തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിക്കുന്നത് കലാപമാണെന്നും എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണെന്നും ഇപി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സതീശൻ ഇരിക്കുന്ന സ്ഥാനം മനസിലാക്കി സംസാരിക്കണം. എണ്ണിയെണ്ണി കണക്ക് തീർക്കാൻ വരുമ്പോൾ തിരിച്ചടിക്കാൻ മറുഭാഗം ഉണ്ടാവുമെന്ന് സതീശൻ ഓർക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനുള്ള ഇ.പിയുടെ മറുപടി. തല്ലാൻ വരുമ്പോൾ ഞങ്ങൾ പുറം കാണിച്ച് തരില്ലെന്നും ഇ.പി പറഞ്ഞു.
കേന്ദ്രം യുവതലമുറയെ വഴി തെറ്റിക്കുന്നതിന്റെ ഭാഗമാണ് സർവകലാശാലയിലെ കാവിവൽക്കരണം. പാഠ്യപദ്ധതികളിൽ വർഗീയവൽക്കരണം നടത്തുന്നു. ഗവർണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തെ അലങ്കോലപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്. ഭ്രാന്ത് പിടിച്ച നിലപാടാണ് ഗവർണറുടേത്. അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റ് പറയാൻ കഴിയില്ല. മാനസിക നില ദുർബലമായ ആളെ പോലെ സംസാരിക്കുന്നുവെന്നും ഇ.പി വിമർശിച്ചു.
ഹൽവ തപ്പി നടക്കുന്ന ഗവർണർ പരിഹാസ കഥാപാത്രമായി മാറി. ബോധപൂർവം കലാപം ഉണ്ടാക്കാൻ ശ്രമമാണ് നടക്കുന്നത്. ഗവർണർ പദവി ദുരുപയോഗം ചെയ്തു. ക്വട്ടേഷൻ സംഘത്തെ വാടകക്ക് എടുത്ത് മുഖ്യമന്ത്രിക്ക് നേരെ അയക്കുന്നു. മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ബാധ്യതയുള്ളവർ സംരക്ഷിക്കും. അതുപോലെ പ്രതിപക്ഷം ഗുണ്ടായിസത്തെ പിന്തുണക്കുന്നുവെന്നും ഈ ഗുണ്ടായിസം കേരളമാകെ വ്യാപിപ്പിക്കുന്നു. അക്രമം അവസാനിപ്പിക്കാൻ യു.ഡി.എഫിനോട് അപേക്ഷിക്കുന്നുവെന്നും ജയരാജൻ പറഞ്ഞു.
നവകേരള സദസ് അനുകരിക്കാനുള്ള ശ്രമത്തിലാണ് മറ്റ് സംസ്ഥാനങ്ങളുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കേന്ദ്രത്തിന്റെ കണ്ണിലെ കരട് ഇടതുപക്ഷ സർക്കാരാണെന്നും അതുകൊണ്ടാണ് കേരളത്തിന് അർഹതപ്പെട്ടത് നൽകാതെ വികസന മുരടിപ്പ് ഉണ്ടാക്കുന്നതെന്നും ഇ.പി ജയരാജൻ ആരോപിച്ചു. എല്ലാ സാമ്പത്തിക പ്രതിസന്ധികളെയും ജനപിന്തുണയോടെ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.