തൃശൂർ: പാർട്ടിക്കാരാകുമ്പോൾ കത്തും ശിപാർശക്കത്തുമൊക്കെ പോകുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും കിസാൻ സഭ അഖിലേന്ത്യ ജോയന്റ് സെക്രട്ടറിയുമായ ഇ.പി. ജയരാജൻ. കിസാൻ സഭ അഖിലേന്ത്യ സമ്മേളനത്തോടനുബന്ധിച്ച പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
''തിരുവനന്തപുരത്ത് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് അദ്ദേഹത്തിന്റെ പാർട്ടിയിൽപ്പെട്ട ഒരാൾ കത്തെഴുതി. എന്താ, കത്തെഴുതാൻ പാടില്ലേ... അതിന് യു.ഡി.എഫിന്റെ ആപ്പീസിൽ പോയി അനുവാദം ചോദിക്കണോ. കത്തെഴുതാൻ എല്ലാവർക്കും അവകാശമുണ്ട്. എനിക്ക് എത്ര കത്ത് വരുന്നുണ്ടെന്നോ. ഏത് പാർട്ടിക്കാർക്കാ കത്ത് വരാത്തത്. എം.എൽ.എമാർക്കും എം.പിമാർക്കും കത്ത് പോകുന്നില്ലേ. ശിപാർശക്കത്ത് പോകുന്നില്ലേ...
നമ്മുടെ നാട് തൊഴിൽരഹിതരുടെ നാടാണ്. ധാരാളം തൊഴിലന്വേഷകരുണ്ട്. അവരെ ആശ്വസിപ്പിക്കാം. അതിന് വഴിവിട്ട് പ്രവർത്തിക്കുക എന്നല്ല അർഥം. തിരുവനന്തപുരം മേയർ അവിടെയുള്ള ഏതെങ്കിലും ഒഴിവിൽ ആരെയെങ്കിലും നിയമിച്ചിട്ടുണ്ടോ? ഇല്ല. ഏതെങ്കിലും നിയമനത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടോ? പിന്നെ എന്താണ് സമരത്തിന്റെ അടിസ്ഥാനം. അതിനാൽ അനാവശ്യമായി ജനങ്ങളുടെ ചിന്തയെ വഴിതെറ്റിപ്പിക്കരുത്.'' -അദ്ദേഹം പറഞ്ഞു.
കോഴിക്കോട് നടക്കുന്ന സമരം ആർക്കും ബുദ്ധിമുട്ടില്ലാതെ ഒരു സംസ്കരണ പ്ലാന്റ് സ്ഥാപിച്ചതിനെതിരാണെന്നും കൃഷി ഉദ്യോഗസ്ഥർക്ക് കൃഷിയെപ്പറ്റി വലിയ വിവരമൊന്നുമില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു. കൃഷി ഉദ്യോഗസ്ഥരെ കൃഷിയെപ്പറ്റി ആദ്യം പറഞ്ഞു മനസ്സിലാക്കിപ്പിക്കണം. കാർഷികരംഗത്തെ അഭിവൃദ്ധിയിൽ സംഭാവന നൽകാൻ കാർഷികരംഗത്തെ വിദഗ്ധർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.