യുവമോർച്ചക്കാരു​ടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് പി. ജയരാജൻ പറഞ്ഞത് പ്രാസഭംഗിയിൽ -ഇ.പി. ജയരാജൻ

കണ്ണൂർ: സ്പീക്കർ എ.എൻ. ഷംസീറിനെതിരെ കൊലവിളിയുമായി രംഗത്തെത്തിയ യുവമോർച്ചക്കെതിരെ സി.പി.എം നേതാവ് പി. ജയരാജൻ നടത്തിയ പ്രസംഗം ഭീഷണി സ്വരത്തിലുള്ളത​ല്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ഷംസീറിന് നേരെ കൈ ഉയർത്തിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് പ്രസംഗത്തിന്റെ പ്രാസഭംഗിയിൽ അദ്ദേഹം പറഞ്ഞതായിരിക്ക​ുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

Full View

‘പ്രസംഗത്തിൽ ആരൊക്കെ എന്തൊക്കെ തമാശകൾ പറയുന്നുണ്ട്. യുവ മോർച്ച എന്നതിലെ മോർച്ച എന്ന പദം മോർച്ചറിയുമായി സാമ്യമുള്ളതിനാ ഇനി അവർ ഉപേക്ഷിക്കുമോ? യുവമോർച്ചക്കാർ ഇങ്ങനെ ആളെക്കൊല്ലാൻ വന്നാൽ ഇനി അവർ മോർച്ചറിയിലാക​ും എന്ന് പ്രാസഭംഗിയിൽ പറഞ്ഞതാണ് അദ്ദേഹം’ -പി. ജയരാജന്റെ പ്രസംഗത്തെ കുറിച്ച് ഇ.പി ജയരാജൻ വ്യക്തമാക്കി.

ഹിന്ദുദൈവങ്ങളെ അവഹേളിച്ചു എന്നാരോപിച്ച് സ്പീക്കർ എ.എൻ. ഷംസീറിന്റെ തലശ്ശേരിയിലെ ക്യാമ്പ് ഓഫിസിലേക്ക് യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ചിൽ സ്പീക്കർക്കെതിരെ ഗുരുതര ഭീഷണിയും അധിക്ഷേപവും ഉയർത്തിയിരുന്നു. യുവമോർച്ച ജനറൽ സെക്രട്ടറി കെ. ഗണേഷാണ് തലശ്ശേരിയിൽ നടന്ന മാർച്ചിൽ ഭീഷണിയുമായി രംഗത്തെത്തിയത്. ‘ജോസഫ് മാഷിന്റെ കൈ പോയതു പോലെ ഷംസീറിന്റെ കൈ പോകുകയില്ല എന്നുള്ള വിശ്വാസമായിരിക്കാം. പക്ഷെ ഹിന്ദു സമൂഹം എക്കാലവും അങ്ങനെത്തന്നെ നിന്നുകൊള്ളണമെന്ന് ഇല്ല. മുൻപ് സ്പീക്കർമാരായിരുന്ന പൊന്നാനിയിൽ നിന്നുള്ള പി.ശ്രീരാമകൃഷ്ണനും എം.ബി.രാജേഷിനും ഇല്ലാത്ത എന്തു പ്രത്യേകതയാണ് പിന്നാലെ വന്ന ഷംസീറിനുള്ളത്? സുന്നത്ത് കഴിച്ചു എന്ന പ്രത്യേകതയാണ് ഉള്ളതെങ്കിൽ, ഷംസീറിനോട് ഞങ്ങൾക്ക് പറയാനുള്ളത് ഹിന്ദു മതവിശ്വാസങ്ങളെ നിങ്ങൾ എല്ലാക്കാലത്തും ഇത്തരത്തിൽ ധിക്കരിക്കരുത് എന്നാണ്. അതുകൊണ്ട്, ഹിന്ദു മതവിശ്വാസങ്ങളെയും ആചാരങ്ങളെയും മോശപ്പെടുത്തിയതിന് ഷംസീർ എത്രയും പെട്ടെന്ന് മാപ്പു പറയുക. ജോസഫ് മാഷിന്റെ കൈ പോയതുപോലെ തന്റെ കൈ പോകില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിന്. പക്ഷേ എല്ലാ കാലഘട്ടത്തിലും ഹിന്ദു സമൂഹം അങ്ങനെത്തന്നെ നിന്നുകൊള്ളുമെന്ന് ഷംസീർ ഒരിക്കലും കരുതരുത് എന്നാണ് യുവമോർച്ചയ്ക്കു പറയാനുള്ളത്. ഇക്കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇവിടുത്തെ ഡിവൈഎഫ്ഐക്കാരോടും പൊലീസുകാരോടും ഞങ്ങൾക്ക് പറയാനുള്ളത് അതു തന്നെയാണ്.’ -എന്നായിരുന്നു ഗണേഷിന്റെ പ്രസംഗം.

ഇതിനുപിന്നാലെ മാഹി പള്ളൂരിൽ യുവമോർച്ച നടത്തിയ പ്രകടനത്തിലും ഷംസീറിനും ജയരാജനുമെതിരെ കൊലവിളി മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. കൈയും കൊലും വെട്ടി കാളീപൂജ നടത്തുമെന്നായിരുന്നു മുദ്രാവാക്യം.

തലശ്ശേരിയിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച സേവ് മണിപ്പൂർ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത പി. ജയരാജൻ യുവമോർച്ചയുടെ ഭീഷണിക്കെതിരെ ‘മോർച്ചറി’ പ്രയോഗം നടത്തിയത്. യുവമോർച്ച പ്രവർത്തകരുടെ ദേഹത്ത് മണ്ണുവീണാൽ ഒരുവരവുകൂടി വരേണ്ടിവരുമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യരും ഭീഷണി മുഴക്കിയിരുന്നു. തിരുവോണ നാളിൽ ജയരാ​ജനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിനെ ഓർമിപ്പിച്ച് ഓണപ്പൂക്കളത്തിന്റെ ചിത്ര സഹിതമായിരുന്നു സന്ദീപിന്റെ ഭീഷണി. ഒരുപാട് പേരെ മോർച്ചറിയിലാക്കിയ ജയരാജന് വയസാം കാലത്ത് അതിനുളള ആവതില്ലന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനും പ്രതികരിച്ചിരുന്നു.

ഇതിന് മറുപടിയായി പി. ജയരാജൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം:

ദൈവവിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള രാജ്യമാണ് നമ്മളുടേത്. ആർക്കും അവരവരുടെ മതവിശ്വാസം പുലർത്താനുള്ള ജനാധിപത്യ അവകാശവും ഈ രാജ്യത്തുണ്ട്. പക്ഷേ ഭൂരിപക്ഷം ഈശ്വര വിശ്വാസികൾ ജീവിക്കുന്ന രാജ്യത്തും ഒരു പരീക്ഷയിൽ പ്രപഞ്ചത്തെ കുറിച്ചുള്ള ചോദ്യം വന്നാൽ, മതവിശ്വാസം മുന്നോട്ടുവയ്ക്കുന്ന പ്രപഞ്ച സങ്കല്പം ആരും ഉത്തരമായി എഴുതില്ല. കാരണം, യുക്തിസഹമായ ശാസ്ത്രീയ വിശദീകരണം അവിടെ ആവശ്യമാണ്.

വിശ്വാസതലവും പ്രായോഗികതലവും തമ്മിൽ യുക്തിസഹമായ ഈ അതിർവരമ്പുണ്ട്. ഒരു കാൽ ഭൂമിയിൽ ഉറച്ചുവച്ചും മറുകാൽ പകുതിമാത്രം ഭൂമിയിൽ തൊടുന്ന നിലയിൽ പിണച്ചുവച്ചും നിൽക്കുന്ന ശ്രീകൃഷ്ണന്റെ വിഗ്രഹങ്ങളുടെ നിൽപ്പിനെ കുറിച്ച് മനോഹരമായൊരു ആഖ്യാനമുണ്ട്. 'ഭൗതികതയിൽ ഉറച്ചുനിൽക്കുക-ആത്മീയതയിൽ തൊട്ടുനിൽക്കുക' എന്ന്. നിർഭാഗ്യവശാൽ നേർവിപരീതമാണ് നമ്മുടെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്.

പൗരന്മാരിൽ ശാസ്ത്രചിന്തകൾ വളർത്തുക എന്നത് നമ്മുടെ ഭരണഘടനാ പ്രകാരം മൗലികകർത്തവ്യമാണ്. ആ നാട്ടിലാണ് ആ ഭരണഘടന കാക്കേണ്ടുന്ന പ്രധാനമന്ത്രി 'ഗണപതിയുടെ തല മാറ്റിവച്ചത് ലോകത്തിലേ ആദ്യത്തെ പ്ലാസ്റ്റിക് സർജറിയാണെ'ന്ന് ഗൗരവകരമായ ഒരു പൊതുപരിപാടിയിൽ പ്രസംഗിച്ചത്. അതിനെ ആ കാലത്ത് തന്നെ രാജ്യത്തിന് അകത്തും പുറത്തുമുള്ള ശാസ്ത്ര സമൂഹവും ഉൽപതിഷ്ണുക്കളും വിമർശിച്ചിട്ടുണ്ട്, അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും രാജ്യ പ്രധാനമന്ത്രിയുടെ ഈ പരിഹാസ്യമായ പ്രസ്താവന വാർത്തയാക്കി.

ഇത് മാത്രമല്ല, പുഷ്പകവിമാനത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുമൊക്കെയുള്ള പലതരം മണ്ടത്തരങ്ങൾ പ്രധാനമന്ത്രി പൊതുപരിപാടിയിൽ വിളിച്ചുപറഞ്ഞിട്ടുണ്ട്. ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ സഖാവ് എ.എൻ ഷംസീർ കുട്ടികൾക്കുള്ള ഒരു പൊതുപരിപാടിയിൽ വച്ച് ആ അശാസ്ത്രീയമായ വാചകങ്ങളെയാണ് വിമർശിച്ചത്, ശാസ്ത്രീയമായ വീക്ഷണമാണ് അവതരിപ്പിച്ചത്. അതിൽ വിശ്വാസിയായ ഒരു മനുഷ്യനും വേദന തോന്നാൻ ഇടയില്ല, അതിന്റെ ആവശ്യവുമില്ല. വിശ്വാസവും വിശ്വാസത്തെ മറയാക്കിയുള്ള മുതലെടുപ്പുകളും നന്നായി അറിയുന്നവരാണ് മലയാളികൾ.

സഖാവ് ഷംസീറിനെതിരെ യുവമോർച്ചക്കാർ 'ജോസഫ് മാഷിന്റെ അനുഭവം വരാതിരിക്കില്ല' എന്ന നിലയിലുള്ള ഭീഷണിയാണ് നടത്തിയത്. പ്രതികാരം തീർത്ത പോപ്പുലർ ഫ്രണ്ട് ഭീകരവാദികളോടാണ് യുവമോർച്ചക്കാർ സ്വയം ഉപമിക്കുന്നത്. അതേതായാലും ആ യുവമോർച്ചക്കാർക്ക് മനസിലാകുന്ന മറുപടിയാണ് ഞാൻ പറഞ്ഞതും.

Tags:    
News Summary - EP jayarajan about p jayarajan's speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.