വടകരയിൽ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യു.ഡി.എഫ് തീരുമാനം പരിഹാസ്യമെന്ന് ഇ.പി. ജയരാജന്‍

തിരുവനന്തപുരം: വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യു.ഡി.എഫ് നിര്‍വാഹക സമിതി തീരുമാനം പരിഹാസ്യമാണെന്ന് എൽ.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. മണ്ഡലത്തിലുടനീളം യു.ഡി.എഫ് നടത്തിയ കടുത്ത വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ ഉയര്‍ന്ന ജനവികാരത്തില്‍ നിന്നും ഒളിച്ചോടാനാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്നും ഇ.പി പറഞ്ഞു.

കോണ്‍ഗ്രസിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ തങ്ങള്‍ക്ക് പറ്റിയ ഈ രാഷ്ട്രീയ അപചയം തിരുത്തി ജനങ്ങളോട് മാപ്പ് പറയുകയാണ് വേണ്ടത്. കേവലം നാല് വോട്ടിന് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയും എല്ലാം കഴിഞ്ഞ ശേഷം ഒളിച്ചോട്ടം നടത്തുകയും ചെയ്യുന്നത് രാഷ്ട്രീയ സത്യസന്ധതയില്ലാത്ത നിലപാടാണ്. കാലിനടിയിലെ അവശേഷിക്കുന്ന മണ്ണ് കൂടി ഒലിച്ചുപോകാതിരിക്കാനാണ് യു.ഡി.എഫ് ഇത്തരം നാണം കെട്ട പ്രചാരണങ്ങള്‍ക്കിറങ്ങുന്നത്.

മറ്റ് 19 മണ്ഡലങ്ങളിലും പോകാതെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും പ്രവര്‍ത്തകരും മണ്ഡലത്തില്‍ ഓളമുണ്ടാക്കാന്‍ നോക്കി. ഇതെല്ലാം പുറമെ കെട്ടുകാഴ്ചകളായതല്ലാതെ വോട്ടര്‍മാരെ സ്വാധീനിച്ചില്ല. വടകരയിലെ മതനിരപേക്ഷ-ജനാധിപത്യ വിശ്വാസികളൊന്നാകെ എൽ.ഡി.എഫിന് പിന്നില്‍ അണി നിരന്നു.

വടകര മണ്ഡലത്തില്‍ എൽ.ഡി.എഫ് വന്‍ മുന്നേറ്റമുണ്ടാക്കുന്നുവെന്ന് വ്യക്തമായപ്പോഴാണ് യു.ഡി.എഫ് പച്ചയായ വര്‍ഗീയ കാര്‍ഡിറക്കി കളിച്ചത്. ജമാഅത്തെ ഇസ് ലാമി പോലുള്ള സംഘടനകളുടെ പിന്‍ബലത്തോടെ നടത്തിയ ഈ പ്രചാരണം കോണ്‍ഗ്രസിനകത്തുള്ള വലിയ വിഭാഗം മതനിരപേക്ഷ-ജനാധിപത്യവാദികളില്‍ ഉള്‍പ്പെടെ കടുത്ത ആശങ്കയുണ്ടാക്കി. ഒരു വിഭാഗം ലീഗ് അണികളില്‍ പോലും അമര്‍ഷമുണ്ടായി.

വടകര ഉള്‍പ്പെടെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും എൽ.ഡി.എഫ് വന്‍ മുന്നേറ്റമാണുണ്ടാക്കിയത്. എല്ലാ സീറ്റിലും ജയിക്കുമെന്ന കോണ്‍ഗ്രസ് അവകാശവാദം പൊള്ളയാണ്. ശാസ്ത്രീയമായ ഒരു പരിശോധനയുമില്ലാതെ നടത്തുന്ന ഇത്തരം വിലയിരുത്തലുകള്‍ക്ക് ജനങ്ങള്‍ ഒരു വിലയും കല്‍പ്പിക്കില്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

Tags:    
News Summary - EP Jayarajan said that UDF's decision to campaign against communalism in Vadakara is ridiculous.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.