‘കൂട്ടിലടച്ച തത്ത’; നവീൻ ബാബുവിന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണം തള്ളി എം.വി. ഗോവിന്ദൻ

കൊച്ചി: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സി.ബി.ഐ അന്വേഷണം വേണമെന്ന കുടുംബത്തിന്‍റെ ആവശ്യം തള്ളി.

സി.ബി.ഐ അന്വേഷണത്തെ കുറിച്ച് വ്യക്തമായ ധാരണ പാർട്ടിക്ക് ഉണ്ടെന്നും ഈ നിലപാടിൽ മാറ്റമില്ലെന്നും സി.ബി.ഐ കൂട്ടിൽ അടച്ച തത്തയാണെന്നും ഗോവിന്ദൻ പ്രതികരിച്ചു.

പാർട്ടി നവീന്‍റെ കുടുംബത്തിന് ഒപ്പമാണെന്നും ഗോവിന്ദൻ വ്യക്തമാക്കി. അതേസമയം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കേസ് ഡയറി സമർപ്പിക്കണമെന്ന് ഹൈകോടതി നിർദേശം നൽകി. അടുത്ത മാസം ആറിന് കേസ് ഡയറി ഹാജരാക്കണമെന്നാണ് കോടതി നിർദേശം. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഡിസംബർ ഒമ്പതിന് വിശദമായ വാദം നടക്കും. ഹരജിയിൽ സര്‍ക്കാറിനോടും സി.ബി.ഐയോടും ഹൈകോടതി നിലപാട് തേടി.

ഹരജിയിൽ തീരുമാനമാകും വരെ കുറ്റപത്രം പ്രതിക്ക് നല്‍കരുതെന്നും നവീന്‍ ബാബുവിന്‍റെ ഭാര്യ കോടതിയോട് അവശ്യപ്പെട്ടു. പ്രതി രാഷ്ട്രീയ സ്വാധീനമുള്ള വിവിധ പദവികളും ചുമതലകളും വഹിക്കുന്നയാളാണ്. കുറ്റപത്രത്തില്‍ വരുന്നത് കെട്ടിച്ചമച്ച തെളിവുകളാകുമെന്നാണ് ഹരജിക്കാരിയുടെ വാദം. പ്രതി എങ്ങനെ അന്വേഷണത്തെ സ്വാധീനിച്ചുവെന്നാണ് സംശയിക്കുന്നതെന്ന് കോടതി ചോദിച്ചു. എസ്.ഐ.ടി അന്വേഷണം പേരിന് മാത്രമെന്നായിരുന്നു കുടുംബത്തിന്റെ വാദം.

ഒക്ടോബർ 14ന് കലക്ടറേറ്റിൽ എ.ഡി.എമ്മിന് നടന്ന യാത്രയയപ്പ് യോഗത്തിലാണ് മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റും സി.പി.എം മുൻ ജില്ല കമ്മിറ്റിയംഗവുമായ പി.പി. ദിവ്യ ക്ഷണിക്കാതെ എത്തിയതും അധിക്ഷേപ പ്രസംഗം നടത്തിയതും. പിറ്റേന്ന് ഏഴിനാണ് എ.ഡി.എമ്മിനെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ബന്ധുക്കളുടെ സാന്നിധ്യമില്ലാതെ ഇൻക്വസ്റ്റ് നടത്തിയതാണ് തുടക്കത്തിൽ വിവാദമായത്. ആത്മഹത്യക്കുറിപ്പ് ഉണ്ടെന്നും ഒളിപ്പിച്ചെന്നും പറഞ്ഞ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് രണ്ടാമത്തെ വിവാദം. ബന്ധുക്കൾ എത്തും മുമ്പേ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയതും ചർച്ചയായി.

ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, നവീന്റെ സഹോദരന്റെ പരാതി ലഭിച്ച് മൂന്നാംനാളിൽ ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കേസ് ചുമത്തി. ഇതോടെ, ദിവ്യ ഒളിവിൽ പോയി. മരണം നടന്ന് 15ാം നാളിൽ മുൻകൂർ ജാമ്യം നിഷേധിച്ച് കീഴടങ്ങുന്നതുവരെ ദിവ്യയെ പിടികൂടാതെ പൊലീസ് ഒത്തുകളിച്ചു.

Tags:    
News Summary - CBI probe into Naveen Babu's death rejects by MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.