ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനിൽ നാളെ യാത്രയയപ്പ്; രാജേന്ദ്ര ആർലെക്കർ ജനുവരി രണ്ടിന് ചുമതലയേൽക്കും

തിരുവനന്തപുരം: സ്ഥലം മാറി പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ശനിയാഴ്ച രാജ്ഭവനിൽ യാത്രയയപ്പ് നൽകും. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ വൈകീട്ട് 4.30നാണ് ചടങ്ങ്.

രാജ്ഭവൻ ജീവനക്കാരാണ് യാത്രയയപ്പ് നടത്തുന്നത്. ഞായറാഴ്ച ഉച്ചക്ക് 12ന് കൊച്ചി വഴി അദ്ദേഹം ഡൽഹിക്ക് മടങ്ങും. പുതിയ ഗവർണർ രാജേന്ദ്ര ആർലെക്കർ ജനുവരി ഒന്നിന് തിരുവനന്തപുരത്തെത്തും. രണ്ടിനാണ് സത്യപ്രതിജ്ഞ. അന്നു തന്നെയാണ് ആരിഫ് മുഹമ്മദ് ഖാനും ബിഹാർ ഗവർണറായി ചുമതലയേൽക്കുന്നത്. കേരളത്തെയും ജനങ്ങളെയും തനിക്ക് മിസ് ചെയ്യുമെന്ന് വെള്ളിയാഴ്ച മാധ്യമങ്ങളെ കണ്ട ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

സർക്കാർ യാത്രയയപ്പ് നൽകുന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഭരണതലത്തിൽ സർക്കാറിനോടും നടുറോഡിൽ മുഖ്യഭരണകക്ഷിയുടെ വിദ്യാർഥി വിഭാഗവുമായും ഏറ്റുമുട്ടിയാണ് അഞ്ച് വർഷത്തിലേറെ നീണ്ട കാലയളവ് പൂർത്തിയാക്കി ആരിഫ് മുഹമ്മദ് ഖാൻ കേരളം വിടുന്നത്. പതിവ് ഗവർണർമാരിൽ നിന്ന് വ്യത്യസ്തമായി പരിപാടികൾക്കെല്ലാം ഓടിനടന്ന് ജനകീയതയുടെ മുഖമണിയാനും സാധ്യമായിടങ്ങളിലെല്ലാം സംഘ്പരിവാർ അനുകൂലികളെ തിരുകിക്കയറ്റാനും ആരിഫ് മറന്നില്ല. സർക്കാറുമായുള്ള ഏറ്റുമുട്ടലിൽ 14 സർവകലാശാലകൾക്ക് സ്ഥിരം വൈസ്-ചാൻസലർമാരില്ലാത്ത സാഹചര്യവും ആരിഫ് സൃഷ്ടിച്ചുവെച്ചു.

ചുമതലയേറ്റതിന് പിന്നാലെ, പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ വെടിപൊട്ടിച്ചാണ് ആരിഫ് കേരളയാത്ര തുടങ്ങിയത്. ഇതിൽ പിന്നീട് സർക്കാറുമായി അനുനയം. എന്നാൽ, തുടർന്നുള്ള ഇടവേളകളിലെല്ലാം സർക്കാറുമായി ഗവർണർ ഏറ്റുമുട്ടി. ധനമന്ത്രിയായ കെ.എൻ. ബാലഗോപാലിനുള്ള ‘പ്ലഷർ’ പിൻവലിക്കുന്ന അപൂർവ നടപടിയും രാജ്ഭവനിൽ നിന്നുണ്ടായി. സർക്കാറുമായുള്ള ഏറ്റുമുട്ടൽ പാരമ്യതയിലെത്തിയതോടെയാണ് കണ്ണൂർ, കാലടി സർവകലാശാല വി.സിമാർക്ക് പദവി നഷ്ടമായത്.

കേരള, കാലിക്കറ്റ് സർവകലാശാല സെനറ്റുകളിൽ സംഘ്പരിവാർ നോമിനികളെ കയറ്റിയത് വൻ വിവാദമായി. സർവകലാശാലകളിൽ ഗവർണർ ഇറങ്ങിക്കളി തുടങ്ങിയതിനെതിരെ എസ്.എഫ്.ഐ രംഗത്തുവന്നു. നിലമേലിൽ നടുറോഡിലിറങ്ങി പ്രതിഷേധിച്ച ഗവർണർ തിരുവനന്തപുരത്തും സമാന രംഗമൊരുക്കി. ഒടുവിൽ സി.ആർ.പി.എഫ് സുരക്ഷ വാങ്ങുന്ന ആദ്യ ഗവർണറുമായി ആരിഫ് മുഹമ്മദ്ഖാൻ.

Tags:    
News Summary - Farewell to Arif Muhammad Khan at Raj Bhavan tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.