മലക്കപ്പാറയിൽ ബസിന് നേരെ ചീറിയടുത്ത് 'കബാലി'; ഡ്രൈവർ ബസ് പിന്നോട്ട് ഓടിച്ചത് എട്ട് കിലോമീറ്റർ -VIDEO

തൃശൂർ: മലക്കപ്പാറയിൽ ഒറ്റയാൻ 'കബാലി'യിൽ നിന്ന് രക്ഷപ്പെടാൻ സ്വകാര്യ ബസ് പിന്നോട്ട് ഓടിയത് എട്ട് കിലോമീറ്റർ. വളവുകൾ നിറഞ്ഞ പാതയിലൂടെയാണ് ബസ് പിന്നോട്ട് ഓടിച്ചത്. അത്രയും നേരം ആനയും ബസിനെ പിന്തുടർന്നു. ഇന്നലെ രാവിലെയോടെയാണ് സംഭവം.

Full View

ചാലക്കുടി-വാൽപാറ റൂട്ടിൽ സർവിസ് നടത്തുന്ന ചീനിക്കാസ് എന്ന ബസാണ് ആനയിൽ നിന്ന് രക്ഷപ്പെടാൻ പിന്നോട്ട് ഓടിയത്. പിന്നിലുള്ള വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടിരുന്നു. ചീനിക്കാസ് ബസിന്‍റെ ഡ്രൈവർ അംബുജാക്ഷനാണ് ഇത്രയും ദൂരം ബസ് പിറകോട്ട് ഓടിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. മനസാന്നിധ്യം കൈവിടാതെ ബസ് പിന്നോട്ട് ഓടിച്ച് ഹീറോയായി മാറിയ അംബുജാക്ഷന് ഏറെ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. 

അമ്പലപ്പാറ മുതൽ ആനക്കയം വരെ ബസ് പിറകോട്ട് ഓടി. ഇത്രയും ദൂരെ ബസിന് പിന്നാലെ ആനയും വന്നു. പിന്നീട് കാട്ടിലേക്ക് മറഞ്ഞതോടെയാണ് യാത്രികർക്ക് ആശ്വാസമായത്. 


നേരത്തെയും കബാലി ഈ പാതയിൽ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസിന് നേരെ പാഞ്ഞടുക്കുന്നതിന്‍റെയും വനംവകുപ്പിന്‍റെ ജീപ്പ് തകർക്കുന്നതിന്‍റെയും ദൃശ്യങ്ങൾ വൈറലായിരുന്നു. ഷോളയാര്‍ പവര്‍ഹൗസിലും ഒറ്റയാന്‍ കബാലിയുടെ പരാക്രമമുണ്ടായിരുന്നു. സൂപർസ്റ്റാർ രജനീകാന്തിന്‍റെ ഹിറ്റ് സിനിമയുടെ പേരാണ് നാട്ടുകാർ ആനക്ക് നൽകിയത്.  


Tags:    
News Summary - elephant tries to attack private bus in malakkappara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.