കോതമംഗലം: തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് സിനിമാ ഷൂട്ടിങ്ങിനിടെ കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി. തുണ്ടം റേഞ്ചിലെ പഴയ ഫോറസ്റ്റ് സ്റ്റേഷന് പരിസരത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്. കാൽപാദവും പിണ്ഡവും പിന്തുടർന്നാണ് വനം വകുപ്പിന്‍റെ ആർ.ആർ.ടി സംഘം ആനയെ കണ്ടെത്തിയത്.
ആനയെ ആനിമൽ ആംബുലൻസിൽ കയറ്റിയാണ് വനത്തിന് പുറത്തെത്തിച്ചത്. ആന ആരോഗ്യവാനാണെന്ന് അധികൃതർ അറിയിച്ചു. ആന കാട്ടിൽ കയറിയ വിവരമറിഞ്ഞ് ഉടമയും പാപ്പാനും സ്ഥലത്തെത്തിയിരുന്നു. പുതുപ്പള്ളി സാധുവിനെ കോട്ടയത്തേക്ക് കൊണ്ടുപോകും.
സിനിമാ ഷൂട്ടിങ്ങിനെത്തിച്ച ആനകൾ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് പുതുപ്പള്ളി സാധു എന്ന നാട്ടാന കാടുകയറിയത്. ഇടമലയാർ തുണ്ടം റേഞ്ചിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. തെലുങ്ക് ചിത്രത്തിനായി അഞ്ച് ആനകളെയാണ് ഭൂതത്താൻകെട്ടിന് സമീപം തുണ്ടത്ത് എത്തിച്ചത്.
വെള്ളിയാഴ്ച ഷൂട്ടിങ് അവസാനിപ്പിച്ച് ആനകളെ തിരിച്ച് വാഹനത്തിൽ കയറ്റാൻ കൊണ്ടു പോകുന്നതിനിടെ പുതുപ്പള്ളി സാധു എന്ന ആനയെ കൂട്ടത്തിലുള്ള തടുത്താവിള മണികണ്ഠൻ എന്ന ആന കുത്തുകയായിരുന്നു. ഇവ ഏറ്റുമുട്ടി കാട്ടിലേക്ക് കടക്കുകയായിരുന്നു. വാഹനത്തിൽ കയറ്റുന്നതിന് ആനകളുടെ കാലിലെ ചങ്ങല അഴിച്ചതാണ് കാടുകയറാൻ ഇടയാക്കിയത്. മണികണ്ഠൻ ഏറെ നേരത്തിനു ശേഷം തിരിച്ചെത്തി.
മാട്ടുങ്ങൽ തോടും ചതുപ്പും കടന്ന് പുതുപ്പള്ളി സാധു ഉൾവനത്തിലേക്കാണ് പോയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും സിനിമാ പ്രവർത്തകരും പാപ്പാന്മാരും തിരച്ചിൽ നടത്തിയെങ്കിലും രാത്രി വൈകിയും കണ്ടെത്താനായിട്ടില്ല. മൂന്ന് പിടിയാനകളെയും രണ്ട് കൊമ്പനെയുമാണ് സിനിമാ ചിത്രീകരണത്തിന് എത്തിച്ചിരുന്നത്. ആറു ദിവസമായി വനം വകുപ്പിന്‍റെ അനുമതിയോടെ ആനകളെ എത്തിച്ച് ചിത്രീകരണം നടന്നുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.