കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ കണ്ണൂർ ലോക്സഭ മണ്ഡലത്തിന്റെ ചുമതലയാണ് ഇ.പി. ജയരാജന് ആദ്യം നൽകിയത്. അൽപം കഴിഞ്ഞ് മറ്റൊരു കേന്ദ്ര കമ്മിറ്റിയംഗമായ പി.കെ. ശ്രീമതിക്ക് കണ്ണൂരിന്റെ ചുമതല നൽകി. ഇ.പിയെ കാസർകോട് മണ്ഡലത്തിന്റെ ചുമതലയിലേക്ക് മാറ്റി. മണ്ഡലത്തിൽ മിക്ക പരിപാടികളിലും സ്ഥിരം സാന്നിധ്യം. എല്ലാ പരിപാടികളിലും കോൺഗ്രസിനെതിരെയാണ് ആഞ്ഞടിച്ചിരുന്നത്. കോൺഗ്രസിനെ വിശ്വസിക്കാൻ പാടില്ല. ജയിച്ചാലും ഇല്ലെങ്കിലും നാളെ ബി.ജെ.പിയിൽ പോവും. കെ. സുധാകരനെ പേരെടുത്തുതന്നെ ബി.ജെ.പി ബന്ധം ആരോപിച്ചു. മുസ്ലിം ലീഗിനാണ് ഇ.പി. ജയരാജൻ കാര്യമായ ഉപദേശം നൽകിയിരുന്നത്. എന്തുകണ്ടിട്ടാണ് കോൺഗ്രസിനൊപ്പം നിൽക്കുന്നതെന്നും ഏതു നിമിഷവും കോൺഗ്രസുകാർ ബി.ജെ.പിയിൽ ചേക്കേറുമെന്നും അദ്ദേഹം പറയും.
കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ ബി.ജെ.പിയിൽ ചേർന്നപ്പോഴും ഇത് ആവർത്തിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ ലീഗ് മൂന്നാം സീറ്റ് അവകാശം ഉന്നയിച്ചപ്പോഴും ഇ.പി അവർക്കൊപ്പം നിന്നു. ലീഗിന് മൂന്നല്ല അതിനപ്പുറം സീറ്റിന് അർഹതയുണ്ടെന്ന് നിയമസഭയിലെ അംഗസംഖ്യ നിരത്തി ഇ.പി പറഞ്ഞു. കോൺഗ്രസിന്റെ ആട്ടും തുപ്പും കേട്ട് എന്തിനാണ് യു.ഡി.എഫിൽ നിൽക്കുന്നതെന്നും ഒരു വേള ചോദിച്ചു. കോൺഗ്രസിന്റെ ബി.ജെ പി ബന്ധവും പൗരത്വ നിയമം ഉൾപ്പടെയുള്ള വിഷയങ്ങളിലെ കോൺഗ്രസ് നിലപാടും ലീഗിനെ ഇ.പി നിരന്തരം ഓർമപ്പെടുത്തി.
വീട്ടിൽ ആഴ്ചയിൽ ഒരു തവണയെങ്കിലും ഇലക്ഷൻ വേളയിൽ ഇ.പി മാധ്യമങ്ങളെ കണ്ടു. പാനൂർ സ്ഫോടന വേളയിൽ സി.പി.എമ്മിനെ പ്രതിരോധിക്കാൻ സജീവമായി നിലകൊണ്ടു. കണ്ണൂർ ലോക്സഭ സ്ഥാനാർഥിയുടെ പ്രകടനപത്രിക പ്രകാശനം ചെയ്തതും ഇ.പി. പതിവുപോലെ കോൺഗ്രസ് -ബി.ജെ.പി ബന്ധം ആരോപിച്ചു. കോൺഗ്രസ് നേതാക്കളെ ചാക്കിട്ടു പിടിക്കുന്നതും രഹസ്യ ചർച്ച നടത്തുന്നതും ആവർത്തിച്ചു. മകന്റെ വീട്ടിൽവെച്ച് ബി.ജെ.പി ദേശീയ നേതാവും കേരള പ്രഭാരിയുമായ പ്രകാശ് ജാവ്ദേകറുമായി കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു ഈ പ്രസംഗവും ഉപദേശവും എല്ലാം എന്നതാണ് കൗതുകകരം. തമാശക്കുപോലും ആ രഹസ്യ കൂടിക്കാഴ്ച ഒരിടത്തും പറയാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചുവെന്നത് വേറെ കാര്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.