വീടിനടുത്താണ് ചന്തേര റെയിൽവേ സ്റ്റേഷൻ. കുട്ടിക്കാലത്ത് തീവണ്ടിയിൽ യാത്ര ചെയ്യുന്ന ആളുകൾ പടന്നയിൽ നിന്ന് ചന്തേരയിലേക്ക് വരുമായിരുന്നു. വീടിനു മുന്നിലുള്ള ചെറിയ നാട്ടുവഴിയിലൂടെയായിരുന്നു അവരുടെ യാത്ര. ആ നടവഴി തീവണ്ടിയുള്ള സമയത്തെങ്കിലും സുഗന്ധത്തിെൻറ വഴിയായിരുന്നു. നോമ്പുകാലത്താണെങ്കിൽ സുഗന്ധം കുറെക്കൂടി ശക്തമായിരിക്കും.
ചന്തേര സ്കൂളിൽ മുസ്ലിം കുട്ടികൾ കുറവായിരുന്നു. ഉള്ള കുറച്ചുപേർ അടുത്ത സുഹൃത്തുക്കളുമായിരുന്നു. നോമ്പുകാലത്ത് അവരിൽ ചിലർ തൊപ്പി ധരിച്ചാണ് വരാറുള്ളത്. നല്ല ഭംഗിയുള്ള കാഴ്ചയാണത്. ചില അധ്യാപകർ ആ കാഴ്ചയുടെ രസം അനുഭവിക്കാൻ തയാറാവാത്തവരായിരുന്നു. തൊപ്പി ഈരിയിട്ട് ക്ലാസിൽ കയറിയാൽ മതി എന്നൊക്കെ കയർത്ത് പറയുന്ന അധ്യാപകർ വാസ്തവത്തിൽ എന്നിൽ നീരസമാണ് ഉണ്ടാക്കിയിരുന്നത്. നോമ്പിെൻറ നല്ല അടയാളമായി ആ തൊപ്പിത്തലകൾ ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.
ഞാനൊരു വെജിറ്റേറിയനാണ്. അതുകൊണ്ട് നോമ്പുകാലത്ത് ഭക്ഷണം കഴിക്കാൻ ചിലരൊക്കെ വിളിക്കാറുണ്ടെങ്കിലും താൽപര്യം കാട്ടിയിരുന്നില്ല. വെള്ളൂർ ഗവ.ഹൈസ്കൂളിൽ പഠിപ്പിക്കുന്ന കാലത്ത് മുഹമ്മദ്കുഞ്ഞി എന്ന അറബി അധ്യാപകൻ സഹപ്രവർത്തകനായിരുന്നു. തളിപ്പറമ്പ് കുപ്പം പാലത്തിനടുത്താണ് മുഹമ്മദ്കുഞ്ഞി മാഷുടെ വീട്. വളരെ ചെറുപ്പമായിരുന്നു സ്കൂളിലെ താൽക്കാലിക അധ്യാപകനായിരുന്ന അദ്ദേഹത്തിന്. പെരുന്നാൾ ദിവസം മനോഹരൻ, പ്രഭാകരൻ, ഭാസ്കരൻ, ജനാർദനൻ, ജോർജ് തുടങ്ങിയവരടങ്ങുന്ന ഞങ്ങളുടെ കൂട്ടുകെട്ടിനെ മൊത്തത്തിൽ മുഹമ്മദ്കുഞ്ഞി മാഷ് വീട്ടിലേക്ക് വിളിച്ചു. സസ്യഭോജിയായ കാരണം പറഞ്ഞ് പതിവുപോലെ മാറിനിൽക്കാൻ നോക്കി. ക്ഷണം നിരസിച്ചപ്പോൾ മുഹമ്മദ്കുഞ്ഞി മാഷിന് സങ്കടം വന്നു. നിർബന്ധിച്ചില്ലെങ്കിലും ഈ അധ്യാപക സംഘത്തിനൊപ്പം ഞാനും കുപ്പത്തെത്തി.
വീട്ടിൽ സ്നേഹപരിഗണനകളുടെ ഉത്സവമാണ് വരവേറ്റത്. എനിക്ക് വേണ്ടി മാത്രമായി ചില വെജിറ്റേറിയൻ ലളിതവിഭവങ്ങൾ മാഷിെൻറ ഉമ്മയും പെങ്ങളും ചേർന്ന് ഒരുക്കിയിരുന്നു. പാത്രത്തിെൻറ മണം വിഷമിപ്പിക്കുമോ എന്ന് കരുതിയിട്ടാവണം ഇലയിലാണ് അതൊക്കെ വിളമ്പിത്തന്നത്. അതിവിശിഷ്ടമായ രുചിയാണ് അന്നത്തെ ആഹാരവസ്തുക്കളിൽ ഞാനനുഭവിച്ചത്. സ്നേഹാദരങ്ങളുടെ രുചി തന്നെയായിരുന്നു വിഭവങ്ങൾക്ക് എന്ന് എളുപ്പത്തിൽ തിരിച്ചറിയാനായി.
സന്തോഷത്തോടെ കാര്യങ്ങൾ സംസാരിക്കാൻ താൽപര്യം കാണിക്കുന്ന കുടുംബം കൂടിയായിരുന്നു അത്. നോമ്പിനെയും പെരുന്നാളിനെയും കുറിച്ചുള്ള പല പ്രാദേശിക കാര്യങ്ങളും നല്ല തെളിച്ചമുള്ള മലയാളത്തിൽ ഉമ്മ ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ അന്നത്തെ പെരുന്നാൾ നല്ല വെളിച്ചമുള്ള ദിവസമായി മനസ്സിൽ ഇടം നേടി. പിന്നീട് എല്ലാ വർഷവും ഇഫ്താർ വിരുന്നുകൾക്ക് ക്ഷണം ലഭിക്കാറുണ്ട്. ക്ഷണം കഴിയുന്നത്ര സ്വീകരിക്കാറുമുണ്ട്. ആതിഥ്യമര്യാദയുടെ ആധുനികമായ ഒരന്തരീക്ഷം കേരളത്തിന് കിട്ടിയത് ഒരുപക്ഷേ ഇവിടത്തെ ഇസ്ലാമിക ജീവിതങ്ങളിൽ നിന്നായിരിക്കാമെന്ന് അപ്പോഴൊക്കെ തോന്നാറുണ്ട്. ഔപചാരികമായ സന്ദർഭമാണ് ഇഫ്താറെങ്കിലും ഔപചാരികതയെ ഭേദിക്കുന്ന ഒരു ദർശനം അവിടെ അദൃശ്യമായി നിലനിൽക്കുന്നുണ്ട് എന്ന തോന്നൽ എപ്പോഴുമുണ്ട്. അത് സൗഹൃദത്തിെൻറയും മാനവികതയുടെയും ദർശനംതന്നെയാണ്.
സമീപകാലത്ത് മിക്കവാറും വർഷങ്ങളിൽ ഗൾഫ്നടുകളിൽ പോകേണ്ടിവരാറുണ്ട്. യു. എ.ഇ യിലും കുവൈത്തിലും സൗദി അറേബ്യയിലുമൊക്കെ പല തവണ പോയിട്ടുണ്ട്. അവിടത്തെ സുഹൃത്തുക്കളുടെ സ്നേഹപരിഗണനകളിൽ നിൽക്കുമ്പോൾ എന്തുകൊണ്ടോ കുപ്പത്തെ മുഹമ്മദ്കുഞ്ഞി മാഷിെൻറ വീടാണ് മനസ്സിലേക്ക് കടന്നുവരുക. റമദാൻകാലം കേരളത്തിലെ ഒരാൾക്ക് കാഴ്ചകളുടെയും പ്രതീതികളുടെയും കാലമാണ്. പ്രഭാതത്തിലെ നമസ്കാരത്തിന് പള്ളിയിലേക്ക് പോകുന്ന വിശ്വാസികളുടെ കൊച്ചു കൊച്ചു സംഘങ്ങൾ സവിശേഷമായ കാഴ്ചാനുഭവമാണ്. ഹൃദ്യമായ നിശ്ശബ്്ദതയുടെ ആവരണമിട്ട് നടന്നുപോകുന്ന ചെറിയ കൂട്ടങ്ങൾ. അത് ഒരു ആത്മീയ ദൃശ്യമായിട്ടാണ് മനസ്സ് സ്ഥാനപ്പെടുത്താറ്.
തയാറാക്കിയത്: രാഘവൻ കടന്നപ്പള്ളി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.