വയനാട്ടിൽ ഇനിയും ശവസംസ്കാരം നടക്കുമെന്നാണോ സർക്കാർ കണക്കുകൂട്ടുന്നത്? -കെ. സുരേന്ദ്രൻ

കോഴിക്കോട്: വയനാട് ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുഖം നഷ്ടപ്പെട്ട മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ചെലവാക്കിയ പണത്തെപ്പറ്റിയുള്ള കണക്കല്ല പുറത്തുവന്നതെന്നും കേന്ദ്ര സർക്കാറിന് നൽകാനുള്ള എസ്റ്റിമേറ്റുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത് എന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. ഒരു മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ ആയെന്നാണ് മറ്റൊരു വിചിത്രമായ കണക്ക്. ഇതൊക്കെ എന്ത് എസ്റ്റിമേറ്റ് ആണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണം. ഇതും പ്രൊജക്ഷൻ ആണെന്നാണോ സർക്കാർ പറയുന്നത്. ഇനിയും അവിടെ ശവസംസ്കാരങ്ങൾ നടക്കുമെന്നാണോ സർക്കാർ കണക്കുകൂട്ടുന്നത്? -കെ. സുരേ​ന്ദ്രൻ ​ കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

‘ബെയിലി പാലത്തിന് എവിടെയാണ് സംസ്ഥാന സർക്കാർ ഒരു കോടി രൂപ ചെലവഴിച്ചത്. നടന്ന കാര്യങ്ങളെ എങ്ങനെയാണ് മുഖ്യമന്ത്രി എസ്റ്റിമേറ്റ് ആണെന്ന് പറയുന്നത്. ഇതിനുമുമ്പും ഇത്തരം ദുരിതാശ്വാസ ഫണ്ടുകളിൽ കയ്യിട്ടുവാരിയവർ ആയതുകൊണ്ടാണ് സർക്കാരിനെ ജനങ്ങൾ സംശയിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയടക്കം വഴിമാറ്റി ചെലവഴിച്ചത് കൊണ്ടാണ് ലോകായുക്തയിൽ സർക്കാരിനെതിരെ കേസ് വന്നത്. അതുകൊണ്ടാണ് നിങ്ങൾ ലോകായുക്തയെ കഴുത്ത് ഞെരിച്ചു കൊന്നത്.

വളണ്ടിയർമാരുടെ ചെലവ് കോടികൾ ആണെന്നാണ് സർക്കാർ പറയുന്നത്. സർക്കാർ ജീവനക്കാർ ഒഴികെ ബാക്കി എല്ലാവരും സന്നദ്ധ സംഘടനകളുടെ പ്രവർത്തകരോ രാഷ്ട്രീയ പാർട്ടി പ്രവർത്തകരോ ആണ്. അവരാരും പ്രതിഫലം വാങ്ങിയല്ല സന്നദ്ധ പ്രവർത്തനം നടത്തിയത്. ഇത്രയും കോടികൾ ചെലവ് വരുന്ന വളണ്ടിയർമാർ സർക്കാർ ശമ്പളം പറ്റുന്ന സർക്കാർ ജീവനക്കാരാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സർക്കാർ ജീവനക്കാർക്ക് ഇതിന് പ്രതിഫലം കൊടുക്കേണ്ട കാര്യമില്ല.

വയനാട് ദുരന്തം ഉണ്ടായപ്പോൾ അഭൂതപൂർവമായ സഹായങ്ങളാണ് രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഒഴുകിയെത്തിയത്. ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാന സർക്കാരുകളും കേരളത്തെ സഹായിക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നു. എന്നാൽ അതിനൊന്നും ഒരു നന്ദി വാക്കുപോലും പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ല എന്നത് ഖേദകരമാണ്. ഇൻഡ്യ മുന്നണി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനങ്ങൾ കേരളത്തിന് വലിയ സഹായങ്ങൾ ചെയ്തതായിട്ട് അറിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ രണ്ടുവർഷംകൊണ്ട് എത്ര കോടി രൂപ കേന്ദ്രസർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തിന് അനുവദിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വയനാട് ദുരന്തത്തിന് മുമ്പ് അതിൽ എത്ര കോടി ചെലവഴിച്ചുവെന്നും അദ്ദേഹം പറയണം. ഇതുപോലെ കേന്ദ്ര സഹായം കിട്ടിയ മറ്റൊരു കാലം ഉണ്ടായിട്ടില്ല. കാശില്ലാഞ്ഞിട്ടല്ല സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ് വയനാട്ടിൽ ദുരന്തം ഉണ്ടായത്. ദുരന്തത്തിനുശേഷം പുനരധിവാസം അമ്പേ പാളിയിരിക്കുകയാണ്. ദുരിതബാധിതർക്ക് വാടക പോലും ഇതുവരെ കൊടുക്കാൻ സാധിച്ചിട്ടില്ല. പുത്തുമല ദുരിതബാധിതർക്കും ഇതുവരെ വാടക നൽകാൻ സാധിച്ചിട്ടില്ല’ -സുരേന്ദ്രൻ ആരോപിച്ചു.

Tags:    
News Summary - K Surendran against Kerala govt Wayanad relief funds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.