തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനിയും പകർച്ചവ്യാധികളും ബാധിച്ച് ഈ വർഷം ആദ്യ ആറുമാസത്തിനിടെ പൊലിഞ്ഞത് 224 ജീവൻ. മരണനിരക്ക് കുറക്കാനും രോഗവ്യാപനം നിയന്ത്രിക്കാനും പ്രതിരോധ-ചികിത്സാനടപടികൾ ഊജിതമാക്കുമെന്ന് എല്ലാ വർഷവും ആരോഗ്യവകുപ്പ് പ്രഖ്യാപിക്കുമെങ്കിലും ഫലം കണ്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതൽ മരണം എലിപ്പനി ബാധിച്ചാണ്. പരിസര മലിനീകരണവും മാലിന്യനിർമാർജനവും കാര്യക്ഷമമാകാത്തത് എലിപ്പനി പടരാൻ കാരണമാകുന്നുണ്ട്. 90 പേരാണ് എലിപ്പനിയും സമാനലക്ഷണങ്ങളുമായി മരിച്ചത്.
തൊട്ടടുത്ത് ഡെങ്കിപ്പനിയും എച്ച്1 എൻ1 ഉം ആണ് ഭീതി പരത്തുന്നത്. ഡെങ്കിപ്പനി 15 വർഷത്തിലധികമായി സംസ്ഥാനത്തെ വല്ലാതെ പിടിച്ചുലക്കുകയാണ്. കൊതുക് നിർമാർജനം പാളുന്നതാണ് പ്രധാന കാരണം. മഴക്കാലപൂർവ ശുചീകരണവും ഡ്രൈഡേ ആചരണവും വേണ്ടരീതിയിൽ നടക്കാത്തത് ഡെങ്കിപ്പനി വ്യാപിക്കാൻ കാരണമായിട്ടുണ്ട്. 61 പേരാണ് ഡെങ്കിപ്പനിയും സമാനലക്ഷണങ്ങളുമായി മരിച്ചത്.
എച്ച്1 എൻ1 എന്ന പന്നിപ്പനി മൃഗജന്യരോഗങ്ങളുടെ പട്ടികയിലാണ്. ഈ വൈറസ് രോഗം പത്തുവർഷമായി കേരളത്തെ ഭീതിദമാക്കുകയാണ്. കോവിഡിനുശേഷം തെല്ല് ആശ്വാസമുണ്ടായിരുന്നുവെങ്കിലും ഇക്കൊല്ലം വീണ്ടും തലപൊക്കിത്തുടങ്ങി. 35 പേരാണ് എച്ച്1 എൻ1 ബാധിച്ച് മരിച്ചത്.
പകർച്ചപ്പനി, ജപ്പാൻ ജ്വരം, ഹെപ്പറ്റൈറ്റിസ് എ, ബി.സി എന്നിവയും ജീവനെടുക്കുന്നു. ചിക്കൻപോക്സ് അപകടകരമല്ലെന്ന് കണക്ക് കൂട്ടിയിരുന്ന കാലവും മാറി. നാലുപേരാണ് ആറുമാസത്തിനിടെ ചിക്കൻപോക്സ് ബാധിച്ച് മരിച്ചത്. മൺമറഞ്ഞുപോയെന്ന് കരുതിയ ടൈഫോയ്ഡ്, അഞ്ചാംപനി എന്നിവ ബാധിച്ചും നാലു പേർ മരിച്ചു. നിസ്സാരമെന്നു മുൻവർഷങ്ങളിൽ കരുതിയ ചെള്ളുപനിയും മരണം വിതക്കുന്നതിൽ പിന്നിലല്ല. ചെള്ളുപനി ലക്ഷണങ്ങളുമായി അഞ്ചുപേരാണ് മരിച്ചത്. ഇതിനൊക്കെ പുറമെ പേവിഷബാധയും വലിയ വെല്ലുവിളിയാകുന്നു. ആറുമാസത്തിനിടെ പേവിഷബാധയേറ്റ് ഏഴുപേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.