കൊച്ചി: കേരള സാങ്കേതിക സർവകലാശാല (കെ.ടി.യു) താൽക്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തത തേടി ചാൻസലർ കൂടിയായ ഗവർണർ നൽകിയ ഹരജി ഹൈകോടതി തീർപ്പാക്കി.
താൽക്കാലിക വി.സി നിയമനം സർക്കാർ നൽകുന്ന പട്ടികയിൽനിന്ന് ആകണമെന്നും അതേസമയം, സാങ്കേതിക സർവകലാശാലയിലെ പ്രത്യേക സാഹചര്യത്തിൽ നിയമനം റദ്ദാക്കുന്നില്ലെന്നുമായിരുന്നു സിസ തോമസിന്‍റെ നിയമനം ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹരജിയിൽ 2023 ഫെബ്രുവരിയിൽ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ്.
കണ്ണൂർ സർവകലാശാല വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച സർക്കാർ നടപടി റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സിസ കേസിലെ ഡിവിഷൻ ബെഞ്ച് ഉത്തരവിൽ വ്യക്തത വരുത്തണമെന്നായിരുന്നു ചാൻസലറുടെ ആവശ്യം.
സിസ തോമസ് കേസിൽ കെ.ടി.യു ആക്ടിന്‍റെയും അന്നത്തെ സാഹചര്യത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കെ.ടി.യുവിലെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട നിയമപരമായ വ്യവസ്ഥയാണ് പരിശോധിച്ചത്.
അതേസമയം, ഡോ. ഗോപിനാഥ് രവീന്ദ്രന്‍റേത് സ്ഥിരം നിയമനമായിരുന്നു. കണ്ണൂർ സർവകലാശാല ആക്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇതിലെ വിധിയുണ്ടായത്. സുപ്രീം കോടതി ഉത്തരവിന്‍റെയോ മറ്റേതെങ്കിലും കോടതി ഉത്തരവിന്‍റെയോ അടിസ്ഥാനത്തിൽ തങ്ങൾ പുറപ്പെടുവിച്ച മുൻ ഉത്തരവിനെ വ്യാഖ്യാനിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. മറ്റൊരു അനുബന്ധ അപേക്ഷ പരിഗണിച്ച് വ്യക്തത വരുത്തേണ്ട ആവശ്യമില്ലെന്നും അത് ഉചിതമല്ലെന്നും വിലയിരുത്തിയ കോടതി തുടർന്ന് ഹരജിയിൽ ഇടപെടാതെ തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.