‘ഇ.പി ജയരാജന്‍ സംഘ്പരിവാറിന്റെ ബി ടീം ക്യാപ്റ്റൻ, അദ്ദേഹം എല്‍.ഡി.എഫ് കണ്‍വീനറോ അതോ എന്‍.ഡി.എ കണ്‍വീനറോ?; പരിഹാസവുമായി വി.ഡി സതീശൻ

പറവൂർ (കൊച്ചി): ബി.ജെ.പിയുടെ തിരുവനന്തപുരം, ആറ്റിങ്ങല്‍, തൃശൂര്‍, കോഴിക്കോട് സ്ഥാനാർഥികള്‍ മികച്ചവരാണെന്നാണ് അഭിപ്രായപ്പെട്ട എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇ.പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനറാണോ എന്‍.ഡി.എ കണ്‍വീനറാണോയെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറവൂരില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ സംഘ്പരിവാര്‍ ശക്തികളുടെ ബി ടീം ക്യാപ്റ്റനാണ് ജയരാജന്‍. അതേ ടീമിന്റെ നോണ്‍ പ്ലേയിങ് ക്യാപ്റ്റനും കോച്ചുമാണ് പിണറായി വിജയന്‍.

ബി.ജെ.പിയുടെ തിരുവനന്തപുരം, ആറ്റിങ്ങല്‍, തൃശൂര്‍, കോഴിക്കോട് സ്ഥാനാര്‍ത്ഥികള്‍ മികച്ചവരാണെന്നാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറയുന്നത്. തിരുവനന്തപുരത്തെ സ്ഥാനാർഥിയോട് ജയരാജന് പ്രത്യേക മമതയുണ്ട്. കേരളത്തിലെ സി.പി.എമ്മിന് ബി.ജെ.പിയുമായി അന്തര്‍ധാര മാത്രമല്ല, ബി.ജെ.പി നേതാക്കളുമായി സി.പി.എം നേതാക്കള്‍ ബിസിനസ് പാര്‍ട്ണര്‍ഷിപ്പും തുടങ്ങിയിരിക്കുകയാണ്. ഇ.പി ജയരാജനും കുടുംബത്തിനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് പാര്‍ട്ണര്‍ഷിപ്പുണ്ട്. അന്തര്‍ധാരക്കും ധാരണക്കും പിന്നാലെയാണ് ഇപ്പോള്‍ സി.പി.എം- ബി.ജെ.പി നേതാക്കള്‍ തമ്മിലുള്ള ബിസിനസ് ബന്ധം.

കേരളത്തിലെ സി.പി.എമ്മുമായി ധാരണ ഉണ്ടായിരുന്നെന്നും അത് നിഷേധിക്കാനാകില്ലെന്നും ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ എഡിറ്റര്‍ ബാലശങ്കര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആ ബന്ധം ഇപ്പോഴും തുടരുകയാണ്. സ്വന്തം പാര്‍ട്ണറെ ജയരാജന്‍ തള്ളിപ്പറയില്ല. ബി.ജെ.പിക്ക് ഇല്ലാത്ത സ്‌പേസ് സി.പി.എം ഉണ്ടാക്കിക്കൊടുക്കുകയാണ്. എന്ത് ധാരണയുണ്ടെങ്കിലും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പിയെ കോണ്‍ഗ്രസും യു.ഡി.എഫും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വിധികർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ എസ്.എഫ്.ഐക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം

കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് വിധികർത്താവ് ഷാജി ജീവനൊടുക്കിയ സംഭവത്തിൽ എസ്.എഫ്.ഐക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. എസ്.എഫ്.ഐയുടെ കൊടുംക്രൂരത വീണ്ടുമൊരു മരണത്തിന് കൂടി ഇടയാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ വിധി കാര്‍ത്താവായി വിളിച്ചുവരുത്തിയ ആളെ എസ്.എഫ്.ഐക്കാർ പറഞ്ഞത് കേള്‍ക്കാത്തതിന് മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മർദിച്ചു. മർദനത്തിലും അപമാനത്തിലും മനംനൊന്ത അദ്ദേഹം വീട്ടില്‍ പോയി ആത്മഹത്യ ചെയ്തു. 51 വയസുള്ള, ഇവന്റെയൊക്കെ അച്ഛനാകാന്‍ പ്രായമുള്ള നൃത്താധ്യാപകനെയാണ് മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മർദിച്ചത്. സിദ്ധാര്‍ത്ഥിന്റെ മരണത്തിലും കണ്ണ് തുറക്കാത്ത എസ്.എഫ്.ഐ ക്രിമിനലുകള്‍ കേരളത്തെ വെല്ലുവിളിക്കുകയാണ്’ -അദ്ദേഹം പറഞ്ഞു.

സിദ്ധാര്‍ത്ഥിന്റെ മരണത്തിന് ശേഷമാണ് കൊയിലാണ്ടിയില്‍ അമലിനെ ഇടിമുറിയില്‍ കൊണ്ടു പോയി മര്‍ദിച്ചത്. ഇതിന് പിന്നാലെയാണ് സര്‍വകലാശാല കലോത്സവത്തിന് എത്തിയ കെ.എസ്.യു യൂനിയന്‍ ഭാരവാഹികളെയും പ്രവര്‍ത്തകരെയും മര്‍ദിച്ചത്. ഇതിനും പിന്നാലെയാണ് 51 വയസുകാരനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചത്. ഞാന്‍ നിരപരാധിയാണെന്ന് എഴുതിവച്ചാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കിക്കൊടുത്തിരിക്കുന്ന തണലിലാണ് ഈ ക്രിമിനലുകള്‍ അഴിഞ്ഞാടുന്നത്. രക്ഷിതാക്കള്‍ രംഗത്തിറങ്ങി ഈ ക്രിമിനല്‍ സംഘത്തില്‍ നിന്നും നമ്മുടെ കുട്ടികളെ രക്ഷിക്കേണ്ട സ്ഥിതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. എന്ത് ധൈര്യത്തിലാണ് ഞങ്ങള്‍ മക്കളെ കോളജില്‍ അയയ്ക്കുന്നതെന്ന് മാതാപിതാക്കള്‍ ചോദിക്കുന്ന അവസ്ഥയിലേക്ക് ഈ ക്രിമിനലുകള്‍ കേരളത്തെ എത്തിച്ചിരിക്കുന്നു. ക്രിമിനലുകളെ നിയന്ത്രിക്കാന്‍ പൊതുസമൂഹം ഒന്നാകെ രംഗത്ത് ഇറങ്ങുന്ന സ്ഥിതിയുണ്ടാക്കരുതെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു.

കെ റൈസില്‍ പിണറായി കാട്ടുന്നത് മോദിയേക്കാള്‍ വലിയ അല്‍പത്തരം

എഫ്.സി.ഐ ഗോഡൗണിലെ അരി വില കൂട്ടി ബി.ജെ.പിക്കാരെ കൊണ്ട് വിറ്റഴിച്ച കേന്ദ്ര സര്‍ക്കാരിന്റെയും മോദിയുടെയും നടപടി അല്‍പത്തരമെന്നാണ് എല്ലാവരും ആക്ഷേപിച്ചത്. കേരള മുഖ്യമന്ത്രിയും അല്‍പത്തരമാണെന്നാണ് പറഞ്ഞത്. എന്നാല്‍ അതിനേക്കാള്‍ വലിയ അല്‍പത്തരമാണ് കേരള അരിയുടെ പേരില്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതതെന്ന് സതീശൻ പറഞ്ഞു.

നേരത്തെ പത്ത് കിലോ അരി നേരത്തെ തന്നെ കാര്‍ഡുടമകള്‍ക്ക് നല്‍കിയിരുന്നതാണ്. അന്ന് ജയ, മട്ട, കുറുവ അരി ഇഷ്ടാനുസരണം വാങ്ങാനുള്ള സംവിധാനമുണ്ടായിരുന്നു. ആ പത്ത് കിലോയില്‍ ജയ, മട്ട, കുറുവ അരി വാങ്ങുന്നത് അഞ്ച് കിലോ ആയി പരിമിതപ്പെടുത്തി. ബാക്കി അഞ്ച് കിലോയുടെ കാര്യം ആലോചിക്കാമെന്നാണ് വകുപ്പ് മന്ത്രി തന്നെ പറയുന്നത്. അപ്പോള്‍ കെ- റൈസിന്റെ പേരില്‍ കൂടുതല്‍ അരിയല്ല നല്‍കുന്നത്.

കെ റൈസ് ഉദ്ഘാടനം കഴിഞ്ഞതോടെ ഒരിടത്തും അരിയില്ലാത്ത അവസ്ഥയാണ്. ആകെയുള്ളത് കെ റൈസ് എന്ന് എഴുതിയ സഞ്ചി മാത്രമാണ് പുതുതായി വന്നത്. ഇവര്‍ എന്തിനാണ് ജനങ്ങളെ കബളിപ്പിക്കുന്നത്. ഇപ്പോള്‍ തന്നെ ജനങ്ങള്‍ പ്രതിസന്ധിയിലാണ്. ജീവിക്കാന്‍ നിവൃത്തിയില്ലാത്ത ജനങ്ങളെ കബളിപ്പിക്കരുതെന്നാണ് മുഖ്യമന്ത്രിയോടും ഭക്ഷ്യമന്ത്രിയോടും അഭ്യര്‍ത്ഥിക്കാനുള്ളത്.

‘ദല്ലാള്‍ നന്ദകുമാറിന്റെ ഫോണിലാണ് സി.പി.എം പ്രവര്‍ത്തിക്കുന്നത്’

കേരളത്തില്‍ നിന്നും പ്രാധാന്യമുള്ള ഒരാളും ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ല. കേരളത്തിലെ ബി.ജെ.പി കോണ്‍ഗ്രസിനെ ചൊറിയാന്‍ വരേണ്ട. അതിന് ശക്തമായ തിരിച്ചടി കിട്ടും. ദല്ലാള്‍ നന്ദകുമാറാണ് സി.പി.എം ഇടനിലക്കാരനായി നില്‍ക്കുന്നതെന്നും സതീശൻ ആരോപിച്ചു. തൃക്കാക്കര തെരഞ്ഞെടുപ്പ് കാലത്ത് പലരെയും കാലുമാറ്റാന്‍ സി.പി.എം ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഒന്നും നടന്നില്ല. ദല്ലാള്‍ നന്ദകുമാറിന്റെ ഫോണിലാണ് സി.പി.എം പ്രവര്‍ത്തിക്കുന്നത്.

നന്ദകുമാറുമായി ഒരു ബന്ധവും ഇല്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് ധൈര്യമുണ്ടോ? ജീര്‍ണത സംഭവിച്ച പാര്‍ട്ടിയായി സി.പി.എം മാറിയിരിക്കുകയാണ്. എന്നെ അറസ്റ്റ് ചെയ്താല്‍ മുഖ്യമന്ത്രിയുടെ ഓമന മകളെ ഒരാഴ്ചയ്ക്കകം ജയിലിലാക്കുമെന്ന് വ്യവസായ പ്രമുഖന്‍ വിളിച്ചു പറഞ്ഞിട്ട് ഒരുത്തനും മിണ്ടിയില്ലല്ലോ. നട്ടെല്ലുള്ള ഒരു സി.പി.എമ്മുകാരനും മറുപടി പറയാന്‍ ഉണ്ടായില്ലല്ലോ? അപ്പോള്‍ പേടിയുണ്ട്.

സി.എ.എ കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്. എന്തെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ 2019-ലെ സി.എ.എ സമരത്തിന്റെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാനാണ് പിണറായി ആദ്യം തയാറാകേണ്ടത് -സതീശൻ പറഞ്ഞു.

Tags:    
News Summary - 'EP Jayarajan is the B team captain of Sangh Parivar, is he LDF convener or NDA convener?; VD Satheesan with sarcasm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.