കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ ഇരകളോട് ബാങ്കുകളുടെ ക്രൂരത. സർക്കാർ നൽകുന്ന അടിയന്തര ധനസഹായത്തിൽനിന്ന് വായ്പകളുടെ ഗഡുക്കൾ ബാങ്കുകൾ തിരിച്ചുപിടിച്ചു. കഴിഞ്ഞ ദിവസമാണ് സർക്കാർ 10,000 രൂപ വീതം ഇരകൾക്ക് നൽകിത്തുടങ്ങിയത്. ഈ പണം അക്കൗണ്ടിലെത്തിയയുടൻ ബാങ്കുകൾ ഇ.എം.ഐ തിരിച്ചുപിടിച്ചതായാണ് ആരോപണം.
പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ നല്ലൊരു വിഭാഗം ജനങ്ങളും തോട്ടം തൊഴിലാളികളടക്കമുള്ള സാധാരണക്കാരാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വായ്പകൾ എഴുതി തള്ളണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ തങ്ങളുടെ സഹായധനത്തിൽനിന്നുപോലും ബാങ്കുകൾ പണം ഈടാക്കിയതറിഞ്ഞ ജനങ്ങൾ അങ്കലാപ്പിലാണ്. ദുരന്തത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തരധനസഹായമായ 10,000 രൂപ 617 പേര്‍ക്കാണ് ഇതിനകം വിതരണം ചെയ്തത്. ബാങ്ക് രേഖകൾ നഷ്ടപ്പെട്ടവർക്ക് പ്രത്യേക ക്യാമ്പ് നടത്തിയാണ് രേഖകൾ തയാറാക്കി നൽകിയത്. ഇതിനു ശേഷമായിരുന്നു സഹായ വിതരണം.
സംഭവം വിവാദമായതോടെ ജില്ലാ ഭരണകൂടം വിഷയത്തില്‍ ഇടപെട്ടു. ധനസഹായത്തില്‍നിന്ന് പിടിച്ച ഇ.എം.ഐ. തുക ഉടന്‍ തിരികെ നല്‍കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി സി.ഇ.ഒ കൂടിയായ വയനാട് ഡെപ്യൂട്ടി കലക്ടര്‍ ഉത്തരവിറക്കി. തിങ്കളാഴ്ച നടക്കുന്ന ബാങ്കിങ് അവലോകന യോഗത്തില്‍ വിഷയത്തില്‍ അന്തിമതീരുമാനമുണ്ടാകും. ബാങ്കുകളുടെ നടപടി അംഗീകരിക്കാനാകില്ലെന്നും വായ്പകളുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും ബാങ്കുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ നൽകിയ ഉറപ്പിന്റെ ലംഘനമാണ് ഇതെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു.
അതേസമയം, പിടിച്ച പണം തിരിച്ചുകൊടുക്കുമെന്നും സാങ്കേതിക കാരണങ്ങളാലാണ് ഇത് സംഭവിച്ചതെന്നും സംസ്ഥാനതല ബാങ്കിങ് സമിതി (എസ്.എല്‍.ബി.സി) അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.