മലപ്പുറം: ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യയും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനും സംഘടിപ്പിക്കുന്ന മൂന്നാമത് അൽ മഹാറ വൈജ്ഞാനിക മത്സരം 2025 ജനുവരി 3, 4, 5 തീയതികളിൽ മലപ്പുറം ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യയിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഹിഫ്ദുൽ ഖുർആൻ, ഹിഫ്ളുൽ മുതൂൻ, തസ്വ്ഫിയ, അറബി കവിതാ രചന എന്നീ മത്സരങ്ങളാണ് ദേശീയ തലത്തിൽ സംഘടിപ്പിക്കുന്നത്. ആറ് വിഭാഗങ്ങളിലായി പത്ത് മത്സരയിനങ്ങളാണുള്ളത്. ഹിഫ്ദുൽ ഖുർആൻ, ഹിഫ്ദുൽ മുതൂൻ, തസ്വ്ഫിയ മത്സരങ്ങളുടെ പ്രാഥമിക സെലക്ഷൻ കേരളത്തിലെ 5 കേന്ദ്രങ്ങളിൽ ഡിസംബർ 29ന് നടക്കും.
ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യക്ക് പുറമെ വിവിധ ജില്ലകളിൽ നടക്കുന്ന പ്രഥമിക സ്ക്രീനിങ്ങിൽ വിവിധ ക്യാമ്പസുകളിൽ നിന്നും അറബിക് കോളേജുകളിൽ നിന്നും വിദ്യാർഥികൾ പങ്കെടുക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജനുവരി 3 ന് ജാമിഅയിൽ രണ്ടാം ഘട്ട സ്ക്രീനിങ് നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവർ 4, 5 തീയതികളിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കും.
അഞ്ച് ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ ജാമിഅ അൽ ഹിന്ദ് വാർഷിക സമ്മേളനത്തിൽ വിതരണം ചെയ്യും. വിവരങ്ങൾക്ക്: 9567 28 80 80.
ജാമിഅ അൽഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി പുതുപ്പറമ്പ്, വിസ്‌ഡം യൂത്ത് വൈസ് പ്രസിഡന്‍റ് ഡോ. പി.പി. നസീഫ്, അൽമാഹാറ കൺവീനർ ശുറൈഹ് സലഫി, റിസപ്ഷൻ കൺവീനർ സിദ്ധീഖ് കോയ തങ്ങൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.