്‍റും അസോസിയേഷൻ നേതാക്കളുമായി നടന്ന ചർച്ചയിലാണ് ധാരണ. ധാരണയുടെ അടിസ്ഥാനത്തിൽ ഓഫിസേഴ്സ് അസോസിയേഷൻ തുടർ സമരം പിൻവലിച്ചു. വ്യാഴാഴ്ച മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ചർച്ചയുടെ തുടർച്ചയായിരുന്നു ഇത്. സമരത്തിൽ ബന്ധപ്പെട്ടവരുമായി ചർച്ച നടത്താൻ ഹൈകോടതി ഊർജ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. ചർച്ചയുടെ അടിസ്ഥാനത്തിൽ ഊർജ സെക്രട്ടറി ഹൈകോടതിക്ക് റിപ്പോർട്ട് നൽകും. അസോസിയേഷൻ പ്രസിഡന്‍റ് എം.ജി. സുരേഷ്കുമാറിനെ പെരിന്തൽമണ്ണയിലേക്കും സെക്രട്ടറി ഹരികുമാറിനെ പാലക്കാട്ടേക്കും ജാസ്മിൻ ബാനുവിനെ സീതത്തോട്ടിലേക്കുമാണ് മാറ്റിയത്.
അച്ചടക്ക നടപടി നേരിട്ട ഇവർക്ക് തലസ്ഥാനത്തേക്ക് മാറ്റം നൽകും. ഒഴിവ് വരുന്ന മുറക്കാകും ഇത്. സെക്രട്ടറി ബി. ഹരികുമാറിന്‍റെ തടഞ്ഞുവെച്ച പ്രമോഷൻ അനുവദിക്കും. ബോർഡ് റൂമിലേക്ക് തള്ളിക്കയറിയ 19 പേരുടെ കാര്യത്തിൽ കടുത്ത നടപടിയുണ്ടാകില്ല. ലഭിക്കുന്ന വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ ചെറു നടപടികളോടെ അവസാനിക്കും.
സമരത്തിൽ പങ്കെടുത്തതിന് ഏർപ്പെടുത്തിയ ഡയസ്നോൺ പിൻവലിക്കുന്നതിൽ നിയമപരമായ പരിശോധന നടത്തും. ഒഴിവാക്കുമെന്ന ഉറപ്പ് സർക്കാർ നൽകിയില്ല. സംഘടനാ പ്രവർത്തനങ്ങൾക്ക് വൈദ്യുതി ബോർഡിൽ സ്വാതന്ത്ര്യമുണ്ടാകും. എന്നാൽ, പരസ്യ ആക്ഷേപമുന്നയിക്കും മുമ്പ് മാനേജ്മെന്‍റുമായി ചർച്ച നടത്തണമെന്നും ധാരണയായി. ഭാവിയിൽ വിയോജിപ്പുണ്ടായാൽ പരിഹരിക്കാൻ നോഡൽ ഓഫിസറായി ഫിനാൻസ് ഡയറക്ടറെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.