കാഞ്ഞങ്ങാട്: കാസർകോട്ടെ എൻഡോസൾഫാൻ ബാധിതരായ കുഞ്ഞുങ്ങളുടെ പേറ്റുനോവൊഴിയാത്ത ഒരുപാട് അമ്മമാരുടെ പ്രതിനിധിയാണ് ഞാൻ. പൂർണമായും കിടപ്പിലായ, തിരിച്ചൊന്നും പറയാനാവാതെ സംസാരം മുഴുവൻ ചിരിയിലൊതുക്കുന്ന, എന്തിനും പരസഹായം ആവശ്യമായി വരുന്ന കുഞ്ഞൂവെന്ന് വിളിപ്പേരുള്ള ദേവ്നാഥിെന്റ അമ്മ, എെന്റ മോൻ ന്യൂറോ ഡോക്ടറെയും കാത്ത് ഒമ്പതു വർഷമായി-കരഞ്ഞു കൊണ്ട് എൻഡോസൾഫാൻ ദുരിത ബാധിതനായ ദേവ്നാഥിെന്റ അമ്മ അരുണി ആരോഗ്യ മന്ത്രിയോട് പറഞ്ഞ വികാരനിർഭരമായ വാക്കുകളാണ്. എൻ.എച്ച്.എം ഓഫിസിൽ നടന്ന യോഗത്തിനുശേഷമാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നേതാക്കൾക്കൊപ്പം ന്യൂറോളജിസ്റ്റിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയെ കണ്ടത്.
അരുണി ചെറുപ്പത്തിൽ താമസിച്ചിരുന്ന മുളിയാറും പിന്നീട് താമസിച്ചിരുന്ന കാടകവും ഭർത്താവ് ചന്ദ്രെന്റ വീട് സ്ഥിതി ചെയ്യുന്ന ബോവിക്കാനവും എൻഡോസൾഫാൻ സ്പ്രേ ചെയ്യപ്പെട്ട മേഖലകളാണ്. 2012ലാണ് ദേവ്നാഥ് ജനിക്കുന്നത്. ഗർഭിണിയായിരുന്ന സമയത്ത് അരുണി ഒരിക്കലും വിചാരിച്ചിരുന്നില്ല കുഞ്ഞ് എൻഡോസൾഫാൻ ബാധിതനായിരിക്കുമെന്ന്. ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകൾ, കരച്ചിൽ, പാലുകുടിക്കാനുള്ള ബുദ്ധിമുട്ട്, അണുബാധ തുടങ്ങിയ നിരവധി പ്രശ്നങ്ങളെ തുടർന്ന് ജനിച്ച് രണ്ടാംദിവസം കുഞ്ഞിനെ മംഗലാപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സ്കാനിങ്, നിരവധി ടെസ്റ്റുകൾ അങ്ങനെ രണ്ടുമാസത്തോളം മംഗലാപുരം മെഡിക്കൽ കോളജിൽ. തിരികെയെത്തിയെങ്കിലും നിരവധിയായ ആരോഗ്യപ്രശ്നങ്ങൾ കുഞ്ഞിന് അനുഭവപ്പെടാൻ തുടങ്ങി. അതോടെ വീണ്ടും ആശുപത്രികളിലേക്ക്.
കുഞ്ഞിന് ഏകദേശം ഒന്നരവയസ്സുള്ളപ്പോൾ, ഒരു ഹെൽത്ത് ക്യാമ്പിൽ പങ്കെടുത്തപ്പോഴാണ് മകൻ എൻഡോസൾഫാൻ ബാധിതനാണെന്ന് അരുണിക്കും ഭർത്താവ് ചന്ദ്രനും മനസ്സിലാകുന്നത്. തുടർന്ന് കസ്തൂർബ മെഡിക്കൽ കോളജിലും മറ്റുമായി ചികിത്സകൾ. മൂന്നരവയസ്സുവരെ ഉറങ്ങുമ്പോൾ മാത്രമെ കുഞ്ഞിനെ താഴെവെക്കാൻ പറ്റുമായിരുന്നുള്ളൂ. എപ്പോഴും കരച്ചിലായിരുന്നുവെന്ന് ഒരു ജന്മത്തിെന്റ ദുഃഖം പേറി അരുണി പറയുന്നു.
നിവേദനം സ്വീകരിച്ച ആരോഗ്യ മന്ത്രി വീണ ജോർജ്്, ജില്ലയിൽ ന്യൂറോളജിസ്റ്റിനെ ഉടൻ നിയമിക്കുമെന്ന് മറുപടിയായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.