ലൈന്‍ ശേഷിയില്ല; സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള വൈദ്യുതി കൊണ്ടുവരാന്‍ ലൈന്‍ ശേഷിയില്ലാത്തത് സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി സൃഷ്ടിക്കും. പുറത്തുനിന്ന് വൈദ്യുതി യഥേഷ്ടം ലഭിക്കുന്ന സാഹചര്യമാണ് നിലവില്‍. ഇടവപ്പാതിയും തുലാവര്‍ഷവും ചതിച്ചതോടെ അണക്കെട്ടുകളില്‍ വെള്ളം കുറഞ്ഞതിനാല്‍ പുറം വൈദ്യുതിയെ ആശ്രയിച്ചാണ് മാസങ്ങളായി നിയന്ത്രണം ഒഴിവാക്കി മുന്നോട്ടുപോകുന്നത്. പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കാനാകാതെ വന്നാല്‍ സ്ഥിതി ഗുരുതരമാവും. അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ ശ്രമംനടത്തുകയാണെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നുണ്ടെങ്കിലും സ്ഥിതി പ്രതികൂലമായാല്‍ നിയന്ത്രണമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ളെന്നും വ്യക്തമാക്കി.

ഇപ്പോഴത്തെ ലൈന്‍ ശേഷിയില്‍ 2450 മെഗാവാട്ട് വൈദ്യുതിയാണ് പുറത്തുനിന്ന് എത്തിക്കാനാകുക. ഇപ്പോഴത്തെ ഉപയോഗത്തിന് ഇത് മതി. എന്നാല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 3800-3900 മെഗാവാട്ടാണ് വേണ്ടിവരിക. അത് കൊണ്ടുവരാനുള്ള ലൈന്‍ ശേഷിയില്ല. ഇടമണ്‍-കൊച്ചി ലൈന്‍ കൂടി യാഥാര്‍ഥ്യമായിരുന്നെങ്കില്‍ ആശ്വാസം ലഭിക്കുമായിരുന്നെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു. 1000 മെഗാവാട്ട് കൂടി പുറത്തുനിന്ന് എങ്ങനെ കൊണ്ടുവരാമെന്നതിനെക്കുറിച്ചാണ് ആലോചന. കായംകുളമടക്കം താപവൈദ്യുതി ലഭ്യമാണെങ്കിലും അവക്ക് വിലകൂടുതലാണ്.

അണക്കെട്ടുകളില്‍ ആകെ 45 ശതമാനം വെള്ളം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇതുപയോഗിച്ച് 1873.11 ദശലക്ഷം വൈദ്യുതിയേ ഉല്‍പാദിപ്പിക്കാനാകൂ. അണക്കെട്ടുകളിലെ അടിഭാഗത്തെ വെള്ളം ഉപയോഗിക്കാനാകില്ല. മാത്രമല്ല 400 മെഗാവാട്ടിനുള്ള വെള്ളം ജൂണ്‍ ഒന്നിലേക്ക് കരുതണമെന്ന ചട്ടവുമുണ്ട്. ഏതാനും മാസങ്ങളായി ജല വൈദ്യുതി ഉല്‍പാദനം ബോര്‍ഡ് വെട്ടിക്കുറച്ചിരുന്നു. പത്ത് ദശലക്ഷത്തില്‍ താഴെയാണ് ഉല്‍പാദനം. പുറംവൈദ്യുതി കിട്ടുന്നതുകൊണ്ടാണ് ഇങ്ങനെ കുറയ്ക്കാനായത്. അല്ളെങ്കില്‍ വെള്ളം പൂര്‍ണമായി തീരുകയും കേരളം ഇരുട്ടിലാവുകയും ചെയ്യുമായിരുന്നു. വ്യാഴാഴ്ചത്തെ കണക്ക് നോക്കിയാല്‍ 2014ല്‍ ഇതേസമയത്തുള്ളതിന്‍െറ പകുതി വെള്ളം മാത്രമാണുള്ളത്. അന്ന് 3646.08 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമുണ്ടായിരുന്നു. ഇപ്പോഴത് 1873ഉം. വ്യാഴാഴ്ച 63.73 ദശലക്ഷം യൂനിറ്റാണ് ഉപയോഗം. ഇതില്‍  56.15 ദശലക്ഷം യൂനിറ്റും പുറത്തുനിന്ന്  കൊണ്ടുവന്നതാണ്. 7.32 ദശലക്ഷം യൂനിറ്റ് മാത്രമാണ് ജലവൈദ്യുതി. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഉപയോഗം 80 ദശലക്ഷം യൂനിറ്റ് കടന്നിരുന്നു. അതായത് വരുംദിവസങ്ങളില്‍ ഉപയോഗം കുതിച്ചുയരും. പ്രത്യേകിച്ചും പരീക്ഷകള്‍ വരുകയും ചൂട് ഏറുകയും ചെയ്യുമ്പോള്‍.

ഏറ്റവുംവലിയ പദ്ധതിയായ ഇടുക്കിയില്‍ വെറും 37 ശതമാനം വെള്ളം മാത്രമേ അവശേഷിക്കുന്നുള്ളൂ. ശബരിഗിരിയുടെ പമ്പ-കക്കി അണക്കെട്ടുകളില്‍ 49 ശതമാനവും. ഷോളയാര്‍ 77, ഇടമലയാര്‍ 56, കുണ്ടള 64, മാട്ടുപ്പെട്ടി 63, കുറ്റ്യാടി 53, താരിയോട് 66, ആനയിറങ്കല്‍ 35, പൊന്മുടി 24, നേര്യമംഗലം 69, പെരിങ്ങല്‍ 23, ലോവര്‍പെരിയാര്‍ 26 എന്നിങ്ങനെയാണ് മറ്റുള്ളവയിലെ ജലനിരപ്പ്. ഈ വര്‍ഷം ഇതുവരെ വെറും 3,181 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ് സംസ്ഥാനത്ത് കിട്ടിയത്.  2013ല്‍ മഴ തീരെ കുറഞ്ഞിട്ടുപോലും 3523.52 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ലഭിച്ചിരുന്നു.

Tags:    
News Summary - electricity issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.