മാലിന്യത്തിൽനിന്ന് പണം വാരാൻ സംരംഭകരെത്തുന്നു; സംരംഭ സംഗമം 11ന് കണ്ണൂരിൽ

കണ്ണൂർ: ഉപയോഗശൂന്യമായ മാലിന്യത്തിൽനിന്ന് വരുമാനം കൊയ്യാൻ സംരംഭകരെത്തുന്നു. തദ്ദേശസ്ഥാപനങ്ങളുടെയും ജില്ല ഭരണകൂടത്തിന്‍റെയും ഹരിത കേരള മിഷന്‍റെയും നേതൃത്വത്തിൽ സംരംഭക കാമ്പയിന്‍റെ ഭാഗമായാണ് മാലിന്യത്തിൽനിന്ന് വരുമാന ദായകമായ ഉൽപന്നങ്ങളും കരകൗശല വസ്തുക്കളും ഉൽപാദിപ്പിക്കാൻ ഒരുങ്ങുന്നത്.

ഉപയോഗശേഷം കൂട്ടിയിടുകയോ വലിച്ചെറിയുകയോ ചെയ്യുന്നവയും പാഴ് വസ്തുക്കളും ഉൾപ്പെടെയുള്ളവയിൽ നിന്ന് വരുമാനം കണ്ടെത്തുന്ന തരത്തിൽ ഉൽപന്നങ്ങൾ നിർമിക്കാൻ താൽപര്യമുള്ള 120ലേറെ സംരംഭകർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചെയ്യാനുദ്ദേശിക്കുന്ന പ്രോജക്ടിന്‍റെ ആശയങ്ങൾ നേരത്തെ സമർപ്പിച്ചിരുന്നു.

സംരംഭം തുടങ്ങാൻ ധനകാര്യ സ്ഥാപനങ്ങൾ മുഖേന വായ്പയെടുക്കൽ അടക്കമുള്ള സാമ്പത്തിക സഹായവും സാങ്കേതിക പരിശീലനവും ലഭ്യമാക്കും. സംരംഭത്തിന്‍റെ സ്വഭാവമനുസരിച്ച് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കാനായി സംരംഭകരെ പ്രത്യേകം ഗ്രൂപ്പുകളാക്കി മാറ്റും. പോളിടെക്നിക്, എൻ.ടി.ടി.എഫ് സ്ഥാപനങ്ങൾ സൗജന്യമായി സാങ്കേതിക സഹായം നൽകും.

സംരംഭക കാമ്പയിന്‍റെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി കാമ്പയിനിൽ രജിസ്റ്റർ ചെയ്തവരുടെ ജില്ലതല സംഗമം ഏപ്രിൽ 11ന് വൈകീട്ട് മൂന്നിന് കണ്ണൂർ കലക്ടറേറ്റിൽ നടക്കും. ഒന്നാം ഘട്ടം പൂർത്തീകരിച്ചവർക്കുള്ള മാർഗ ദർശക പരിപാടിയാണ് സംഗമം. ജില്ല കലക്ടർ, ധനകാര്യ സ്ഥാപന മേധാവികൾ, സാങ്കേതിക വിദഗ്ധർ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകും. ജില്ലയിലെ എൻജിനീയറിങ് കോളജുകൾ, ഐ.ടി.ഐകൾ, പോളിടെക്നിക്കുകൾ, തലശേരി എൻ.ടി.ടി.എഫ് തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് സംഗമം സംഘടിപ്പിക്കുന്നത്. പ്ലാസ്റ്റിക് മുക്ത കണ്ണൂർ എന്ന പരിപാടിയുടെ ഭാഗമായാണ് കാമ്പയിൻ ഏറ്റെടുത്തതെന്നും മാലിന്യത്തിൽ നിന്ന് സമ്പത്ത് എന്ന ലക്ഷ്യത്തോടെ സംരംഭക സംഗമം സംഘടിപ്പിക്കുന്നത് സംസ്ഥാനത്ത് ആദ്യമായാണെന്നും ഹരിതകേരള മിഷൻ ജില്ല കോഓഡിനേറ്റർ സോമശേഖരൻ പറഞ്ഞു. സംഗമത്തിൽ സംരംഭങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ തയാറാക്കും.

തുടർന്നാണ് ആവശ്യമായവർക്ക് പരിശീലനം നൽകുക. പരിശീലനം ലഭിച്ചവർ നിർമിക്കുന്ന ഉൽപന്നങ്ങളുടെ പ്രദർശനം മേയിൽ മട്ടന്നൂരിൽ നടത്തും.

Tags:    
News Summary - Entrepreneurs come to make money from waste; Entrepreneurship meeting on 11th in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.