വൈദ്യുതി വാങ്ങല്‍: ബോര്‍ഡ് കേന്ദ്രാനുമതി തേടുന്നു

കൊച്ചി: സംസ്ഥാനത്തിന്‍െറ വൈദ്യുതി പ്രതിസന്ധി മറികടക്കുന്നതിന് സ്വകാര്യ കമ്പനികളുമായുണ്ടാക്കിയ കരാര്‍ നടപ്പാക്കി കിട്ടാന്‍ വൈദ്യുതി ബോര്‍ഡ് കേന്ദ്ര സഹായം തേടി. പ്രതിദിനം 865 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ഉണ്ടാക്കിയ കരാര്‍ സംസ്ഥാന റെഗുലേറ്ററി കമീഷന്‍ തടഞ്ഞ സാഹചര്യത്തിലാണിത്.
ബോര്‍ഡ് ചെയര്‍മാന്‍ കേന്ദ്ര ഊര്‍ജ സെക്രട്ടറിയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. കേരളം നേരിടുന്ന രൂക്ഷമായ പ്രതിസന്ധി ചൂണ്ടിക്കാട്ടിയും റെഗുലേറ്ററി കമീഷന്‍െറ നിലപാട് ചോദ്യം ചെയ്തും കത്ത് നല്‍കിയതിന് പിന്നാലെയായിരുന്നു ഊര്‍ജ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ച. കേന്ദ്രം നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ബോര്‍ഡ് വൈദ്യുതി വാങ്ങല്‍ കരാറുണ്ടാക്കിയതെന്ന ന്യായം പറഞ്ഞാണ് റെഗുലേറ്ററി കമീഷന്‍ ഉടക്കിയത്. ഈ വര്‍ഷം ഡിസംബര്‍ മുതല്‍ 450 മെഗാവാട്ടും അടുത്ത ഒക്ടോബര്‍ മുതല്‍  400 മെഗാവാട്ടും വൈദ്യുതി സ്വകാര്യ മേഖലയില്‍നിന്ന് വാങ്ങാന്‍ ഉണ്ടാക്കിയ കരാറാണ് ഇതോടെ അനിശ്ചിതത്വത്തിലായത്്.

കാലവര്‍ഷം ചതിച്ചത് കൂടാതെ തുലാമഴ മടിച്ചുനില്‍ക്കുന്നതും വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയിരിക്കെ സ്വകാര്യ വൈദ്യുതിയെ ആശ്രയിക്കാതെ മുന്നോട്ടുപോകാനാകില്ളെന്ന സ്ഥിതിയിലാണ് വൈദ്യുതി മന്ത്രിയുടെകൂടി നിര്‍ദേശ പ്രകാരം ചെയര്‍മാന്‍ കേന്ദ്രത്തെ സമീപിച്ചത്. കേന്ദ്ര വിഹിതമായി ലഭിക്കുന്ന 1300 മെഗാവാട്ട് ആഭ്യന്തര വൈദ്യുതി ഉല്‍പാദനത്തില്‍ വളരെ പിന്നില്‍ നില്‍ക്കുന്ന കേരളത്തിന് ഒന്നുമാകില്ല. ഈ സാഹചര്യത്തിലാണ് സ്വകാര്യ കമ്പനികളില്‍നിന്ന് 25 വര്‍ഷത്തേക്ക് നിരക്ക് പരമാവധി കുറച്ച് വൈദ്യുതി വാങ്ങാന്‍ 2014  ഡിസംബറില്‍ കരാറുണ്ടാക്കിയത്. മഴ ആവശ്യത്തിന് ലഭിച്ചാല്‍ പോലും സ്വകാര്യ വൈദ്യുതി വാങ്ങാതെ മുന്നോട്ടുപോകാനാവില്ളെന്ന് വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ എന്‍. വേണുഗോപാല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ആവശ്യമായതിന്‍െറ 35 ശതമാനംവരെ മാത്രമാണ് ഉല്‍പാദനം. കുറഞ്ഞ നിരക്കില്‍ ക്വട്ടേഷന്‍ സമര്‍പ്പിച്ചവരില്‍നിന്നാണ് വാങ്ങല്‍ കരാറുണ്ടാക്കിയത്.

സംസ്ഥാനത്തിന്‍െറ പൊതു താല്‍പര്യത്തിനോ ഉപഭോക്താക്കള്‍ക്കോ ദോഷകരമായ നിര്‍ദേശങ്ങളൊന്നും കരാറിലില്ല. കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതീക്ഷ. കേന്ദ്ര റെഗുലേറ്ററി കമീഷനില്‍ കേസ് നല്‍കിയാണ് വൈദ്യുതി കൊണ്ടുവരുന്നതിന് ട്രാന്‍സ്മിഷന്‍ ലൈന്‍ തരപ്പെടുത്തിയത്. 2019 മുതലേ ലൈന്‍ അനുവദിക്കൂ എന്ന കേന്ദ്ര നിലപാട് തിരുത്തിക്കാനാണിത്. സംസ്ഥാന റെഗുലേറ്ററി കമീഷന്‍ വാങ്ങല്‍ അനുമതി നല്‍കാത്ത സാഹചര്യമുണ്ടായി കരാര്‍ റദ്ദായാല്‍ മൂന്ന് വര്‍ഷത്തിന് ശേഷമേ ഇനി ലൈനിന് അനുമതി ലഭിക്കൂ. ഇത് കേരളത്തെ ഇരുട്ടിലാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - electricity central govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.