കണ്ണൂർ: ഏക സിവിൽ കോഡ് വേണമെന്ന് ഇ.എം.എസ് പറഞ്ഞിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.എം.എസിന്റെ ലേഖനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം അബദ്ധ ധാരണകളാണ്. അന്ന് കേന്ദ്ര സർക്കാറിന്റെ നിലപാടിനെയാണ് സ്വാഗതം ചെയ്തത്. ഓരോ മതവിഭാഗത്തിനകത്തും അതത് മതത്തിലെ വിശ്വാസികളാണ് തെറ്റായ പ്രവണതകളെ തിരുത്തേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്.
പാർട്ടി നിലപാടാണ് അദ്ദേഹത്തിന്റേതും. 1985ൽ നിയമസഭയിൽ സി.പി.എം പ്രതിപക്ഷമായിരുന്നു. അന്ന് നിയമസഭാ പ്രസംഗത്തിൽ സിവിൽ കോഡിനായി സി.പി.എം വാദിച്ചുവെന്നത് തെറ്റാണെന്നും പാർട്ടി എന്നും ഇതിനെതിരാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
പല സംസ്ഥാനങ്ങളിലും കോൺഗ്രസ് ഏക സിവിൽ കോഡിന് അനുകൂലമാണ്. മൃദു ഹിന്ദുത്വ നിലപാടുള്ള കോൺഗ്രസ് വർഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ല. നിലപാട് തിരുത്താൻ അവർ തയാറായാൽ കോൺഗ്രസിനെയും സി.പി.എം സെമിനാറിലേക്ക് ക്ഷണിക്കും.
ഏകീകൃത സിവിൽ കോഡിനെതിരെ ശക്തമായ നിലപാടുള്ളതുകൊണ്ടാണ് ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചത്. ലീഗിനെ ക്ഷണിച്ചത് യു.ഡി.എഫിനെ ദുർബലപ്പെടുത്താനല്ല. പൗരത്വ ഭേദഗതി പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 800ലധികം കേസുകളുണ്ട്. പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട മുഴുവൻ കേസുകളും സർക്കാർ പിൻവലിച്ചുവെന്നും ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.