തിരുവനന്തപുരം: എൻഡോസൾഫാൻ ബാധിതരെ കണ്ടെത്തുന്നതിന് സമയപരിധി നിശ്ചയിച്ചത് വിവാദമായിരിക്കെ, നേരത്തേ ഇരകളെന്ന് കണ്ടെത്തുകയും പിന്നീട് പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തവർ നീതി തേടി സെക്രട്ടേറിയറ്റിനുമുന്നിലേക്ക്. 1031പേരുടെ സമരം ഡിസംബർ എട്ടിനാണ്.
എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി 2017 ഏപ്രിൽ അഞ്ചു മുതൽ ഒമ്പതു വരെ കാസർകോട് ജില്ലയിലെ ബദിയടുക്ക, ബോവിക്കാനം, പെരിയ, രാജപുരം, ചീമേനി എന്നീ സ്ഥലങ്ങളിൽ പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ നടന്നിരുന്നു. ക്യാമ്പിൽ നിന്ന് 1905 ദുരിതബാധിതരെയാണ് കണ്ടെത്തിയത്. പിന്നീട് ഏകപക്ഷീയമായി 287 ആയി ചുരുക്കി. വർഷം പിന്നിടുന്തോറും ഇരകളുടെ എണ്ണം കുറക്കണമെന്ന താൽപര്യമാണ് രു വെട്ടിക്കുറക്കലിന് കാരണമെന്നാണ് സമരസമിതിയുടെ വിലയിരുത്തൽ.
2010ൽ 4182 ഉം 2011ൽ 1318 ഉം 2013ൽ 348ഉം ദുരിതബാധിതരെയാണ് കണ്ടെത്തിയിരുന്നത്. ഈ കണക്ക് പ്രകാരം 2017ലെ ക്യാമ്പിൽ ഇരകൾ 300ൽ താഴെയാക്കലായിരുന്നു അജണ്ടയെന്നാണ് വിമർശനം. ഇത് തിരിച്ചറിഞ്ഞ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിനു മുന്നിലടക്കം നടത്തിയ പ്രക്ഷോഭങ്ങളുടെ ഭാഗമായി 76 പേരെ കൂടി പട്ടികയിൽ ചേർത്തു. അപ്പോഴും ഭൂരിപക്ഷം കുട്ടികളും പട്ടികക്ക് പുറത്തുതന്നെയായിരുന്നു.
2019 ജനുവരി 30 മുതൽ സെക്രട്ടേറിയറ്റിനുമുന്നിൽ വീണ്ടും അമ്മമാർ അനിശ്ചിതകാല പട്ടിണി സമരം നടത്തിയതോടെ സർക്കാർ വീണ്ടും അയഞ്ഞു. 18 വയസ്സിൽ താഴെയുള്ള കുട്ടികളെ വീണ്ടുമൊരു പരിശോധന നടത്താതെ പട്ടികയിൽപെടുത്താനും ബാക്കി വരുന്നവരുടെ മെഡിക്കൽ റെക്കോഡ് പരിശോധിച്ച് അർഹതപ്പെട്ടവരെ ഉൾപ്പെടുത്താനും തീരുമാനമായി. 18 വയസ്സിൽ താഴെയുള്ള 511 കുട്ടികളെ കുട്ടികളുടെ പട്ടികയിൽ ചേർത്തു. എന്നാൽ, 1031 പേരുടെ കാര്യത്തിൽ ഒരു തീരുമാനവുമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.