കൊച്ചി: ഉത്സവങ്ങളിലുള്‍പ്പെടെ ആനകളെ എഴുന്നളിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് ഹൈകോടതി. ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും പരിഗണിച്ചാണ് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ ദേവസ്വങ്ങള്‍ പിടിവാശി കാണിക്കരുതെന്നും ഹൈകോടതി വ്യക്തമാക്കി.
രണ്ടാനകള്‍ക്കിടയില്‍ മൂന്ന് മീറ്റര്‍ ദൂരപരിധി ഉറപ്പാക്കണമെന്ന് ഹൈകോടതി പുറത്തിറക്കിയ മാര്‍ഗരേഖയിൽ തൃപ്പൂണിത്തുറ ക്ഷേത്രോത്സവത്തിനടക്കം ഇളവ് വേണമെന്നായിരുന്നു ആവശ്യം.
ആനകളെ ഉത്സവങ്ങളില്‍ എഴുന്നളളിക്കുന്നത് ഒഴിവാക്കാൻ പറ്റാത്ത മതാചാരമാണെന്ന് പറയാനാകില്ല. അകലപരിധി കുറയ്ക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ കോടതിയെ അറിയിക്കാം. അഭിപ്രായങ്ങള്‍ പരിഗണിച്ച് മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താൻ പറ്റില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
രാജാവിന്റെ കാലം മുതല്‍ നടക്കുന്നുവെന്നതിന്റെപേരില്‍ ഇളവ് അനുവദിക്കാനാകില്ല. രാജവാഴ്ച അവസാനിച്ചു, ഇപ്പോള്‍ ജനാധിപത്യമാണ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാന്‍ പറ്റൂ. അനിവാര്യമായ മതാചാരങ്ങള്‍ മാത്രമേ അനുവദിക്കൂവെന്നും കോടതി കൂട്ടിച്ചേർത്തു.
അതേസമയം ഹൈകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പൂരാഘോഷം ചുരുക്കേണ്ടിവരുമെന്ന് തിരുവമ്പാടി ദേവസ്വം പറഞ്ഞു. പുതിയ നിയന്ത്രണങ്ങള്‍ തടസങ്ങള്‍ സൃഷ്ടിക്കും. ഒരാനപ്പുറത്ത് ശീവേലി പോലെ നടത്തേണ്ടി വരും. ഇത് പൂരത്തിന്റെ ഭംഗിയും പ്രൗഡിയും ഇല്ലാതാക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും കോടതിയെ എതിര്‍ക്കാനില്ലെന്നും തിരുവമ്പാടി ദേവസ്വം പ്രതികരിച്ചു. ആചാരത്തെ അതിന്റേതായ രീതിയില്‍ ഉള്‍ക്കൊണ്ട് ഇളവുകള്‍ കൊണ്ടുവരണമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.