മലപ്പുറം: പി.വി അൻവർ എം.എൽ.എ എന്ന നിലയിൽ സമ്പൂർണ പരാജയമെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻ ദാസ്. നിലമ്പൂർ നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിന് കാരണം അൻവറാണ്. ആദ്യ അഞ്ചു കൊല്ലം സമ്പൂർണ പരാജയമായിരുന്നു. ഇപ്പോൾ ജീവനക്കാരുടെ സഹായം കൊണ്ട് കുറച്ച് നടക്കുന്നു. കച്ചവടത്തിനായി വിദേശ രാജ്യങ്ങളിലായത് വികസനത്തിന് വലിയ തടസമായിരുന്നുവെന്നും മോഹൻ ദാസ് വ്യക്തമാക്കി.
പി.വി അൻവറിന്‍റെ ആരോപണത്തെ പുച്ഛത്തോടെ തള്ളുന്നു. അൻവർ വലതുപക്ഷത്തിന്‍റെ തടവറയിലാണ്. തീവ്രവർഗീയ നിലപാട് ഉയർത്തി വർഗീയ ധ്രുവീകരണത്തിനാണ് അൻവർ ശ്രമിക്കുന്നത്. മുസ്ലിം വിഭാഗത്തെ സി.പി.എമ്മിന് എതിരാക്കാനാണ് ശ്രമിക്കുന്നത്. മുസ്ലിം പ്രീണനമാണ് അൻവർ നേരത്തെ ആരോപിച്ചിരുന്നതെന്നും ഇ.എൻ മോഹൻ ദാസ് പറഞ്ഞു.
വിരോധം തീർക്കാൻ ആർ.എസ്.എസ് ചാപ്പ കുത്തുന്നത് തരംതാണ പ്രവർത്തിയാണ്. നുണ പറയാൻ മാത്രം വായ തുറക്കുന്ന ആളാണ് അൻവർ. ആരുടേയും നമസ്കാരം തടഞ്ഞിട്ടില്ല. നമസ്കാരത്തെ ബഹുമാനിച്ചിട്ടേയുള്ളൂ. തന്‍റെ രാഷ്ട്രീയ പ്രവർത്തനം കച്ചവടമല്ലെന്നും പൊതുപ്രവർത്തനമാണെന്നും ഇ.എൻ മോഹൻ ദാസ് വ്യക്തമാക്കി.
തീവ്ര വർഗീയത കത്തിക്കുകയാണ് അൻവർ ചെയ്യുന്നത്. അദ്ദേഹം കത്തിക്കുന്നത് തീവ്ര വർഗീയതയുടെ പന്തമാണ്. നാട് കുട്ടിച്ചോറാക്കാനുള്ള ശ്രമത്തിൽ നിന്ന് അദ്ദേഹം പിന്മാറണം. നാളത്തെ അൻവന്‍റെ സമ്മേളനത്തിൽ ആളുണ്ടാകും. പൊതുയോഗമാണെങ്കിൽ സ്വാഭാവികമാണ്. പാർട്ടി പ്രവർത്തകരോട് പോകണമെന്നോ പോകരുതെന്നോ നിർദേശം നൽകാറില്ലെന്നും മോഹൻ ദാസ് പറഞ്ഞു.
സി.പി.എം എം.എൽ.എ ആയിരുന്നെങ്കിൽ രാജി ആവശ്യപ്പെട്ടേനെ. അൻവറിന്‍റെ പാതയിൽ കെ.ടി ജലീൽ പോകുമെന്ന് കരുതുന്നില്ല. ഒക്ടോബർ രണ്ടിന് അദ്ദേഹം നിലപാട് പറയട്ടെയെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
സി.പി.എം ജില്ല സെക്രട്ടറിയെ ആർ.എസ്.എസുകാരനായി ചിത്രീകരിച്ചതിലൂടെ പി.വി. അൻവർ എം.എൽ.എയുടെ വർഗീയ അജണ്ടയാണ് വെളിപ്പെട്ടതെന്ന് പാർട്ടി ജില്ല സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. മതനിരപേക്ഷ നിലപാടിലൂന്നി പ്രവർത്തിക്കുന്ന കറകളഞ്ഞ കമ്യൂണിസ്റ്റ് നേതാവിനെ വർഗീയവാദിയായി ചിത്രീകരിക്കുന്നത് മതമൗലികവാദികളുടെ പിന്തുണ ഉറപ്പാക്കാനുള്ള അവസാന അടവാണ്.
വർഗീയവിഷവും സാമുദായിക ചേരിതിരിവും സൃഷ്ടിച്ച് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കം വിലപ്പോവില്ല. വിദ്യാർഥികാലം മുതൽ കമ്യൂണിസ്റ്റ് ആശയാദർശങ്ങൾ മുറുകെപ്പിടിക്കുന്ന നേതാവായ സെക്രട്ടറിക്ക് അൻവറിന്‍റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. രാഷ്ട്രീയാരോപണങ്ങൾക്ക് മറുപടി പറയുന്നതിനു പകരം വർഗീയ കാർഡിറക്കുന്നത് അംഗീകരിക്കാനാവില്ല.
ലക്ഷക്കണക്കിന് ഇസ്ലാം മതവിശ്വാസികൾ അംഗങ്ങളായ പാർട്ടി നമസ്കാരം മുടക്കാൻ പാർട്ടി ശ്രമിച്ചിട്ടില്ല. സി.പി.എം അംഗത്വം പോലുമില്ലാത്ത അൻവറിന്‍റെ നമസ്കാരത്തിന് എതിരാണ് ജില്ല സെക്രട്ടറി എന്ന ആരോപണം അങ്ങേയറ്റം വർഗീയവിഷം കലർന്ന മനസ്സിന്റേതാണെന്നും സി.പി.എം ആരോപിച്ചു.
അതേസമയം, സി.പി.എം മലപ്പുറം ജില്ല സെക്രട്ടറിക്കെതിരെ കടുത്ത ആരോപണങ്ങളാണ് പി.വി. അൻവർ എം.എൽ.എ ഉന്നയിച്ചത്. ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസിന് ആർ.എസ്.എസിന്റെ മനസ്സാണെന്ന് അദ്ദേഹം പറഞ്ഞു. മോഹൻദാസിന് മുസ്ലിം വിരോധമുണ്ട്. ന്യൂനപക്ഷങ്ങളെ കള്ളക്കേസിൽ കുടുക്കാൻ കൂട്ടുനിന്നിട്ടുണ്ട്. ഈ വിഷയത്തിൽ അടുത്തിടെ ജില്ല സെക്രട്ടേറിയറ്റ് അംഗവുമായി സെക്രട്ടറി വാക്കേറ്റമുണ്ടായെന്നും കൈയേറ്റംചെയ്യുന്ന നിലവരെ എത്തിയെന്നും അൻവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എം.എൽ.എ ഫണ്ട് ഉപയോഗിച്ച് എയ്ഡഡ് സ്ഥാപനങ്ങൾക്ക് സഹായം ചെയ്തിരുന്നു. ഇത് തടയാൻ ജില്ല സെക്രട്ടറി ശ്രമിച്ചു. ഒരു തവണ തന്നെ താക്കീത് ചെയ്തു. ഈ വിഷയത്തിൽ താൻ സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്. ജില്ലയിൽ പൊലീസിന്റെ നടപടിക്കെതിരെ താൻ നിരന്തരം പരാതി പറഞ്ഞിട്ടും നടപടിയെടുക്കാൻ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം ശ്രമിച്ചില്ലെന്നും അൻവർ ആരോപിച്ചു.
ഫോൺ സംഭാഷണം പുറത്തുവിട്ടതിൽ തനിക്കെതിരെ രൂക്ഷ വിമർശനമാണ് ജില്ല സെക്രട്ടറി ഉന്നയിച്ചത്. ജില്ല സെക്രട്ടറിക്കെതിരെ പറയുന്ന ഫോൺ സംഭാഷണം തന്‍റെ പക്കലുണ്ട്. ഒരു ഘട്ടമെത്തിയാൽ പുറത്തുവിടേണ്ടിവരും. പ്രതിഷേധം പ്രതീക്ഷിച്ചതാണ്. ഭയപ്പെടുത്താനാണ് പാര്‍ട്ടി നോക്കിയത്. തന്നെ കൈകാര്യം ചെയ്യണമെന്ന് പാര്‍ട്ടി സെക്രട്ടറി ആഹ്വാനം ചെയ്തു. തെറ്റാണെന്ന് അറിഞ്ഞാണ് പ്രവര്‍ത്തകര്‍ തനിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത്. വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നവര്‍ക്ക് പോയി പണി നോക്കാം. സോഷ്യല്‍ മീഡിയയിലെ ലൈക്ക് കണ്ട് ജീവിക്കുന്നവനല്ല താനെന്നും അന്‍വര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.