കൽപറ്റ: സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍റെ ആത്മകഥയിലെ പരാമർശങ്ങൾ വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്ന് കോൺഗ്രസ് നേതാവ് ടി. സിദ്ദീഖ് എം.എൽ.എ. ഇ.പിയുടേത് സി.പി.എമ്മിന്‍റെ വൈകില്യമുള്ള നിലപാടുകൾക്കെതിരായ പൊതുപറച്ചിലാണ്. ഇടതുപക്ഷ പ്രവർത്തകരുടെ ഉള്ളിലിരിപ്പാണിതെന്നും സിദ്ദീഖ് വ്യക്തമാക്കി.
ഇൻഡ്യ മുന്നണിക്ക് വയനാട്ടിൽ ഒരു സ്ഥാനാർഥി മതിയായിരുന്നുവെന്ന ഇ.പിയുടെ നിലപാട് അംഗീകരിക്കുന്നു. വയനാട്ടിലെ ഇടത് പ്രവർത്തകരുടെ മനസ് വരെ പ്രിയങ്കക്കൊപ്പമാണ്. ഇടത് നേതാക്കളുടെ കുടുംബത്തിൽ നിന്നുവരെ വോട്ട് ലഭിക്കുമെന്നും സിദ്ദീഖ് പറഞ്ഞു.
പാർട്ടി ചെയ്യുന്ന ഹിതകരമല്ലാത്ത പ്രവർത്തനത്തിനെതിരെ തെരഞ്ഞെടുപ്പ് ദിവസം സി.പി.എമ്മിനുള്ളിൽ നിന്ന് സമീപനങ്ങൾ ഉണ്ടാകുന്നത് ആദ്യമല്ല. മുമ്പ് വി.എസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ടി.പിയുടെ കൊലപാതകത്തിന് ശേഷം വടകരയിൽ വന്ന് കെ.കെ രമയെ വി.എസ് ആശ്വസിപ്പിച്ചു. അന്ന് സി.പി.എം കൊലപാതകികൾക്കൊപ്പവും വി.എസ് ഇരക്കൊപ്പവുമായിരുന്നുവെന്നും ടി. സിദ്ദീഖ് ചൂണ്ടിക്കാട്ടി.
ഇ.പിയുടെ 'കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റുകാരന്‍റെ ജീവിതം' എന്ന ആത്മകഥയിലെ ഭാഗങ്ങളാണ് പുറത്തായത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ പുസ്തകത്തിലെ വിവരങ്ങൾ പുറത്തുവന്നത് വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.
അതേസമയം, എഴുതാത്ത കാര്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നതെന്നാണ് ഇ.പിയുടെ പ്രതികരണം. ആത്മകഥ പ്രസിദ്ധീകരിക്കാൻ ആർക്കും അനുമതി കൊടുത്തിട്ടില്ലെന്നും കവർ ചിത്രം പോലും തയാറാക്കിയിട്ടില്ലെന്നുമാണ് ഇ.പി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.