തിരുവനന്തപുരം: വലംകൈയെ കൈയൊഴിഞ്ഞ് സര്‍ക്കാറിനെയും പാര്‍ട്ടിയെയും രക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതീക്ഷ നല്‍കി അധികാരത്തില്‍ വന്ന സര്‍ക്കാറിനെയും സി.പി.എമ്മിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയ വിവാദത്തില്‍നിന്ന് രക്ഷിച്ചെടുക്കാന്‍ പിണറായിക്ക് കഴിഞ്ഞു. ഏറ്റവും വിശ്വസ്തനായ ഇ.പി. ജയരാജന്‍െറ രാജിയിലേക്ക് നയിച്ച ശക്തമായ നിലപാട് തുടക്കം മുതല്‍ എടുത്ത മുഖ്യമന്ത്രി കൃത്യമായ സന്ദേശം കൂടിയാണ് നല്‍കിയത്. തന്‍െറ പേര് പറഞ്ഞ് മുതലെടുക്കാന്‍ ശ്രമിക്കുന്ന അവതാരങ്ങളെ സൂക്ഷിക്കണമെന്ന് പിണറായി സത്യപ്രതിജ്ഞക്കുമുമ്പ് പറഞ്ഞിരുന്നു. സര്‍ക്കാറിലെ രണ്ടാമനെ സ്വജനപക്ഷപാതത്തിന്‍െറ പേരില്‍ സംരക്ഷിക്കാതെ രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചതുവഴി പ്രതിപക്ഷത്തിന്‍െറ ശരങ്ങളുടെ മുനകൂടിയാണ് അദ്ദേഹം ഒടിച്ചത്.
ഇതുവരെ മികച്ച സംഘാടകനും പാര്‍ട്ടി തത്ത്വങ്ങളില്‍ അണുവിട വിട്ടുവീഴ്ചയില്ലാത്ത നേതാവുമായാണ് പിണറായി അറിയപ്പെട്ടിരുന്നത്. എന്നാല്‍, സര്‍ക്കാറിന്‍െറ പ്രതിച്ഛായക്കുമേല്‍ പതിച്ച കളങ്കം മാറ്റാന്‍ ആര്‍ജവം കാട്ടി മികച്ച ഭരണതന്ത്രജ്ഞന്‍കൂടിയാണ് താനെന്ന് അദ്ദേഹം തെളിയിച്ചു.
മുന്‍കാലങ്ങളില്‍ സര്‍ക്കാറിനെ നയിച്ച പാര്‍ട്ടിയിലെ ആഭ്യന്തരകലാപത്തില്‍ നടപടി വന്നിട്ടില്ല. ഘടകകക്ഷി മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കുമ്പോഴും പ്രധാന പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ സര്‍ക്കാറിനും എല്‍.ഡി.എഫിനും തലവേദനയായിരുന്നു. അതാണ് ബന്ധുനിയമനത്തിലെ നടപടിയോടെ മാറ്റിമറിച്ചത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളില്‍ ഒഴികഴിവ് പറഞ്ഞ് നടപടിക്ക് മുതിര്‍ന്നില്ളെന്ന ആക്ഷേപമാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍, ആരോപണം ഉയര്‍ന്നപ്പോള്‍തന്നെ പരസ്യമായി തള്ളിപ്പറയുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇതാണ് ഫലത്തില്‍ ജയരാജനെതിരായി സി.പി.എമ്മിലും പുറത്തും കുരുക്കുകള്‍ മുറുകുന്നതിലേക്ക് നയിച്ചത്. ആരോപണവിധേയനായ മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കാതിരുന്നത് നല്‍കിയ സന്ദേശം വരുംദിവസങ്ങളില്‍ നിയമസഭയിലും പുറത്തും ഭരണപക്ഷത്തിന് തുണയാകും. ഇടതുഭരണത്തില്‍ വിജിലന്‍സ് കൂട്ടിലടച്ച തത്തയാവില്ല എന്ന വാക്ക് പാലിക്കാനായി എന്നതും മുഖ്യമന്ത്രിയുടെ നേട്ടമാണ്.
എക്കാലവും സി.പി.എമ്മിലും പുറത്തുമുള്ള ശത്രുക്കള്‍ പിണറായിക്കെതിരെ ഉന്നയിച്ചിരുന്ന, കണ്ണൂര്‍ ലോബിയുടെ സംരക്ഷകനെന്ന ആക്ഷേപവും കഴുകിക്കളയാന്‍ കഴിഞ്ഞു. അഴിമതി നടത്തിയാല്‍ നടപടിയുണ്ടാവുമെന്ന കൃത്യമായ സന്ദേശവും നല്‍കാനായി.
സ്വാശ്രയ മെഡിക്കല്‍ പ്രവേശവും തുടര്‍ന്നുണ്ടായ വിവാദ ബന്ധുനിയമനവുമാണ് നാലരമാസത്തിനിടെ സര്‍ക്കാര്‍ നേരിട്ട വെല്ലുവിളി. രണ്ടും വിജയകരമായി മറികടന്ന പിണറായി ഇതോടെ ഇടതുമുന്നണിയുടെ അനിഷേധ്യ നേതാവായി മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.