കണ്ണൂർ: വ്യവസായ ദല്ലാൾ നന്ദകുമാറിനെ അറിയില്ലെന്ന് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ. ഇങ്ങനെ ഓരോരുത്തരുടെ പേര് പറയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളെ സി.പി.എമ്മിലേക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കാണ് ജയരാജൻ ഈ മറുപടി നൽകിയത്.
പത്മജയെ സി.പി.എമ്മിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിരുന്നെങ്കിൽ അവർ സി.പി.എമ്മിലേക്കല്ലേ വരേണ്ടത്. അവർ പോയത് ബി.ജെ.പിയിലേക്കാണ്. വർഷങ്ങൾക്ക് മുമ്പ് നടന്ന കാര്യമാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്നും ജയരാജൻ വ്യക്തമാക്കി.
അതേസമയം, അറിയില്ലെന്ന ഇ.പി. ജയരാജൻ പരാമർശനത്തിന് മറുപടിയുമായി ദല്ലാൾ നന്ദകുമാർ രംഗത്തെത്തി. തന്നെ അറിയില്ലെന്ന് പറയാൻ ഇ.പി. ജയരാജന് കഴിയില്ലെന്നും നന്ദകുമാർ പ്രതികരിച്ചു. ഇ.പിയുമായി നേരത്തെ പരിചയമുണ്ടെന്നും ഈയടുത്ത് കണ്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പത്മജ വേണുഗോപാലിനെ എൽ.ഡി.എഫിലേക്ക് ക്ഷണിച്ചത് തന്‍റെ ഫോണിലൂടെയാണ്. ഇക്കാര്യം ഇ.പിക്ക് നിഷേധിക്കാനാവില്ല. കെ.പി.സി.സി. ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെയും ജയരാജൻ കണ്ടിരുന്നുവെന്നും നന്ദകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.