കൊച്ചി: മറൈന്‍ ഡ്രൈവ് പ്രദേശം വൃത്തിയായും സുരക്ഷിതമായും പരിപാലിക്കാൻ നഗരസഭ, ജി.സി.ഡി.എ, പൊലീസ്, കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് എന്നീ ഏജന്‍സികള്‍ കൂട്ടായ പരിശ്രമം നടത്തുമെന്ന് മേയർ അഡ്വ. എം. അനിൽകുമാർ അറിയിച്ചു.മേയറുടെയും ജി.സി.ഡി.എ ചെയര്മാന് കെ. ചന്ദ്രന്‍പിള്ളയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇതുസംബന്ധിച്ച നടപടികള്‍ ചര്‍ച്ച ചെയ്തു. മറൈന്‍ഡ്രൈവ് നടപ്പാതയിലെ എല്ലാ അനധികൃത കച്ചവടങ്ങളും ഒഴിപ്പിക്കും.
മറൈന്‍ഡ്രൈവ് ഷോപ്പിങ് കോംപ്ലക്സിലെ വിവിധ സ്ഥാപനങ്ങളിലെ ജൈവ മാലിന്യം സംസ്കരിക്കാൻ അനുയോജ്യമായ സ്ഥലത്ത് കമ്പോസ്റ്റിങ് യൂനിറ്റ് സ്ഥാപിക്കും. വിമുക്തഭടന്മാരെക്കൂടി ഉള്‍പ്പെടുത്തി നിലവിലെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തും. രാത്രി 10 മുതല്‍ രാവിലെ അഞ്ചുവരെ മറൈന്‍ ഡ്രൈവ് വാക്വേയിലേക്ക് പ്രവേശനം പൂർണമായും നിരോധിക്കും. നിരോധിത ഉല്പന്നങ്ങളുടെ ഉപയോഗം കര്‍ശനമായി തടയുന്നതിന്റെ ഭാഗമായി ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കും. നിരോധിത ഉല്പന്നങ്ങള് ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ബോട്ടുകളില്‍നിന്നുള്ള മാലിന്യസംസ്കരണം സംബന്ധിച്ച് ബോട്ടുടമകളുടെ യോഗം വിളിച്ച് ആവശ്യമായ നടപടിയെടുക്കും.
അനധികൃത ബോട്ട് സര്‍വിസുകള്‍ അവസാനിപ്പിക്കും. വാക്വേയിലെ മാലിന്യം തരംതിരിച്ച് ആഴ്ചയിലൊരിക്കല്‍ നഗരസഭ ശേഖരിക്കും. നിരീക്ഷണ കാമറകളും ആവശ്യമായ വെളിച്ച സംവിധാനങ്ങളും ഉറപ്പാക്കും. കാമറകളുടെ പ്രവര്‍ത്തനവും കാമറദൃശ്യങ്ങളും നിരന്തരമായി നിരീക്ഷിക്കുമെന്നും മേയര്‍ അറിയിച്ചു.
കൊച്ചി നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് ടി.കെ. അഷ്റഫ്, കൗണ്‍സിലര്‍മാരായ മനു ജേക്കബ്, മിനി ദിലീപ്, സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് സി.ഇ.ഒ ഷാജി വി. നായര്‍, ഡി.സി.പി എസ്. ശശിധരന്, കൊച്ചി കോര്പറേഷന് അഡീഷനല്‍ സെക്രട്ടറി വി.പി. ഷിബു, ജി.സി.ഡി.എ സെക്രട്ടറി ടി.എന്‍. രാജേഷ്, ശുചിത്വ മിഷന് കോഓഡിനേറ്റര്‍ അമീര്‍ഷാ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.