തിരുവനന്തപുരം: പ്രതിശീർഷ വരുമാനക്കാര്യത്തിൽ എറണാകുളം ജില്ല ഒന്നാമത്. സംസ്ഥാനത്തെ 2022-23 വർഷത്തെ കണക്കുപ്രകാരം എറണാകുളത്തുകാർ വർഷം ശരാശരി 2,02,863 ലക്ഷം രൂപ സമ്പാദിക്കുന്നെന്നാണ് കണ്ടെത്തൽ. മുൻ വർഷത്തെക്കാൾ 5.9 ശതമാനം വർധന. 2021-22ൽ 1,91,611 രൂപയായിരുന്നു വാർഷിക വ്യക്തിഗത വരുമാനം. ഇതനുസരിച്ച് എറണാകുളത്തുകാരുടെ ശരാശരി മാസവരുമാനം 16,905 രൂപയാണ്. ആലപ്പുഴയാണ് രണ്ടാമത്. പ്രതിവർഷം 1.95 ലക്ഷം രൂപയാണ് ആലപ്പുഴക്കാർ സമ്പാദിക്കുന്നത്. 5.72 ശതമാനമാണ് വളർച്ച. മൂന്നാമതുള്ള കൊല്ലം ജില്ലക്കാകട്ടെ, മുൻവർഷത്തെക്കാൾ 4.74 ശതമാനം വളർച്ചയാണുള്ളത്. വരുമാനം 1.80 ലക്ഷം.
പ്രതിശീർഷ വരുമാനത്തിലെ സംസ്ഥാന ശരാശരി 1.74 ലക്ഷം രൂപയാണ്. ആദ്യ മൂന്നു ജില്ലകളൊഴിച്ച് ശേഷിക്കുന്ന 11ഉം വ്യക്തിഗത വാർഷിക വരുമാനക്കണക്കിൽ സംസ്ഥാന ശരാശരിയെക്കാൾ താഴെയാണ്. വരുമാനപ്പട്ടികയിൽ ഏറ്റവും താഴെയുള്ളത് വയനാട് ജില്ലയാണ്- 1.04 ലക്ഷം രൂപ. ഇതനുസരിച്ച് 8691 രൂപയേ വയനാട്ടുകാർക്ക് മാസവരുമാനമായുള്ളൂ. തൊട്ടുമുന്നിലുള്ള മലപ്പുറത്ത് 1.09 ലക്ഷം രൂപയാണ്. അതായത്, മാസവരുമാനം 9118 രൂപയും. പ്രകടമായ ഇടിവ് തലസ്ഥാന ജില്ലക്കാണ്. കോവിഡ് കാലമായ 2020-21ലേതിനെക്കാൾ താഴ്ന്ന നിലയിലാണ് തിരുവനന്തപുരത്തിന്റെ പ്രതിശീർഷ വരുമാനനില. കോവിഡ് കാലത്ത് 1.51 ലക്ഷം രൂപയായിരുന്നു വ്യക്തിഗത വരുമാനമെങ്കിൽ 7000 രൂപ കുറഞ്ഞ് 1.45 ലക്ഷം രൂപയാണിപ്പോൾ.
സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപാദനത്തില് നൽകുന്ന സംഭാവനയുടെ കാര്യത്തിലും (ജി.ഡി.വി.എ-ഗ്രോസ് ഡിസ്ട്രിക്ട് വാല്യു ആഡഡ്) തിരുവനന്തപുരം ഏറെ പിന്നോട്ടുപോയി. കോവിഡ് വർഷമായ 2020-21ൽ 51,127.54 കോടിയായിരുന്നു തിരുവനന്തപുരത്തിന്റെ ജി.ഡി.വി.എ എങ്കിൽ ഇപ്പോഴിത് 46,617.06 കോടിയാണ്.
ഹോട്ടൽ-വ്യാപാര മേഖലയിലുണ്ടായ ഇടിവാണ് ഈ മോശം സ്ഥിതിക്ക് കാരണമെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്തിന്റെ ജി.ഡി.വി.എയിലേക്ക് ജില്ലയിലെ ഹോട്ടൽ വ്യാപാര മേഖലയുടെ സംഭാവന 2020-21ലെ 17,036.31 കോടി രൂപയിൽനിന്ന് 2022-23ൽ 8466.20 കോടിയായി കുത്തനെ താഴ്ന്നു. അതേസമയം, ജി.ഡി.വി.എയുടെ കാര്യത്തിൽ എറണാകുളമാണ് മുന്നിൽ- 70,695.80 കോടി. 2021-22 കാലയളവിലെ 66,533.04 കോടിയിൽനിന്നാണ് ഈ വളർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.