ആത്മകഥാ വിവാദം: ‘ഡി.സി ബുക്സ് ചെയ്തത് ക്രിമിനൽ കുറ്റം’; ഡി.ജി.പിക്ക് പരാതി നൽകി ഇ.പി

കണ്ണൂര്‍: ആത്മകഥാ വിവാദത്തിൽ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ആത്മകഥ ഇനിയും എഴുതി പൂര്‍ത്തിയാക്കിയിട്ടില്ല. അച്ചടിക്കാനോ പ്രസിദ്ധീകരിക്കാനോ ആരെയും ഏല്‍പ്പിച്ചിട്ടില്ല. മാധ്യമങ്ങളിൽ വന്നത് തെറ്റായ കാര്യങ്ങളാണ്. തെരഞ്ഞെടുപ്പു ദിവസം പുസ്തകം പുറത്തുവന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ആത്മകഥയുടെ പേരോ കവര്‍ പേജോ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പരാതി നൽകിയ ശേഷം ഇ.പി പ്രതികരിച്ചു. 

വിശ്വസ്തനായ മാധ്യമപ്രവർത്തകനെ ആത്മകഥ എഴുതാൻ ഏൽപ്പിച്ചിരുന്നു. പുസ്തക പ്രകാശനത്തിന്‍റെ കാര്യം ചാനൽ വാർത്തയിലൂടെയാണ് അറിയുന്നത്. പുസ്തകത്തിന് ഇങ്ങനെയൊരു പേര് നിർദേശിച്ചത് ആരാണ്? ഡി.സി ബുക്സിന്‍റെ നിലപാട് ശരിയല്ല. ഞാൻ എഴുതിയെന്ന് പറയുന്ന പുസ്തകം ഞാൻ ഇതുവരെ കണ്ടിട്ടില്ല. പുസ്തകം എഴുതാനോ പ്രസിദ്ധീകരിക്കാനോ ഡി.സി ബുക്സിനെ ഏർപ്പാടാക്കിയിട്ടില്ല. ഗുരുതരമായ തെറ്റാണ് അവരുടേത്. എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം എങ്ങനെയാണ് പ്രസിദ്ധീകരിക്കുന്നത്? ഡി.സി ബുക്സ് ക്രിമിനൽ കുറ്റമാണ് ചെയ്തതെന്നും ഇ.പി ആരോപിച്ചു.

പ്രസിദ്ധീകരണത്തിനായി ഡി.സി ബുക്സും മാതൃഭൂമിയും ഉള്‍പ്പെടെ സമീപിച്ചിരുന്നുവെന്ന് ഇ.പി വ്യക്തമാക്കി. എഴുതിക്കഴിയട്ടെ എന്നാണ് മാതൃഭൂമിക്ക് മറുപടി നല്‍കിയത്. കാണിച്ചത് തെമ്മാടിത്തരമാണെന്നും ധിക്കാരമാണെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു. ‘മാധ്യമങ്ങള്‍ക്ക് ഇതിലൊരു പങ്കുണ്ട്. ഡി.സി ബുക്‌സിന് ഞാന്‍ കൊടുത്തിട്ടില്ല. പ്രസിദ്ധീകരണത്തിന് ഡി.സി ബുക്‌സ് ചോദിച്ചിട്ടുണ്ട്, മാതൃഭൂമി ചോദിച്ചിട്ടുണ്ട്. മാതൃഭൂമിയുടെ ശശിയും ഞാനും തമ്മില്‍ നല്ല ബന്ധമാണ്. ആദ്യം പുസ്തകം എഴുതി കഴിയട്ടെ എന്നാണ് അവര്‍ക്ക് മറുപടി നല്‍കിയത്. എന്ത് തെമ്മാടിത്തരമാണ് കാണിച്ചത് -എന്നിങ്ങനെയായിരുന്നു ഇ.പിയുടെ പ്രതികരണം.

‘കട്ടന്‍ ചായയും പരിപ്പുവടയും’ എന്ന പേരില്‍ പേരില്‍ കഴിഞ്ഞ ദിവസമാണ് ഡിസി ബുക്സ് ഇ.പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരില്‍ കവര്‍ചിത്രം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. എന്നാല്‍ വിവാദങ്ങള്‍ കനത്തതോടെ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും പ്രകാശനം മാറ്റിവെച്ചെന്നും ഡി.ഡി ബുക്‌സ് പറഞ്ഞു. അനുമതിയില്ലാതെ പുറത്തുവിട്ടെന്ന ഇ.പിയുടെ ആരോപണത്തിൽ ഡി.സി ഇതുവരെ പ്രതികരിച്ചിട്ടില്ല.

രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദമാണ് ഇ.പി പുസ്തകത്തില്‍ ഉയര്‍ത്തിയിട്ടുള്ളത്. പി. സരിനെതിരെയും ജയരാജന്‍ ആത്മകഥയില്‍ പറയുന്നതായി പുറത്ത് വന്ന പി.ഡി.എഫില്‍ കാണാം. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് വരുന്നവര്‍ വയ്യാവേലിയാണെന്നും പി.വി അന്‍വര്‍ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും പുസ്തകത്തിൽ പരാമർശമുണ്ടെന്ന സൂചനയാണ് പുറത്തുവന്നത്.


Tags:    
News Summary - EP Jayarajan filed complaint on Autobiography Conroversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.