ഇ.പി: ഏതു നടപടിയും കേരളത്തിൽ

ന്യൂഡല്‍ഹി: സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയ, ഇ.പി. ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിൽ പരാതി ലഭിച്ചാൽ സംസ്ഥാന ഘടകത്തിന് തന്നെ തുടർ നടപടി സ്വീകരിക്കാമെന്ന് കേന്ദ്രനേതൃത്വം. വിഷയം കരുതലോടെ കൈകാര്യം ചെയ്യാനും വിഭാഗീയതയിലേക്ക് നീങ്ങുന്നത് തടയാനും കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിന് നിർദേശം നൽകി.

പോളിറ്റ് ബ്യൂറോ യോഗത്തിൽ ആരോപണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചർച്ച നടന്നില്ല. എന്നാൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

ഇ.പി വിഷയത്തിൽ പ്രതികരിക്കാൻ ഡൽഹിയിലുണ്ടായിരുന്ന പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മൂന്നാം ദിവസവും തയാറായില്ല. കേരളത്തിലെ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ശേഷി കേരളഘടകത്തിനുണ്ടെന്നും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം അവര്‍ എടുക്കുമെന്നും പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ട യെച്ചൂരി പറഞ്ഞു.

കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എന്നാണ് കേരളത്തില്‍ വിവാദങ്ങള്‍ ഇല്ലാതിരുന്നത് എന്നായിരുന്നു യെച്ചൂരിയുടെ മറുപടി. ഒരു തരത്തിലുള്ള വിവാദങ്ങളും ആരോപണങ്ങളും പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാകരുത് എന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്. എന്ത് വിഷയമുണ്ടെങ്കിലും കേരളത്തില്‍ തന്നെ പറഞ്ഞുതീര്‍ക്കട്ടെ. ഇ.പിക്കെതിരെ ആരോപണങ്ങള്‍ ഒന്നും തന്നെ പി.ബിയിൽ ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

ത്രിപുര തെരഞ്ഞെടുപ്പാണ് പ്രധാനമായും പി.ബിയിൽ ചര്‍ച്ച ചെയ്തത്. കേരളത്തിൽ നിന്ന് ഗവർണറുടെ അധികാര വിനിയോഗവും ചർച്ചയായതായി യെച്ചൂരി വിശദീകരിച്ചു.പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ച തെറ്റുതിരുത്തല്‍ നടപടിയില്‍ വിട്ടുവീഴ്ചയില്ലെന്നും ജനുവരി 28 മുതല്‍ 30വരെ കൊല്‍ക്കത്തയില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി തെറ്റുതിരുത്തല്‍ നടപടി ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. 

അന്വേഷണാനുമതി തേടി വിജിലൻസ്

തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്‍റെ കുടുംബം ഉൾപ്പെട്ട വൈദേകം റിസോർട്ടിനെതിരായ പരാതിയിൽ അന്വേഷണത്തിന് വിജിലൻസ് സർക്കാറിന്‍റെ അനുമതി തേടി.യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജോസഫ് നൽകിയ പരാതിയിലാണ് നടപടി.

കുടുംബത്തിന് പങ്കാളിത്തമുള്ള റിസോർട്ടിനായി മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ ഇ.പി. ജയരാജൻ വഴിവിട്ട ഇടപെടലുകൾ നടത്തിയെന്ന് ആരോപിക്കുന്ന പരാതിയിൽ, അദ്ദേഹത്തിനെതിരെ ഉയർന്ന അഴിമതിയും ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു. 

Tags:    
News Summary - EP: Any action can do in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.