മാനന്തവാടി: വീട്ടുമുറ്റത്ത് കിടത്തിയ അജീഷിന്റെ ചേതനയറ്റ ശരീരം കണ്ട് കരയാൻ കണ്ണീരില്ലായിരുന്നു മാതാവ് എൽസിക്കും ഭാര്യ ഷീബക്കും മക്കളായ അലനും അൽനക്കും. ചങ്കുപൊട്ടി കരഞ്ഞുതളർന്ന അവരുടെ ദയനീയാവസ്ഥയിൽ കണ്ണുനിറയാത്ത ആരുമുണ്ടായിരുന്നില്ല ചുറ്റും. കാട്ടാനപ്പകയിൽ ജീവൻ പൊലിഞ്ഞ പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷിന്റെ വീട്ടിൽ ശനിയാഴ്ച രാവിലെ മുതൽ ഒഴുകിയെത്തിയ ജനസാഗരത്തിനു മുന്നിൽ കരഞ്ഞുതളർന്ന് അവർ കിടന്നു. ആ കാഴ്ച കണ്ട് വേദനയോടെ നിശ്ചലരായി നാട്ടുകാരും ബന്ധുക്കളും. നാടിനു പ്രിയങ്കരനായിരുന്നു അജീഷ്. ആ വേർപാട് താങ്ങാനാവാതെ വന്നവർ തേങ്ങി. ചേതനയറ്റ ശരീരം വീട്ടുമുറ്റത്തുനിന്ന് പള്ളിയിലേക്കെടുത്തപ്പോള്‍ അടക്കിപ്പിടിച്ച തേങ്ങലുകൾ അലമുറകള്‍ക്കു വഴിമാറി. ശനിയാഴ്ച പുലര്‍ച്ചെ ചിരിക്കുന്ന മുഖവുമായി വീട്ടില്‍നിന്നിറങ്ങിയ പ്രിയപ്പെട്ടവന്റെ തണുത്തുറഞ്ഞ ശരീരം അവസാന നോക്കു കണ്ടപ്പോള്‍ ഷീബ ഏങ്ങലടിച്ചു കരഞ്ഞു.
മാനന്തവാടി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി ശനിയാഴ്ച രാത്രി 9.45ഓടെ വിലാപയാത്രയായാണ് അജീഷിന്റെ മൃതദേഹം പടമലയിലെ വീട്ടിലെത്തിച്ചത്. അപ്പോഴും നൂറുകണക്കിന് ആളുകള്‍ വീട്ടില്‍ തടിച്ചുകൂടിയിരുന്നു. ശനിയാഴ്ച രാവിലെ തുടങ്ങിയ ജനപ്രവാഹം വിലാപയാത്ര ആരംഭിക്കുന്നതുവരെ തുടര്‍ന്നു. ആളുകള്‍ കൂട്ടത്തോടെ എത്തിയതോടെ ഗതാഗതം പൂർണമായി സ്തംഭിച്ചു.
കൂടുതല്‍ വാഹനങ്ങള്‍ എത്തിയതോടെ അജീഷിന്റെ വീടിന്റെ മുന്‍വശത്തെ റോഡിന് ഇരുവശങ്ങളിലും പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചക്ക് 2.50ഓടെ മാനന്തവാടി രൂപത പ്രൊക്യുറേറ്റർ ഫാ. ജോസ് കൊച്ചറയ്ക്കൽ, പടമല ഇടവക വികാരി ഫാ. ജോർജ് തേരകം എന്നിവരുടെ നേതൃത്വത്തിൽ മരണാനന്തര ശുശ്രൂഷകൾ നടത്തി. മൃതദേഹം പള്ളിയിലേക്ക് എടുക്കാൻ നേരം വിടവാങ്ങൽ ഗാനത്തിനിടെ കൂട്ടക്കരച്ചിലുയർന്നു. ഉമ്മവെക്കണമെന്ന മകൾ അൽനയുടെ ആഗ്രഹവും നിറവേറ്റി മൂന്നരയോടെ മൃതദേഹം വിലാപയാത്രയായി പടമല സെന്റ് അൽഫോൻസ പള്ളിയിലേക്ക് കൊണ്ടുപോയി. ദേവാലയത്തിൽ നടത്തിയ ശുശ്രൂഷകൾക്ക് മാനന്തവാടി രൂപതാധ്യക്ഷൻ ജോസ് പൊരുന്നേടം മുഖ്യകാർമികനായി.
ഇടവക വികാരി ഫാ. ജോർജ് തേരകം സഹകാർമികത്വം വഹിച്ചു. 5.15ഓടെ മൃതദേഹം സംസ്കരിച്ചു. അജീഷിന്റെ കുടുംബത്തിന് അടിയന്തര സഹായമായി അനുവദിച്ച 10 ലക്ഷം രൂപ ഇന്ന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.