തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ പ്രിസൈഡിങ് ഒാഫിസറെ ഭരണപക്ഷ എം.എൽ.എ കെ. കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അടിയന്തരപ്രമേയം ഉന്നയിക്കാൻ അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ആദ്യ സബ്മിഷൻ ആയി ഉന്നയിക്കാമെന്ന സ്പീക്കറുടെ ഉറപ്പിൽ തൃപ്തരാകാതെ പ്രതിപക്ഷം സഭവിട്ടു.
എൻ.എ. നെല്ലിക്കുന്നാണ് നോട്ടീസ് നൽകിയത്്. അടിയന്തരസ്വഭാവമില്ലെന്നും വിഷയം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷെൻറ പരിഗണനയിൽ ആയതിനാൽ സഭ ചർച്ച ചെയ്യുന്നത് യുക്തിയല്ലെന്നും വിശദീകരിച്ചാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നോട്ടീസ് തള്ളിയത്. ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ വാദപ്രതിവാദങ്ങൾ നടെന്നങ്കിലും സ്പീക്കർ വഴങ്ങിയില്ല. പ്രതിപക്ഷം നടുത്തളത്തിൽ മുദ്രാവാക്യംവിളി തുടങ്ങിയതോടെ സ്പീക്കർ ശ്രദ്ധക്ഷണിക്കലിന് എസ്. ശർമയെ വിളിച്ചു. ഇതിനിടെയാണ് പ്രതിപക്ഷം വാക്കൗട്ട് പ്രഖ്യാപിച്ചത്.
ആര് തെറ്റ് ചെയ്താലും രാഷ്ട്രീയം നോക്കാതെ കര്‍ശന നടപടി ഉണ്ടാകുമെന്ന് പിന്നീട് വിഷയം സബ്മിഷനായി ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്താൻ കാസർകോട് ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയില്‍ 113 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിൽ ഇടത് പ്രവര്‍ത്തകര്‍ പരാതിക്കാരായി 38 ഉം യു.ഡി.എഫ് പരാതിക്കാരായി 37 ഉം കേസുകൾ രജിസ്റ്റര്‍ ചെയ്തു. വോട്ട് ചെയ്യാന്‍ എത്തുന്നവരെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് തിരിച്ചറിയുന്ന ചുമതല ഒന്നാം പോളിങ് ഓഫിസര്ക്കായിരിക്കെ ആലക്കോട് വാർഡിൽ പ്രിസൈഡിങ് ഓഫിസര്‍ ക്യൂവില്‍ നിന്ന് തിരിച്ചറിയല്‍ രേഖകള്‍ പരിശോധിെച്ചന്നാണ് പരാതി. വോട്ട് ചെയ്യാനെത്തിയ എം.എൽ.എ ഉള്‍പ്പെടെയുള്ളവര്‍ കലക്ടറെ പരാതി അറിയിച്ചു. കലക്ടര്‍ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടുകയും പരിശീലനത്തില്‍ നല്കിയ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സമാധാനപരമായി തെരഞ്ഞെടുപ്പ് നടക്കുകയും ഫലം പ്രഖ്യാപിക്കുകയും ചെയ്തു. ഫലപ്രഖ്യാപനത്തിനുശേഷം പ്രിസൈഡിങ് ഓഫിസര്‍ ഇക്കാര്യം ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തുകയും തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകുകയും ചെയ്തു. കമീഷന് തുടർനടപടി എടുത്തുവരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.എൽ.എ കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായി എൻ.എ. നെല്ലിക്കുന്ന് പറഞ്ഞു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കെ. കുഞ്ഞിരാമൻ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.