ന്യൂഡല്‍ഹി: കേരള ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ കോടതിയിൽ നേരിട്ട് ഹാജരായില്ലെങ്കിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിക്കുമെന്ന് ഡൽഹി റൗസ് അവന്യു കോടതി മുന്നറിയിപ്പ് നൽകി. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഡൽഹി കേരള ഹൗസില്‍വെച്ച് തടഞ്ഞതിന് വി. ശിവദാസന്‍ ഉൾപ്പെടെയുള്ള അന്നത്തെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ബിശ്വനാഥ് സിന്‍ഹയുടെ പരാതിയിൽ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഓണ്‍ലൈനായി ഹാജരായി മൊഴി നൽകാൻ നിർദേശം നൽകിയിട്ടും ഹാജരാകാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്.
കേസില്‍ മൊഴി നല്കാന് നിരവധി അവസരം ബിശ്വനാഥ് സിന്‍ഹക്ക് നല്‍കിയിരുന്നുവെന്നും അദ്ദേഹത്തിന് ഈഗോയാണെന്നും റൗസ് അവന്യു കോടതി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദിവ്യ മല്‍ഹോത്ര വിമർശിച്ചു. തുടർന്ന് ഒക്ടോബര്‍ മൂന്നാം വാരം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകണമെന്നും ഇല്ലെങ്കിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കി ചീഫ് സെക്രട്ടറി മുഖേന ബിശ്വനാഥ് സിന്‍ഹക്ക് നോട്ടീസ് കൈമാറാൻ കോടതി ഉത്തരവിട്ടു.
തിരുവനന്തപുരത്തുള്ള തന്റെ ഓഫസിൽനിന്ന് ഓൺലൈൻ വഴി മൊഴി നല്കാന് മുമ്പ് ബിശ്വനാഥ് സിന്‍ഹ ശ്രമിച്ചുവെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. ബിശ്വനാഥ് സിന്‍ഹ കേരള ഹൗസ് റസിഡൻഷ്യൽ കമീഷണറായിരുന്ന കാലത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.