മാനന്തവാടി: മാനന്തവാടിയിലെയും സമീപ പ്രദേശങ്ങളിലെയും ജനത്തെ 12 മണിക്കൂർ മുൾമുനയിൽ നിർത്തിയ 'തണ്ണീർക്കൊമ്പൻ' എന്ന കാട്ടാനയെ ഒടുവിൽ മയക്കുവെടിവെച്ചു പിടികൂടി. കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റിയ ആനയെ കർണാടക വനംവകുപ്പിന് കൈമാറി ബന്ദിപൂർ വനമേഖലയിലെത്തിച്ചു.
കർണാടകയിൽനിന്ന് റേഡിയോ കോളർ ഘടിപ്പിച്ച നിലയിൽ എത്തിയ കാട്ടാന തവിഞ്ഞാൽ ഗ്രാമപഞ്ചായത്തുമായി അതിരിടുന്ന വനത്തിൽനിന്നാണ് വെള്ളിയാഴ്ച പുലർച്ചയോടെ മാനന്തവാടിയിൽ എത്തിയത്.
ജനുവരി 10ന് കർണാടക ഹാസൻ ഡിവിഷനിലെ ബേലൂർ എസ്റ്റേറ്റിൽനിന്ന് പിടികൂടി ബന്ദിപ്പൂർ വനത്തിൽ വിട്ട ‘തണ്ണീർ’ എന്ന കാട്ടാനയാണ് നാട്ടിൽ ഭീതിവിതച്ചത്. ബന്ദിപ്പൂർ വനത്തിൽനിന്ന് 200ഓളം കി.മീറ്റർ സഞ്ചരിച്ചാണ് മൂന്ന് ആനകൾ മാനന്തവാടിയിലെത്തിയത്. വ്യാഴാഴ്ച രാത്രി 11.30ഓടെ നോർത്ത് വയനാട് വനം ഡിവിഷനിലെ തലപ്പുഴ സ്റ്റേഷൻ പരിധിയിലുള്ള മക്കിമല പായോട് എത്തുകയായിരുന്നു. മൂന്നാനകൾ ജനവാസ കേന്ദ്രത്തിലെത്തിയതറിഞ്ഞ വനപാലകർ ഇവയെ കാടുകയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കൂട്ടം തെറ്റിയ ആന മാനന്തവാടി ഭാഗത്തേക്കു നീങ്ങിയത്. മറ്റു രണ്ട് ആനകൾ കാടു കയറി.
കണിയാരം, പായോട് ഭാഗങ്ങളിൽ സഞ്ചരിച്ച ആന എട്ടോടെയാണ് മാനന്തവാടി നഗരത്തിലെത്തിയത്. ഒമ്പതോടെ കോഴിക്കോട് റോഡിനും താഴെയങ്ങാടി റോഡിനും ഇടയിലുള്ള ചതുപ്പിലും വാഴത്തോട്ടത്തിലും നിലയുറപ്പിച്ച ആന വൈകീട്ടുവരെ ഇവിടെ തമ്പടിച്ചു.
ആനയെത്തിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകർതന്നെയാണ് പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകിയത്. ഇടക്ക് ഒച്ചയുണ്ടാക്കിയതല്ലാതെ ആന അതിക്രമമൊന്നും കാട്ടിയില്ല. സ്കൂളുകളിലേക്ക് കുട്ടികൾ പുറപ്പെട്ട സമയത്താണ് ആനയിറങ്ങിയ കാര്യം പുറത്തറിയുന്നത്. ഉടൻ മാനന്തവാടി ടൗണിലുള്ള സ്കൂളുകളിലേക്ക് വിദ്യാർഥികളെ അയക്കരുതെന്ന് തഹസിൽദാരും എക്സിക്യുട്ടിവ് മജിസ്ട്രേറ്റുമായ എം.ജെ. അഗസ്റ്റിൻ ഉത്തരവിട്ടു. സ്കൂളുകളിലെത്തിയ വിദ്യാർഥികളെ സുരക്ഷിതമായി നിർത്താനും നിർദേശം നൽകി.
ആനയിറങ്ങിയതറിഞ്ഞ് വിവിധയിടങ്ങളിൽനിന്ന് കൂട്ടത്തോടെ ജനം എത്തിയത് വലിയ പ്രയാസമുണ്ടാക്കി. മാനന്തവാടി നഗരസഭയിലെ മാനന്തവാടി ടൗൺ, പെരുവക, താഴെയങ്ങാടി, എരുമത്തെരുവ് വാർഡുകളിലും എടവക ഗ്രാമപഞ്ചായത്തിലെ പാണ്ടിക്കടവ്, ചാമാടിപ്പൊയിൽ, പായോട് വാർഡുകളിലും കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതുകൊണ്ട് ടൗണിലെ കടകളെല്ലാം അടച്ചിട്ടതല്ലാതെ കാര്യമായ പ്രയോജനമൊന്നുമുണ്ടായില്ല. കൂട്ടമായി ജനം സ്ഥലത്തെത്തുകയാണുണ്ടായത്.
വൈകീട്ട് നാലോടെ മയക്കുവെടി വെക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. റാപിഡ് റെസ്‌പോൺസ് ടീമിന്റെ സഹായത്തോടെ 5.30ന് തുടരെത്തുടരെ വനം വെറ്ററിനറി സർജൻ ഡോ. അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിൽ രണ്ടു മയക്കുവെടി വെച്ചു. ഇതിൽ ഒന്ന് ശരീരത്തിൽ കൊണ്ടില്ല. കുറച്ചുനേരം കഴിഞ്ഞ് പിന്നെയും വെടിവെച്ചു. 6.20 ഓടെ മൂന്നാമത്തെ വെടിവെച്ചു.
വെടിയേറ്റ് പരിഭ്രാന്തനായി ആന ഓടിയാൽ നിയന്ത്രിക്കാനായി മുത്തങ്ങയിൽനിന്നെത്തിയ കോന്നി സുരേന്ദ്രൻ, വിക്രം, സൂര്യ എന്നീ കുങ്കിയാനകളെ വിവിധയിടങ്ങളിലായി വിന്യസിച്ചിരുന്നു. ഇവരുടെ നേതൃത്വത്തിൽ ലോറിയിൽ കയറ്റി മുത്തങ്ങയിൽ എത്തിച്ച് കർണാടക വനംവകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.