കണ്ണൂർ: എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയെ ആരും ക്ഷണിച്ചില്ലെന്ന് ജീവനക്കാരുടെ മൊഴി. കേസന്വേഷിക്കുന്ന കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി മുമ്പാകെ റവന്യൂ ജീവനക്കാരാണ് ഈ മൊഴി നൽകിയത്. എ.ഡി.എം മരിച്ചതിന് പിറ്റേന്നും ഇന്നലെയുമായി പത്തോളം ജീവനക്കാർ നൽകിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്.
റവന്യൂ സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച യോഗത്തിൽ ഭാരവാഹികൾ ആരും പി.പി. ദിവ്യയെ ക്ഷണിച്ചിട്ടില്ല. അപ്രതീക്ഷിതമായാണ് ദിവ്യ യാത്രയയപ്പ് നടന്ന കലക്ടറേറ്റ് കോൺഫറൻസ് ഹാളിലേക്ക് കയറിവന്നത്. കലക്ടർക്കും റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടർ ശ്രീലതക്കും മധ്യേയാണ് അവർ ഇരുന്നത്. മൈക്ക് തന്റെ ഭാഗത്തേക്ക് നീക്കി ദിവ്യ സംസാരിക്കാൻ തുടങ്ങിയപ്പോൾ സദസ്സ് ഞെട്ടിപ്പോയതായും ജീവനക്കാർ മൊഴിനൽകി. കലക്ടറെയായിരുന്നു ഉപഹാരം നൽകാൻ സംഘാടകർ നിശ്ചയിച്ചത്.
യോഗാവസാനം ഉപഹാരം കൈമാറിയെങ്കിലും എ.ഡി.എം അത് ഓഫിസിൽതന്നെ വെച്ചതായും ഇവർ മൊഴി നൽകി. ദിവ്യയെ കലക്ടർ ക്ഷണിച്ചതായി അറിയില്ലെന്നും അങ്ങനെയൊരു വിവരം ആരോടും പറഞ്ഞില്ലെന്നും ജീവനക്കാർ അന്വേഷണസംഘത്തെ അറിയിച്ചു.
തലശ്ശേരി സെഷൻസ് കോടതിയിൽ പി.പി. ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കലക്ടർ ക്ഷണിച്ചിട്ടാണ് യോഗത്തിൽ പങ്കെടുത്തതെന്ന സത്യവാങ്മൂലത്തിന് വിരുദ്ധമാണ് ജീവനക്കാരുടെ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.